യു പിയില്‍ ആദ്യഘട്ടം 64% പോളിംഗ്

Posted on: February 12, 2017 10:24 am | Last updated: February 12, 2017 at 10:29 am
SHARE

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 64 ശതമാനം പോളിംഗ്. 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പതിനഞ്ച് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ്‌നഗര്‍, ഹപുര്‍, ബുലന്ദ് ശഹര്‍, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, ഫിറോസാബാദ്, കസ്ഗഞ്ച് എന്നിവയാണ് മറ്റു ജില്ലകള്‍. 839 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 61 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. നേരിയ മുന്‍ തൂക്കം ഇക്കുറി രേഖപ്പെടുത്തി. മഥുരയിലെ മൂന്ന് ബൂത്തുകളില്‍ വോട്ടെടുപ്പ് താത്കാലികമായി തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറാണ് തടസ്സത്തിന് കാരണം. മീററ്റിലെ കിതൗറില്‍ ബി എസ് പി- എസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. മീറത്തില്‍ ബി ജെ പി നേതാവ് സംഗീത് സോമിന്റെ സഹോദരനെ പോളിംഗ് ബൂത്തില്‍ തോക്ക് കൊണ്ടുവന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിന് അവസാനിക്കും. ആദ്യഘട്ടത്തില്‍ 1.17 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ 2.59 കോടി ജനങ്ങളാണ് വിധിയെഴുതിയത്. ഇതില്‍ 24 ലക്ഷവും കന്നിവോട്ടര്‍മാരാണ്. മാര്‍ച്ച് 11ന് ആണ് വോട്ടെണ്ണല്‍.
നോട്ട് നിരോധനവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കൂടാതെ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിംഗ് യാദവും തമ്മിലുള്ള പോരും തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശക്തമായ ത്രികോണ മത്സരമാണ് യു പിയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here