ശശികല പ്രശ്‌നം: ദ്രാവിഡകം ലക്ഷ്യമാക്കി ദേശീയ പാര്‍ട്ടികള്‍

Posted on: February 11, 2017 9:08 am | Last updated: February 11, 2017 at 12:10 am

ന്യൂഡല്‍ഹി: തമിഴ് രാഷ്ട്രീയത്തില്‍ തുടരുന്ന പ്രതിസന്ധിയെ ചൊല്ലി ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പനീര്‍ശെല്‍വത്തിന് ബി ജെ പിയുടെ പരോക്ഷ പിന്തുണ ലഭിക്കുന്നുവെന്നു കണ്ടതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ് ശശികല വിഭാഗം. എം എല്‍ എമാരെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്താനുള്ള ശശികലയുടെ ശ്രമങ്ങള്‍ പാളുന്നതായുള്ള സൂചനകള്‍ പുറത്തു വരുന്നതിനിടെയാണ് അവര്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്.
തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരുനാവുക്കരശ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. എം ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. പനീര്‍ശെല്‍വത്തിന് ബി ജെ പിയുമായി രഹസ്യ ബന്ധമുണ്ടെന്ന് ഇദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചതായും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ശശികലക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടതായുമാണ് വിവരം. കൂടാതെ പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ചിദംബരത്തെയും തമിഴ്‌നാട് പാര്‍ട്ടി അധ്യക്ഷനും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ ശശികലക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം തമിഴ്‌നാട്ടിലെ വിഷയങ്ങള്‍ വൈകിപ്പിക്കുകയാണ്. തമിഴ് എം എല്‍ എമാര്‍ അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാഹുല്‍ ഗാന്ധി തിമിഴ്‌നാട്ടില്‍ നിന്നുള്ള എം എല്‍ എമാരുമായി ചര്‍ച്ച നടത്തിയതായും വിവരങ്ങളുണ്ട്. ഇതുവരെ തമിഴ്നാട്ടിലെ രാഷ്ട്രീയ നീക്കത്തില്‍ പ്രത്യക്ഷമായി ഇടപെടാതെ നില്‍ക്കുകയായിരുന്ന ബി ജെ പിയും കോണ്‍ഗ്രസും നിലവിലെ സഹചര്യം മുതലെടുത്ത് ദ്രാവിഡ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള അണിയറ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അണ്ണാ ഡി എം കെയുടെ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമാക്കിയാണ് ബി ജെ പി വിഷയത്തില്‍ ഇടപടുന്നത്. അണ്ണാ ഡി എം കെ പിളര്‍ന്നാല്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസും കരുതുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും നിലവിലെ സാഹചര്യത്തില്‍ സഖ്യകക്ഷിയായ ഡി എം കെയുടെ കൂടെനിന്ന് അധികാരത്തിലേറാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ശശികലയെ പരസ്യമായി പിന്തുണച്ചാല്‍ ഡി എം കെയുമായുള്ള സഖ്യത്തില്‍ വിള്ളല്‍ വീഴുമോയെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.