മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടന് അപേക്ഷ

Posted on: February 10, 2017 7:40 am | Last updated: February 9, 2017 at 11:43 pm

ന്യൂഡല്‍ഹി: രാജ്യത്തെ ബേങ്കുകളില്‍ നിന്ന് വന്‍ തുക കടമെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ രാജാവ് വിജയ് മല്യയെ വിട്ടുനല്‍കണമെന്ന അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. സി ബി ഐയുടെ അപേക്ഷ പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം അപേക്ഷ ബ്രിട്ടീഷ് ഹൈക്കമ്മീഷന് കൈമാറിയത്.

വിജയ് മല്യയെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ ബ്രിട്ടന് കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലളിത് മോദിയെ വിട്ടുകിട്ടുന്നതിനായും ഇത്തരത്തില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ ബേങ്കുകളില്‍ നിന്ന് പണം കടമെടുത്ത് തിരിച്ചടക്കാതെ മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്. വിവിധ ബേങ്കുകളിലായി 9,000 കോടിയോളം തിരിച്ചടക്കാനുണ്ട്. സര്‍ക്കാര്‍ സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിജയ് മല്യ നേരത്തേ ട്വീറ്റുകള്‍ ചെയ്തിരുന്നു.