Connect with us

Gulf

ഖത്വറില്‍ റോഡ് പദ്ധതികളില്‍ 60 ശതമാനവും അടുത്ത വര്‍ഷം പൂര്‍ത്തിയാകും: മന്ത്രി

Published

|

Last Updated

ദോഹ: രാജ്യത്തു നടക്കുന്ന 65 ശതമാനം റോഡ് പദ്ധതികളും അടുത്ത വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഭൂരിഭാഗം പദ്ധതികളും 2019 അവസാനത്തിലോ 2020 മധ്യത്തിനുള്ളിലോ പൂര്‍ത്തീകരിക്കും. തന്ത്രപരമായ പ്രാധാന്യമുള്ള പദ്ധതികളുടെ ഏകോപനത്തിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും ചുമതലയുള്ള മന്ത്രിതല ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ധനമന്ത്രി.

റെയില്‍പദ്ധതികള്‍ 50 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചിട്ടുണ്ട്. റയില്‍ പദ്ധതികളുടെ തുരങ്ക നിര്‍മാണം 100 ശതമാനവും സ്റ്റേഷനുകളുടെ നിര്‍മാണം 45 ശതമാനവും പൂര്‍ത്തിയായി. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലേയും 90ശതമാനം പദ്ധതികളിലും കരാര്‍ നല്‍കിക്കഴിഞ്ഞു. നിശ്ചിത തീയതിക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ആരോഗ്യമേഖലയില്‍ കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി പ്രതിരോധന കേന്ദ്രം, മൂന്നു ഹെല്‍ത്ത് സെന്ററുകള്‍, രണ്ടു തൊഴിലാളികള്‍ക്കായുള്ള ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ തുറന്നിട്ടുണ്ട്. നാലു ആശുപത്രികളും നാലു ഹെല്‍ത്ത് സെന്ററുകളും ഈ വര്‍ഷം തുറക്കും. വൈദ്യുതി മേഖലയില്‍ ഉം അല്‍ ഹൗല്‍ പ്ലാന്റിന്റെ ഒന്നാംഘട്ടം ഈ വര്‍ഷം അവസാനത്തില്‍ പൂര്‍ത്തിയാകും. ജല റിസര്‍വോയര്‍ പദ്ധതികളുടെ 50ശതമാനവും നടപ്പാക്കിയിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷകാലയളവില്‍ സ്വദേശികള്‍ക്കായുള്ള 10,400 റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കുള്ള ഭൂമിയിലെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കുള്ള സമ്പൂര്‍ണ പരിപാടിയ്ക്ക് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസ കെട്ടിടങ്ങളുടെ വിപുലീകരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സ്‌കൂളുകളുമാണ് ഇതില്‍ പ്രധാനം. നിശ്ചയിച്ച ബജറ്റിനുള്ളില്‍ ആസൂത്രണത്തിനുവിധേയമായി നിശ്ചയിച്ച തീയതിക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അതോറിറ്റികളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.