പ്രതിപക്ഷത്തിരിക്കുമ്പോഴും പുനഃസംഘടനയില്ലാതെ കെ എസ് യു

Posted on: February 14, 2017 7:48 am | Last updated: February 14, 2017 at 12:50 am
SHARE

മലപ്പുറം: കെ എസ് യു അറുപതാം പിറന്നാളിന്റെ നിറവിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വരാതെ സംഘടന നിഷ്‌ക്രിയമാകുന്നു.
കെ എസ് യു വിന്റെ സംസ്ഥാന പുനഃസംഘടന നടക്കാതെ അനന്തമായി നീളുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടിനാണ് സംസ്ഥാന- ജില്ലാ കമ്മിറ്റികളെ എന്‍ എസ് യു ഐ (നാഷനല്‍ സ്റ്റുഡന്റസ് യൂനിയന്‍ ഓഫ് ഇന്ത്യ) പിരിച്ച് വിട്ട് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനകം പുതിയ ഭരണ സമിതി അധികാരം ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ആറ് മാസം കഴിഞ്ഞിട്ടും പുതിയ സാരഥികളെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
നിലവില്‍ പുതുതായി ഒന്നര ലക്ഷം അംഗങ്ങളാണ് മെമ്പര്‍ഷിപ്പ് എടുത്തത്. ഇതിന്റെ സൂക്ഷ്മ പരിശോധനയിലാണ്. ഉടന്‍ തന്നെ പട്ടിക പ്രസിദ്ധീകരിക്കും.

സംസ്ഥാന – ജില്ല ഭാരവാഹികളില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി. ദേശീയ പ്രതിനിധി എന്നിവിടങ്ങളിലേക്കാണ് മത്സരം നടക്കുക. കോളജില്‍ നിന്ന് പത്ത് അംഗങ്ങളെ മെമ്പര്‍ഷിപ്പ് ചേര്‍ത്ത അംഗത്തിനാണ് ഈ സാരഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുക. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലാണ് പ്രധാന മത്സരം. സംഘടന തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇരു ഗ്രൂപ്പുകളും. നിലിവില്‍ ഏഴ് വീതം ജില്ലകള്‍ ഇരു ഗ്രൂപ്പുകളുടെയും കൈവശത്തിലാണ്. സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് കണ്ണൂരില്‍ നിന്നുള്ള വി പി അബ്ദുര്‍റശീദ്, വയനാട്ടിലെ ജസീര്‍ പള്ളിവയലും എ ഗ്രൂപ്പില്‍ നിന്ന് മുന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ കെ എം അഭിജിത്ത് തിരുവനന്തപുരത്തെ ജെ എസ് അഖിലുമാണ് സാധ്യത പട്ടികയിലുള്ളത്.

കേരളത്തിലെ സാഹചര്യം മനസ്സിലാകാതെ സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ട എന്‍ എസ് യു ഐ യുടെ നിലപാട് അബദ്ധമായതായി കെ എസ് യു നേതാക്കള്‍ പറയുന്നു. പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്നതിന് മുമ്പ് നിലവിലെ കമ്മിറ്റി പിരിച്ച് വിട്ടത് സംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ലോ കോളജ് സമരത്തില്‍ കെ എസ് യു വിന് വിജയക്കൊടി പാറിക്കാന്‍ സാധിച്ചെങ്കിലും സംഘടനക്ക് സംസ്ഥാന നേതൃത്വമില്ലാത്തത് താഴെ തട്ടിലുള്ള ഘടകങ്ങളെ നിര്‍ജീവമാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ തവണ കെ എസ് യു വിന്റെ കൈവശമുണ്ടായിരുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, എം ജി സിന്‍ഡിക്കേറ്റ്, ആരോഗ്യ സര്‍വകലാശാലയെല്ലാം ഇത്തവണ കൈവിട്ടു. നിരവധി കോളജുകളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പ്രതിപക്ഷത്തിരിക്കുന്ന സംഘടന എന്ന നിലയില്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ ശക്തമായ സമര പോരാട്ടം നടത്തേണ്ട സമയത്ത് സംഘടന തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടു പോകുന്നതില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നിരാശയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here