രണ്ട് വര്‍ഷം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു

Posted on: February 10, 2017 11:21 pm | Last updated: February 10, 2017 at 11:21 pm
SHARE

ദോഹ: പിഞ്ചുബാലന്റെ ജീവന്‍ രക്ഷിക്കാന്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും ആരോഗ്യ വിദഗ്ധര്‍. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്രയും സങ്കീര്‍ണമായ നിരവധി ശസ്ത്രക്രിയകള്‍ക്ക് കുട്ടിയെ വിധേയനാക്കുന്നത്. ഒയീസ് സിന്‍ഡ്രം കാരണമുള്ള ജന്മ വൈകല്യം പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ശസ്ത്രക്രിയകള്‍ ചെയ്തത്. ജീവന്‍ അപകടത്തിലാകുന്ന ഈ രോഗാവസ്ഥയില്‍ ജനിക്കുന്ന കുട്ടികളില്‍ 95- 99 ശതമാനവും മരണത്തിന് കീഴടങ്ങലാണ് പതിവ്.

സിദ്‌റയിലെ പീഡിയാട്രിക് ജനറല്‍ ആന്‍ഡ് തോറാസിസ് സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്ല സരൂഷിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് സര്‍ജന്‍മാര്‍, പീഡിയാട്രിക് യൂറോളജിസ്റ്റ്, പീഡിയാട്രിക് അനസ്‌തേഷ്യോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോസര്‍ജന്‍, പീഡിയാട്രിക് ഓര്‍തോപീഡിക് സര്‍ജന്‍ എന്നിവരടങ്ങിയ സംഘമാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് മുഹമ്മദ് എന്ന കുട്ടിയെ വിധേയനാക്കിയത്. ഈജിപിഷ്യന്‍ കുടുംബത്തില്‍ 2014ലാണ് മുഹമ്മദ് ജനിച്ചത്. കഴിഞ്ഞ ഒക്‌ടോബറില്‍ ചെയ്ത 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് സങ്കീര്‍ണമായവയില്‍ ഒടുവിലത്തേത്. സിദ്‌റ പീഡിയാട്രിക് യൂറോളജി മേധാവി ജോവോ ലൂയിസ് പിപ്പി സാല്ലിന്റെ നേതൃത്വത്തിലുള്ള സംഘം മൂത്രസഞ്ചി പ്രശ്‌നം പരിഹരിക്കുന്ന ശസ്ത്രക്രിയ, വെന്‍ട്രല്‍ ഹെര്‍ണിയ, ജനനേന്ദ്രിയം എന്നിവയുടെ തകരാറുകള്‍ പരിഹരിക്കുന്ന ശസ്ത്രക്രിയ എന്നിവയും ഗാസ്‌ട്രോടോമി ട്യൂബ് മാറ്റിവെക്കലും നടത്തി. ജന്മവൈകല്യം പരിഹരിക്കാനുള്ള സങ്കീര്‍ണ പ്രക്രിയകള്‍ അടങ്ങിയ ശസ്ത്രക്രിയയായിരുന്നു ഇത്.

സിദ്‌റയില്‍ നടത്തിയ സ്‌കാനിംഗില്‍ ജനനത്തിന് മുമ്പ് തന്നെ ഒയീസ് സിന്‍ഡ്രം ആണെന്ന് വിധിയെഴുതിയിരുന്നു. തുടര്‍ന്ന് കുഞ്ഞിന് നല്‍കേണ്ട സാധ്യമായ ചികിത്സയും പരിചരണവും സംബന്ധിച്ച് എച്ച് എം സിയിലെയും സിദ്‌റയിലെയും ഡോക്ടര്‍മാര്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇത്തരം അവസരങ്ങളില്‍ മെഡിക്കല്‍ വിദ്ഗ്ധരുടെയും സ്ഥാപനങ്ങളുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടല്‍ പതിവുണ്ട്. ഈ കേസില്‍ മുപ്പതിലേറെ ആരോഗ്യ വിദഗ്ധരാണ് പ്രവര്‍ത്തിച്ചത്. ഇത്തരം കേസുകളില്‍ വിവിധ വിഭാഗങ്ങളുടെ വിദഗ്‌ധോപദേശവും ഇടപെടലും അനിവാര്യമായി വരും. ഓരോര്‍ത്തര്‍ക്കും വലിയ പങ്കാണ് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വഹിക്കാനുണ്ടാകുക.