കോടതി വിധിയും തമിഴ്‌നാട് രാഷ്ട്രീയവും

Posted on: February 15, 2017 6:52 am | Last updated: February 14, 2017 at 11:55 pm

രണ്ടാഴ്ചയോളമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തില്‍ കയറിപ്പറ്റാന്‍ കരുക്കള്‍ നീക്കുകയായിരുന്ന അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഒടുവില്‍ വിധി ജയില്‍ പടികള്‍ കയറാന്‍. തമിഴ്‌നാട്ടിലെ അധികാര വടംവലിയുടെ പശ്ചാത്തലത്തില്‍ രാജ്യം ആകാംക്ഷയോടെ കാതോര്‍ത്ത അനധികൃത സ്വത്ത് സമ്പാദന കേസ് വിധിയില്‍ ശശികലയും മൂന്ന് സഹപ്രതികളും കുറ്റക്കാരാണെന്നാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം. ജയലളിത, ശശികല, ജയലളിതയുടെ വളര്‍ത്തു മകനായ വി എന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്ക് ബംഗളൂരു വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച ജസ്റ്റിസുമാരായ അമിതാവ് റോയിയും പിനാകി ചന്ദ്രഘോഷും അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ശശികലയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നാല് വര്‍ഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ. നേരത്തെ തമിഴ്‌നാട് കോടതിയിലായിരുന്നു കേസ് നടന്നിരുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്‌നാട്ടില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്നും അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഡി എം കെ നേതാവ് കെ അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ബംഗളൂരുവിലേക്ക് മാറ്റിയത്.

1991ല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലേറുമ്പോള്‍ മൂന്ന് കോടിയുടെ മാത്രം ആസ്തിയുണ്ടായിരുന്ന ജയലളിത 1991 – 96 കാലയളവില്‍ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഇക്കാലയളവില്‍ പ്രതിമാസം ഒരു രൂപ മാത്രമേ താന്‍ ശമ്പളം വാങ്ങുകയുള്ളൂവെന്നായിരുന്നു ജയ അവകാശപ്പെട്ടിരുന്നത്. അതേസമയം അവരുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10500 സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍ 19 കാറുകള്‍, രത്‌നക്കമ്മലുകള്‍ തുടങ്ങി കോടികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലും പുറത്തുമായി അനേകം ഏക്കര്‍ ഭൂമിയും തേയിലത്തോട്ടങ്ങളും ഫാംഹൗസുകളും സമ്പാദിച്ചതായും കണ്ടെത്തി. 1997ല്‍ ഡി എം കെ അധികാരത്തിലിരിക്കെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയലളിതക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസെടുത്തത്. ഈ കേസില്‍ കൂട്ടുപ്രതികളാണ് ഇപ്പോള്‍ ജയിലിലേക്ക് പോകുന്നത്.

വിധി ശശികലയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചിരിക്കെ തമിഴ്‌നാട് മുഖ്യമന്ത്രിപദത്തില്‍ ഇനി ആര് വരുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി പദത്തിലിരുത്തി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തി വരികയായിരുന്നു ശശികല. അവരുടെ നിയന്ത്രണത്തില്‍ നിന്ന് പനീര്‍ ശെല്‍വം മോചിതനാകാനുള്ള ശ്രമം തുടങ്ങിയതോടെയാണ് അദ്ദേഹത്തെ രാജി വെപ്പിച്ചതും എം എല്‍ എമാരെ വരുതിയിലാക്കി നിയമസഭാ കക്ഷി നേതൃസ്ഥാനം ശശികല പിടിച്ചടക്കിയതും. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പോലും തുടങ്ങിയിരുന്നു അവര്‍. തുടക്കത്തില്‍ തമിഴ്‌നാട് നിയമസഭയിലെ 135 എ ഐ എ ഡി എം കെ അഗംങ്ങളില്‍ 131 പേരുടെയും പിന്തുണ നേടിയ ശശികല കൂറുമാറ്റം ഭയന്ന് പിന്തുണക്കുന്ന നിയമസഭാ സാമാജികരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. അതിനിടെ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ചില ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരുന്നത് വരെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കാനുള്ള ഗവര്‍ണറുടെ തീരുമാനമാണ് അവര്‍ക്ക് വിനയായത്. ഗവര്‍ണറുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടെങ്കിലും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിന് സാധൂകരണം ലഭിച്ചിരിക്കയാണ്.

കേസിലെ വിധി പ്രതികൂലമായെങ്കിലും അധികാരം പനീര്‍ശെല്‍വത്തിന് വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ശശികല. അവരുടെ പക്ഷത്തുള്ള എം എല്‍ എമാര്‍ ഇന്നലെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നു പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ജലസേചന മന്ത്രി എടപ്പാടി പളനി സ്വാമിയെ പുതിയ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയുമുണ്ടായി. സര്‍ക്കാറുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ചു പളനിസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എം എല്‍ എമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകളും കൈമാറിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ പിന്തുണച്ച ഏതാനും എം എല്‍ എമാര്‍ മറുകണ്ടം ചാടിയ സാഹചര്യത്തില്‍ ശശികല റിസോര്‍ട്ടില്‍ തന്നെ താമസിച്ചു കാര്യങ്ങള്‍ നിയന്ത്രിക്കുകയും ഇനിയും കൂറുമാറ്റം സംഭവിക്കാതിരിക്കാന്‍ എം എല്‍ എമാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയുമാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എം എല്‍ എമാരില്‍ കൂടുതല്‍ പേര്‍ തന്റെ പക്ഷത്തേക്ക് വരുമെന്നും ഡി എം കെയുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പനീര്‍ശെല്‍വം. സംസ്ഥാനത്തിന്റെ ഭാവി ഗവര്‍ണറുടെ അടുത്ത തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. നിയമ സഭ വിളിച്ചു ചേര്‍ത്തു അംഗങ്ങള്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയാണ് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് അനുയോജ്യമായ മാര്‍ഗമായി ചൂണ്ടിക്കാട്ടുന്നത്. എന്നാലും ഇരുപക്ഷവും വിലക്കെടുത്ത എം എല്‍ എമാര്‍ ജനാധിപത്യത്തിന് കളങ്കമായി തന്നെ അവശേഷിക്കും.