ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി

Posted on: February 11, 2017 10:30 am | Last updated: February 12, 2017 at 10:27 am
SHARE

തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. മാനേജ്‌മെന്റ്തന്നെയാണ് കവാടം പൊളിച്ചുനീക്കിയത്.പുറമ്പോക്ക് ഭൂമിയില്‍ നിന്ന കവാടമാണ് പൊളിച്ചുനീക്കിയത്.

പൊളിച്ചുനീക്കാന്‍ നേരത്തെ റവന്യൂ വകുപ്പ് ലോ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഗേറ്റ് പൊളിച്ചുമാറ്റിയതോടെ ലോ അക്കാദമിക്കെതിരെയുളള സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും സമീപനങ്ങളെ അഭിനന്ദിക്കാന്‍ ബിജെപിയും തയ്യാറായി. സംസ്ഥാന സെക്രട്ടറി വി.വി രാജേഷാണ് മുഖ്യമന്ത്രി പിണറായിയുടെയും സര്‍ക്കാരിന്റെയും ഈ വിഷയത്തിലെ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞത്.

ക്യാംപസിനകത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍, ബാങ്ക് എന്നീ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനും റവന്യുവകുപ്പ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പ് ലോ അക്കാദമിയുടെ കൈവശമുളള ഭൂമിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പിന്നാലെ പിണറായിയുടെ നിലപാട് തെറ്റാണെന്ന് പറഞ്ഞ് വിഎസും രംഗത്തെത്തിയിരുന്നു.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും ആ ഭൂമിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് അച്യുതാന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. വിഎം സുധീരനും എഐവൈഎഫ് അടക്കമുള്ള യുവജനവിദ്യാര്‍ത്ഥി സംഘടനകളും അന്വേഷണം നടത്തണമെന്നും ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here