പറക്കാന്‍ കണ്ണൂര്‍ ഒരുങ്ങുന്നു; ഗള്‍ഫിലേക്കുള്ള ദൂരം കുറയും

Posted on: February 16, 2017 8:45 am | Last updated: February 16, 2017 at 1:04 pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിനുള്ള അനുമതി ലഭിച്ചേക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് നല്‍കിയ അപേക്ഷയാണ് പരിഗണിക്കപ്പെട്ടേക്കുക. മന്ത്രാലയത്തിന്റെ അന്തിമ തീരുമാനങ്ങള്‍ മാത്രമേ ഇനി വരേണ്ടതുള്ളൂവെന്നാണ് അറിയുന്നത്. വിദേശത്തും സ്വദേശത്തുമുള്ള വിമാന കമ്പനികളുമായി ഇതിനകം കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ ചര്‍ച്ച നടത്തി അനുകൂല തീരുമാനമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം, യാത്രാവിമാനങ്ങള്‍ പറന്നുയരുന്ന സപ്തംബറില്‍ തന്നെ കണ്ണൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസ് നടത്താന്‍ അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരുള്ള തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെയെണ്ണത്തില്‍ ഏറിയ കൂറും വടക്കന്‍ ജില്ലകളിലുള്ളവരാണ്. യാത്രാസമയത്തിലും ചാര്‍ജിനത്തിലുമുള്ള വ്യത്യാസം കണ്ണൂരില്‍ നിന്നുള്ള യാത്രയുടെ പ്രത്യേകതയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും സലാലയിലേക്കും മസ്‌കത്തിലേക്കുമൊക്കെ യാത്ര ചെയ്യാന്‍ മൂന്നര മണിക്കൂറില്‍ അധികമെടുക്കുമ്പോള്‍ കണ്ണൂരില്‍ നിന്ന് രണ്ടര മണിക്കൂറില്‍ താഴെയേ വേണ്ടിവരൂ എന്നാണ് കണക്കാക്കുന്നത്.
15 വിമാനക്കമ്പനികളുമായാണ് വിമാനത്താവളം അധികൃതര്‍ ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. ഇവരെല്ലാം വലിയ താത്പര്യമാണ് കണ്ണൂരില്‍ നിന്നുള്ള സര്‍വീസുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ചതെന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് എം ഡി. വി തുളസീദാസ് സിറാജിനോട് പറഞ്ഞു.