Connect with us

Wayanad

നോട്ട് നിരോധം: മോദി ജനങ്ങളെ പരിഹസിക്കുന്നു: എ സി മൊയ്തീന്‍

Published

|

Last Updated

കല്‍പ്പറ്റ: നോട്ട് നിരോധം ബേങ്കുകള്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒളിച്ചുവെക്കപ്പെട്ട അജണ്ടയുടെ ഭാഗമാണെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. കെ എസ് ടി എ 26-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം തടയുമെന്നും വിദേശ ബേങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ചുപിടിച്ച് ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുമാണ് ബിജെപി പറഞ്ഞത്. ആ ലക്ഷ്യത്തിനുവേണ്ടിയാണ് നോട്ട് നിരോധനം എന്നാണ് പൊതുവേ മോദി ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതിനുപിന്നിലുള്ള അജണ്ട മറ്റൊന്നാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ വേണ്ടി ബേങ്കുകള്‍ സാധാരണക്കാരന്റെ പണം പിടിച്ചുവെച്ചിരിക്കുകയായിരുന്നു. നോട്ട് നിരോധന നടപടി പാര്‍ലമെന്റിന്റെയോ മന്ത്രിസഭയുടെയോ അംഗീകരാത്തോടെ ആയിരുന്നില്ല. നാളിതുവരെ പാര്‍ലമെന്റില്‍ ഹാജരായി മറുപടി തയ്യാറാകാതിരുന്ന മോദി ഇപ്പോള്‍ പ്രതിപക്ഷനേതാക്കളെയും അതുവഴി ജനങ്ങളെയും പരിഹസിക്കുകാണ്. ഈ ജനവിരുദ്ധ നടപടിക്കും ഒപ്പം വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണത്തിനും മോദി പ്രത്യേക അജണ്ട തയ്യാറാക്കിയിട്ടുണ്ട്. ഇതിനെതിരെ അധ്യാപക സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ടി തിലകരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തുറമുഖ-പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ സി ജോസഫ്, സ്വാഗതസംഘം ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍ എ വിജയകുമാര്‍ നന്ദിയും പറഞ്ഞു. നേരത്തെ കല്‍പ്പറ്റ ടൗണില്‍ അധ്യാപകരുടെ സംഘശക്തി വിളിച്ചോതി 26-ാമത് സമ്മേളനത്തിന്റെ ഭാഗമായി ഉജ്ജ്വല പ്രകടനം നടന്നു. 25 വീതം മുത്തുക്കുടകള്‍ ബൈക്കുകള്‍ ചുവന്ന കുടകള്‍ എന്നിവക്കു പിന്നിലായി അണിനിരന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ അണിനിരന്നു. വാദ്യഘോഷങ്ങളുടെയും ആകര്‍ഷകമായ കലാരൂപങ്ങളുടെയും അകമ്പലോടിയോടെ നടന്ന പ്രകടനം കല്‍പ്പറ്റ നഗരത്തെ ഇളക്കിമറിച്ചു.