ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

Posted on: February 10, 2017 7:30 am | Last updated: February 9, 2017 at 11:32 pm

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണത്തിന് പോഷകാഹാരത്തിന് പുറമെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയും കാരണമാകുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. അട്ടപ്പാടി ട്രൈബല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസാണ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മാവുകുണ്ട് ഊരില്‍ നവജാത ശിശുവിന്റെ മരണത്തിന് കാരണം ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനമാണ് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മാര്‍ച്ച് 17ന് അഗളി മാവുകുണ്ട് ഊരിലെ രേവതിയുടെയും രാജുവിന്റെയും നവജാത ശിശു തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മാര്‍ച്ച് 12ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു പ്രസവം. 14നാണ് തൂശ്ശൂരിലേക്ക് റഫര്‍ ചെയ്തത്. ഈ കുഞ്ഞിന്റെ മരണം സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 21ന് ഡോ. പ്രഭുദാസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഫീല്‍ഡ് ജീവനക്കാരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞിട്ടുള്ളത്. അട്ടപ്പാടിയില്‍ 2013ലെ നവജാത ശിശുമരണങ്ങളെത്തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ’ഭാഗമായി ഗര്‍ഭിണികളുടെ പരിചരണത്തിന് പ്രത്യേകം പ്രോട്ടോക്കോളിനും രൂപം കൊടുത്തു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, എസ് ടി പ്രൊമോട്ടര്‍ എന്നിവര്‍ക്കൊക്കെ ഗര്‍ഭിണികളെ നിശ്ചിത സമയങ്ങളില്‍ കണ്ട് ചികിത്സ നല്‍കാന്‍ നിര്‍ദേശം കൊടുത്തിരുന്നു. സ്റ്റാഫ് പറഞ്ഞാല്‍ അനുസരിക്കുന്നില്ലെങ്കില്‍ സൂപ്പര്‍ വൈസര്‍മാര്‍ ഇടപെടണം. എന്നിട്ടും ഫലമില്ലെങ്കില്‍ മെഡിക്കല്‍ ഓഫീസറും പിന്നീട് നോഡല്‍ ഓഫീസറും ഇടപെട്ട് ബോധവത്കരണം നടത്തണമെന്നായിരുന്നു തീരുമാനം.
നേരത്തെ ഒരു കുഞ്ഞ് മരിച്ചതിനാല്‍ ഈ ഗര്‍ഭിണിയെ ഉയര്‍ന്ന അപായസാധ്യതാവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരുടെ വീട്ടില്‍ പ്രത്യേക രജിസ്റ്റര്‍ വെച്ച് ടാസ്‌ക് ഫോഴ്‌സിന്റെ പരിചരണം നടത്തണമെന്ന കര്‍ശന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രസവത്തീയതി നീണ്ടുപോകുകയാണെങ്കില്‍ മേലധികാരികളെ അറിയിക്കാന്‍ പറഞ്ഞിരുന്നു. അതുമുണ്ടായില്ല. ഊരില്‍ ഗര്‍ഭിണിയോടുചേര്‍ന്ന് താമസിക്കുന്ന എസ് ടി പ്രൊമോട്ടര്‍പോലും പ്രസവത്തീയതി കഴിഞ്ഞ് നില്‍ക്കുന്ന കാര്യം അവരുടെ സൂപ്പര്‍ വൈസറെ അറിയിച്ചിട്ടില്ല. മാര്‍ച്ച് മൂന്നിന് അഗളി സി എച്ച് സി യില്‍ നടന്ന പ്രതിമാസ യോഗത്തില്‍ ഓരോ ജെ പി എച്ച് എന്നിന്റെയും പരിധിയിലുള്ള ഹൈ റിസ്‌ക് ഗര്‍ഭിണികളെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ഈ ഗര്‍ഭിണിയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യാത്ത ജെ പി എച്ച് എന്‍, ആശ വര്‍ക്കര്‍മാരുടെ ഭാഗത്തും കീഴ് ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതില്‍ സൂപ്പര്‍ വൈസര്‍മാരുടെ ഭാഗത്തും ഗുരുതരവീഴ്ച ആരോപിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.