സാന്ത്വനം ക്യാമ്പിന് നിറകണ്ണുകളോടെ വിട

Posted on: February 15, 2017 2:45 pm | Last updated: February 15, 2017 at 3:36 pm
സാന്ത്വനം ദശദിന ക്യാമ്പ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സന്ദര്‍ശിക്കുന്നു

പെരിന്തല്‍മണ്ണ: നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന് വരുന്ന അരക്ക് താഴെ തളര്‍ന്നവരുടെ സാന്ത്വനം ദശദിന ക്യാമ്പിന് രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെ പരസ്പരം സൗഹൃദം പങ്കിട്ട് കണ്ണീരോടെ വിട. നഗരസഭ സാന്ത്വനം ക്യാമ്പ് അഞ്ച് വര്‍ഷമായി നടത്തി വരുന്ന പരിപാടിയാണിത്. ഇക്കാലമത്രയും തങ്ങള്‍ക്കുണ്ടായ അനുഭവം, എന്താണ് ക്യാമ്പില്‍ പങ്കെടുത്ത് നേടിയത് എന്നതിനെക്കുറിച്ച് പങ്കെടുത്ത മുഴുവന്‍ പേരും പരസ്പരം പങ്ക് വെച്ചത് പങ്കെടുക്കുവാനെത്തിയവരെ ഈറനണിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ 100 ല്‍ പരം പേര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആയി ടൗണ്‍ ഹാളില്‍ ക്യാമ്പ് ചെയ്തു വരുന്നു. എല്ലാവര്‍ക്കും ഒരഭിപ്രായമെ പറയാനുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ക്യാമ്പ് ഒരു മാസത്തെ ക്യാമ്പ് ആക്കി മാറ്റണമെന്ന് അത്രയും സൗഹൃദം പങ്ക് വെക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏതായാലും ഒരു പുത്തനുണര്‍വ്വ് ഇവര്‍ക്കിടയില്‍ സാധിച്ചു. സ്വന്തം കാലില്‍ എങ്ങനെ നില്‍ക്കാം എന്ന ആത്മ വിശ്വാസം നേടിയെടുക്കാനായി. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ നിന്ന് 38 പേരാണ് ഇപ്രാവശ്യം ക്യാമ്പിലെത്തിയത്. രണ്ടാം ഘട്ടത്തില്‍ ഇവരെ ഉപയോഗപ്പെടുത്തി 25 ലക്ഷം മുതല്‍ മുടക്കി ഫാക്ടറി പോലുള്ള വലിയൊരു തൊഴില്‍ സംരംഭം കേരളത്തില്‍ തന്നെ ഉയര്‍ത്തി കൊണ്ട് വരാനാണ് നഗരസഭ ഉദേശിക്കുന്നതെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.

സബ് കലക്ടര്‍ ജാഫര്‍ മലിഖ് മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, തഹസില്‍ദാര്‍ മെഹ്‌റലി, ഡി വൈ എസ് പി മോഹന ചന്ദ്രന്‍, സി ഐ സാജു, കെ എബ്രഹാം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, ആശുപതി സൂപ്രണ്ട് ഡോ. ഷാജി, അബൂബക്കര്‍ തയ്യില്‍, കെ ആര്‍ രവി സന്ദര്‍ശിച്ചു.