ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പരക്കെ സ്വീകാര്യത

Posted on: February 14, 2017 10:04 pm | Last updated: February 14, 2017 at 10:04 pm
SHARE

ലോക ഭരണ ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ടെലി കോണ്‍ഫറന്‍സിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് മറുപടി പറയുകയും ചെയ്തിരുന്നു.
‘അറബ് രാജ്യങ്ങള്‍ക്ക് മാനവവിഭവശേഷിയുണ്ട്. സമ്പത്തുണ്ട്, നദികളും മലകളും ഫലഭൂയിഷ്ഠ മണ്ണുമുണ്ട്. 30 കോടി മനുഷ്യരുണ്ട്. അമേരിക്കന്‍ ജനതക്ക് സമാനമാണിത്. എന്നിട്ടും അറബ് കായിക താരങ്ങള്‍ക്ക് കഴിഞ്ഞ രാജ്യാന്തര കായിക മത്സരങ്ങളില്‍ എത്ര മെഡല്‍ നേടാന്‍ കഴിഞ്ഞു?
സ്വദേശി യുവാക്കള്‍ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ. യു എ ഇയില്‍ ചൊവ്വാ ഗ്രഹത്തിലേക്ക് ഗമിക്കാനുള്ള തയ്യാറെടുപ്പില്‍ 20 വയസുള്ള സ്വദേശി യുവാക്കളുണ്ട്.

രാജ്യം ചെറുതോ വലുതോ എന്നതിലല്ല കാര്യം. ജനസംഖ്യയില്‍ മുന്നിലുള്ള ചൈന ലോകത്തിലെ രണ്ടാമത്തെ വന്‍കിട സാമ്പത്തിക ശക്തിയായി. എണ്ണയില്ലാത്ത ജപ്പാനും കുതിപ്പ് നടത്തി. തെക്കന്‍ കൊറിയയും പുരോഗതിയില്‍ വ്യത്യസ്തമല്ല. പുരോഗതിയുടെ ഘടകങ്ങള്‍ വിവിധങ്ങളാണ്. അറബ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിയെ കുറിച്ച് പലരും എന്നോട് ചോദിക്കുന്നു. എന്നാല്‍ ഇതൊരു പഴഞ്ചന്‍ പദ്ധതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകം മാറിയതോടെ ആഗോള നഗരങ്ങളുടെ ചേര്‍ച്ചയാണ് നിലവില്‍വന്നത്. എഴുപതുകളിലെ ആസൂത്രണങ്ങള്‍ കൈയൊഴിയണം. പഴയ സ്വപ്‌നങ്ങള്‍ വെടിഞ്ഞു ലോക ജനതക്കുള്ള നൂതന പദ്ധതികള്‍ തുറക്കണം. അതിര്‍ത്തികള്‍ ഭേദിച്ച് ഒറ്റ നഗരമായി ലോകം മാറിയിട്ടുണ്ട്.

ആണവ പദ്ധതി ഉപേക്ഷിച്ചപ്പോള്‍ ലിബിയക്ക് മുകളിലുണ്ടായിരുന്ന ഉപരോധം നീങ്ങി. അക്കാലത്ത് മുഅമ്മര്‍ ഗദ്ദാഫി എന്നെ ടെലഫോണില്‍ വിളിച്ചു. മുഹമ്മദ്, ദുബൈ പോലുള്ള ഒരു നഗരം ലിബിയയില്‍ പണിയാന്‍ ഞാനുദ്ദേശിക്കുന്നു.’

ഒരു രാജ്യത്തിന്റെയും അപേക്ഷ ഞാന്‍ നിരസിക്കാറില്ല. ഇതനുസരിച്ചു കരാറുകാര്‍ അടക്കം ആയിരം അംഗങ്ങളുള്ള വിദഗ്ധ സംഘത്തെ ലിബയയിലേക്ക് അയച്ചു. അതിനുള്ള സ്ഥലം കണ്ടെത്തി, രൂപരേഖ തയ്യാറാക്കി. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, വ്യപാര സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവ അടങ്ങുന്നതായിരുന്നു ബഹുവിധ പദ്ധതി. നിര്‍മാണം ആരംഭിച്ചപ്പോഴേക്കും ഉദ്യോഗവൃന്ദം വ്യക്തിപരമായ താല്‍പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. അഴിമതിയുടെ അടയാളങ്ങള്‍ ദൃശ്യമായി. പദ്ധതി ഉപേക്ഷിച്ചു സംഘം മടങ്ങി. അന്നത് പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ലിബിയ ഇന്ന് ആഫ്രിക്കയിലെ വന്‍ നഗരമായി മാറുമായിരുന്നു. വിമാനത്താവളത്തിലെത്തുന്ന ഒരാള്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ശരിയാക്കാന്‍ നിര്‍ബന്ധിതാനാവുന്നുവെങ്കില്‍ ആ രാജ്യം അഴിമതി നിറഞ്ഞതാണെന്ന് അപ്പോള്‍ നിനക്ക് ഉറപ്പിക്കാം. ഇത്തരം പ്രവണതകള്‍ക്കെതിരെ ഭാരണാധികാരികളുടെ മൗനം കുറ്റകരമാണ്. അതുകൊണ്ടു ഞാനും മുഹമ്മദ് ബിന്‍ സായിദും അഴിമതി വെച്ചുപൊറുപ്പിക്കില്ല, ഉച്ചകോടിയില്‍ അദ്ദേഹം ഉറപ്പു നല്‍കി.

തൊഴില്‍, വ്യായാമം, കുടുംബത്തോടൊപ്പം ചെലവിടല്‍ ഇതെല്ലാം 24 മണിക്കൂറിനുള്ളില്‍ ഒതുക്കാന്‍ ആവാത്തതായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആധി. ഒരുദിവസം 84 മണിക്കൂര്‍ കിട്ടിയിരുന്നെങ്കില്‍ ദുബൈ പോലെ നാല് നഗരവും യു എ ഇ പോലെ രണ്ടു രാജ്യങ്ങളും നിര്‍മിക്കാമായിരുന്നു” ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഹയാ ബിന്‍ത് ഹുസൈന്‍ തുടങ്ങിയവര്‍ ഇന്നലെ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here