ഇറാന്‍ പ്രസിഡന്റ് കുവൈത്തില്‍

Posted on: February 16, 2017 1:27 pm | Last updated: February 16, 2017 at 1:27 pm

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്ക് ഊഷ്മള സ്വീകരണം. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് അല്‍സാബാ വിമാനത്താവളത്തിലെ അമീരി ടെര്‍മിനലില്‍ പരമ്പരാഗതവും ആചാരപരവുമായ വരവേല്‍പ്പാണ് പ്രസിഡന്റിനും സംഘത്തിനും നല്‍കിയത്.

തുടര്‍ന്ന് റൂഹാനിയുമായി നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണത്തിന്റെയും പരസ്പര ധാരണയുടെയും വഴികള്‍ തുറക്കണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സിറിയയിലെയും യമനിലെയും ആഭ്യന്തര പ്രശ്‌നങ്ങളും അറബ് മേഖലയിലെ പൊതുവായ വിഷയങ്ങളും ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടു.

സ്വീകരണത്തിലും ചര്‍ച്ചകളിലും ഡെപ്യൂട്ടി അമീര്‍ ശൈഖ് നവാഫ് അഹ്മദ് അല്‍ സബാ, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ ഹൂത്തികള്‍ക്കെതിരെ പോരാടുന്ന സഖ്യസേനയില്‍ അംഗമായ കുവൈത്ത്, ഇറാന്‍ നേതൃത്വവുമായി നടത്തുന്ന ഉന്നത തല ചര്‍ച്ചകള്‍ അറബ് മേഖല താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. യമനിലെ ഹൂത്തികളുടെയും സിറിയയിലെ ബാഷര്‍ ആസദിന്റെയും പിന്‍ബലം ഇറാനാണെന്ന് വ്യക്തമായിരിക്കെയാണ് ഈ സന്ദര്‍ശനം .