രാഷ്ട്രീയ സംഘര്‍ഷം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി

Posted on: February 13, 2017 12:50 pm | Last updated: February 14, 2017 at 8:38 am

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഎം-ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂരില്‍ ചൊവ്വാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് ചര്‍ച്ച നടന്നത്.

സമാധാനം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെറിയ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.