വ്യാപം അഴിമതി: 634 പേരുടെ എം ബി ബി എസ് പ്രവേശനം റദ്ദാക്കി

Posted on: February 14, 2017 7:30 am | Last updated: February 14, 2017 at 12:31 am

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് 634 പേരുടെ എം ബി ബി എസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. ക്രമക്കേട് നടത്തിയാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെതന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റദ്ദാക്കപ്പെട്ടവരില്‍ 2008 മുതല്‍ 2012 വരെയുളള വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവരുള്‍പ്പെടും. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി പുറപ്പടുവിച്ച വിധി ശിരിവെച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടത്.

മധ്യപ്രദേശ് പ്രൊഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) സംസ്ഥാനത്തെ വിവിധ കോഴ്സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശന പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിള്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദാക്കിയത്. 2007 മുതല്‍ നടത്തിയ പ്രവേശന പരീക്ഷകളിലാണ് അഴിമതി നടത്തിയിരുന്നത്. എന്നാല്‍ 2013ല്‍ മാത്രമാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറം ലോകമയിയുന്നതും സംഭവത്തില്‍ അന്വേഷണം നടക്കുന്നതും.

വ്യാപം കേസുമായി ബന്ധപ്പെട്ട് സി ബി ഐ 83 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടായിരം കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. ആയിരത്തി എണ്ണൂറോളം പേരെ അറസ്റ്റ് ചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. വ്യാപം കേസുമായി ബന്ധപ്പെട്ട് 28 ദുരൂഹമരണങ്ങള്‍ നടന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അമ്പതോളം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.