ഐ ലീഗ്: ചര്‍ച്ചിലിനെ വീഴ്ത്തി ഐസ്വാള്‍ രണ്ടാം സ്ഥാനത്ത്‌

Posted on: February 11, 2017 8:30 am | Last updated: February 11, 2017 at 12:31 pm

ഐസ്വാള്‍: ചര്‍ച്ചില്‍ബ്രദേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ഐസ്വാള്‍ എഫ് സി ഐ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഹോം ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 1-0ന് ചര്‍ച്ചില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ആറ് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ഐസ്വാള്‍ തിരിച്ചുവരവ് നടത്തി. മൂന്നാം ഗോള്‍ സെല്‍ഫ് ആയിരുന്നു.
മുപ്പത്തിമൂന്നാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ അന്‍സുമാന ക്രോമയാണ് ചര്‍ച്ചിലിനെ മുന്നിലെത്തിച്ചത്. ലാല്‍റാംചുലോവ (62), കാമോ ബായി (68) എന്നിവരിലൂടെ മിസോറം ക്ലബ്ബ് തിരിച്ചടിച്ചു. എഴുപത്താറാം മിനുട്ടില്‍ ബാന്‍പിന്‍ക്രാനം നോംഹ്ലാവിന്റെ സെല്‍ഫ് ഗോളിലാണ് ഐസ്വാളിന്റെ ഗോള്‍ മാര്‍ജിന്‍ കാല്‍ഡസനിലെത്തിയത്.

ഐസ്വാള്‍ കോച്ച് അവസാന മത്സരത്തില്‍ ബഗാനോടേറ്റ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ബാല്‍റുതാറക്ക് പകരം ലാല്‍റചുലോവയും ആല്‍ബര്‍ട്ട് സോമിംഗ്മാവിയക്ക് പകരം ബ്രന്‍ഡന്‍ വലാറെഡികയും ആദ്യ ലൈനപ്പില്‍ ഇടം നേടി.
ചര്‍ച്ചില്‍ അസിസ്റ്റന്റ് കോച്ച് ആല്‍ഫ്രഡ് ഫെര്‍നാണ്ടസ് ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിനും വിംഗര്‍ ഗബ്രിയേല്‍ ഫെര്‍നാണ്ടസിനും സീസണിലെ ആദ്യ സ്റ്റാര്‍ട്ട് നല്‍കി.
എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഐസ്വാള്‍ അഞ്ചാം ജയം കരസ്ഥമാക്കിയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. പതിനാറ് പോയിന്റാണ് ഐസ്വാളിനുള്ളത്. ഏഴ് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുള്ള ഈസ്റ്റ്ബംഗാളാണ് ഒന്നാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള മോഹന്‍ബഗാന്‍ ഈസ്റ്റ്ബംഗാളിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്നു. നാളെ നടക്കുന്ന കൊല്‍ക്ക ഡെര്‍ബിയില്‍ ബഗാനും ഈസ്റ്റ്ബംഗാളും ഏറ്റുമുട്ടും. ഈ മത്സരഫലം ടേബിളില്‍ മാറ്റം വരുത്തും. എട്ട് മത്സരങ്ങളില്‍ അഞ്ച് പോയിന്റോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എട്ടാം സ്ഥാനത്താണ്.