കുടുംബശ്രീയുടെ സ്റ്റോറി വെബ് പോര്‍ട്ടല്‍ അഭിമാനകരം: മന്ത്രി ജലീല്‍

Posted on: February 9, 2017 11:34 pm | Last updated: February 9, 2017 at 11:34 pm

തിരുവനന്തപുരം: കുടുംബശ്രീയുടെ ചരിത്രവും വളര്‍ച്ചയും വ്യക്തമാക്കുന്ന സ്റ്റോറി വെബ് പോര്‍ട്ടല്‍ അഭിമാനകരമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. കുടുംബശ്രീ നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച കുടുംബശ്രീ സ്റ്റോറി പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ക്കൂട്ട ശൃംഖലയിലെ നാല്‍പ്പത്തിയൊന്ന് ലക്ഷം സ്ത്രീകളുടെ വിജയാനുഭവ കഥകളുടെ പശ്ചാത്തലത്തിലാണ് എല്ലാവരും കുടുംബശ്രീയെ മാതൃകയാക്കുന്നത്. ജനകീയാസൂത്രണത്തിന്റെ സാന്നിധ്യം സംസ്ഥാനമൊട്ടാകെ വേരുറപ്പിക്കുന്നതില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കുടുംബശ്രീ രൂപവത്കൃതമായ സാഹചര്യവും അതിന്റെ വളര്‍ച്ചയും വികാസവും പരിണാമവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന സ്റ്റോറി പോര്‍ട്ടല്‍ ഈ പ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തികച്ചും സഹായകമായിരിക്കും.- മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ മുന്നേറ്റത്തിന്റെ വഴിത്താരകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രഫ.ഡോ.ജെ.ദേവിക, മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.എ ബീന, ഉമ്മന്നൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രകാശ് എന്നിവര്‍ പങ്കെടുത്തു.