ഭാര്യയുടെ കുടിശ്ശിക തീര്‍ക്കാന്‍ ഗൃഹനാഥന്റെ സ്വര്‍ണാഭരണം; ബേങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Posted on: February 9, 2017 11:45 pm | Last updated: February 9, 2017 at 11:27 pm

ആലപ്പുഴ: ഭാര്യയും മകനും ബേങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്പകളിലുണ്ടായ കുടിശ്ശിക തീര്‍ക്കാന്‍ ഗൃഹനാഥന്‍ പണയമായി ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ബേങ്കിന് അധികാരമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. അതേസമയം ഗൃഹനാഥന്‍ തന്റെ വായ്പയില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്ഥാവര ജംഗമവസ്തുക്കളില്‍ നിന്ന് ഈടാക്കാന്‍ ബേങ്കിന് അധികാരമുണ്ടെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

ചേര്‍ത്തല സ്വദേശി എസ് ബി റ്റി കുത്തിയതോട് ശാഖക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിക്കാരന്‍ പണയം തിരിച്ചെടുക്കാന്‍ ബേങ്കിനെ സമീപിച്ചപ്പോള്‍ തന്റെ പേരിലുള്ള മറ്റൊരു വായ്പയുടെ പലിശ അടക്കണമെന്ന് ബേങ്ക് ആവശ്യപ്പെട്ടെന്നാണ് പരാതി. കമ്മീഷന്‍ ബേങ്കില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ പേരില്‍ വേറെയും വായ്പകളില്‍ കുടിശ്ശികയുണ്ടെന്ന് ബേങ്ക് കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയും മകനും ബേങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടെന്നും അതിലും കുടിശ്ശികയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയും മകനും എടുത്ത വായ്പയില്‍ പരാതിക്കാരന്‍ ജാമ്യക്കാരനാണെങ്കില്‍ ബേങ്കിന് പരാതിക്കാരന്റെ വസ്തുക്കള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.