Connect with us

National

പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ തമിഴ് മക്കളിലും കോടതിയിലും

Published

|

Last Updated

ചെന്നൈ: പകരക്കാരനാകുകയെന്നതായിരുന്നു ഒ പനീര്‍ശെല്‍വത്തിന്റെ നിയോഗം. പല തവണ അദ്ദേഹം അത് നന്നായി നിര്‍വഹിച്ചു. എന്നാലിപ്പോള്‍ പനീര്‍ശെല്‍വം സാഹസികമായ ചുവടുവെപ്പുകള്‍ക്ക് മുതിര്‍ന്നിരിക്കുകയാണ്. ശശികലയെ പാര്‍ട്ടിയുടെ തലപ്പത്തെത്തിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുകയും മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്ത പനീര്‍ശെല്‍വം ഇപ്പോള്‍ കലാപക്കൊടിയുയര്‍ത്തുന്നത് പാര്‍ട്ടിക്കകത്ത് നിന്നുള്ളതിനേക്കാള്‍ പുറത്ത് നിന്നുള്ള പിന്തുണ മുന്നില്‍ക്കണ്ടാണെന്ന് വിലയിത്തപ്പെടുന്നു. താന്‍ അധികാരക്കൊതിയനല്ലെന്ന് തെളിയിക്കാനായി കാത്തിരിക്കുകയും മുന്‍ സ്പീക്കറും എ ഐ എ ഡി എം കെയുടെ മുതിര്‍ന്ന നേതാവുമായ പി എച്ച് പാണ്ഡ്യനും മകനും ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ കൊടുങ്കാറ്റായി മാറുകയും ചെയ്തതിലൂടെ പനീര്‍ശെല്‍വം കൃത്യമായ സമയബോധം കാണിച്ചുവെന്ന് പറയാം. ജയലളിതയുടെ ശവകുടീരത്തില്‍ ധ്യാനമിരുന്ന ശേഷമാണ് ശെല്‍വം പത്രസമ്മേളനത്തിനെത്തിയത്. “അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു”വെന്ന വൈകാരികത ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ജയലളിതയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ തനിക്കുമുണ്ടെന്ന് ആവര്‍ത്തിക്കുക വഴി അത് സംബന്ധിച്ച് വൈകാരികത കത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അന്തരീക്ഷത്തില്‍ ഈ വിഷയങ്ങള്‍ കുറേക്കാലം നില്‍ക്കുമെന്ന് വ്യക്തമായി. ഇതായിരിക്കും ശശികല ക്യാമ്പിന് ഏറ്റവും വലിയ അടിയാകാന്‍ പോകുന്നത്. എം എല്‍ എമാരുടെ എണ്ണത്തില്‍ അവര്‍ക്കുള്ള മേല്‍ക്കൈ ജനസമ്മതിയില്‍ നിലനിര്‍ത്താനാകാതെ വരുന്നതും ജയലളിതയുടെ മരണം ചര്‍ച്ചയാകുന്നത് കൊണ്ടാണ്.
അന്വേഷണം ജയലളിതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശശികല പറയുന്നത് അത്‌കൊണ്ടാണ്. ഇരു പക്ഷത്തിന്റെയും പ്രധാന തുരുപ്പ് ചീട്ട് ജയലളിത ഭക്തിയും സ്‌നേഹവുമായതിനാല്‍ അക്കാര്യത്തില്‍ ഒരു പടി മുന്നിലെത്തിയിരിക്കുന്നത് പനീര്‍ശെല്‍വം ക്യാമ്പാണ്. ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോള്‍ ആരവം കാണിക്കാതിരുന്ന എ ഐ എ ഡി എം കെ അണികളില്‍ നല്ലൊരു വിഭാഗം പനീര്‍ശെല്‍വം പൊട്ടിത്തെറിച്ചപ്പോള്‍ വികാരഭരിതരായി അദ്ദേഹത്തിന് പിന്തുണയേകാനെത്തിയെന്നത് ശ്രദ്ധേയമാണ്. ഈ ജനശക്തി തന്നെയാകും പനീര്‍ശെല്‍വത്തിന് വരും നാളുകളില്‍ ശക്തിയാകാന്‍ പോകുന്നത്. എന്നാല്‍ ജനങ്ങളുടെ അമ്മയാകാന്‍ ചിന്നമ്മക്ക് സാധിച്ചാല്‍ ഈ സാധ്യത അസ്തമിക്കും. പിഴച്ച ചാട്ടത്തിന്റെ പേരിലായിരിക്കും ഒ പി എസ് അറിയപ്പെടുക.
പാര്‍ട്ടി എം എല്‍ എമാരുടെയും നേതാക്കളുടെയും യോഗം വളിച്ചു ചേര്‍ത്ത് 130 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും പനീര്‍ശെല്‍വത്തിന് ലഭിക്കാനിടയുള്ള രക്തസാക്ഷി പരിവേഷത്തെയും ജനസമ്മതിയെയും ശശികല ഭയക്കുന്നുവെന്നാണ് വിലയിരുത്തല്‍. പനീര്‍ശെല്‍വത്തെ വഞ്ചകനെന്ന് വിളിച്ചാണ് യോഗ ശേഷം ശശികല തിരിച്ചടിച്ചത്. ഡി എം കെക്ക് ഒപ്പം ചേര്‍ന്ന് അണ്ണാ ഡി എം കെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ഇത്രയും കാലം മിണ്ടാതിരുന്നത് എന്തെന്ന് അവര്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ അവര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.
രാജ്യസഭാഗം എം മൈത്രേയന്‍, മുന്‍ സ്പീക്കര്‍ പി എച്ച് പാണ്ഡ്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിന്റെ മറ്റൊരു ശക്തി. നിയമ പോരാട്ടത്തിലും അദ്ദേഹം വിജയം പ്രതീക്ഷിക്കുന്നുണ്ട്. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ താത്കാലിക നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയരുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതും ഇത്തരത്തിലുള്ള പ്രതീക്ഷയാണ് ഒ പി എസ് ക്യാമ്പിന് നല്‍കുന്നത്. താത്കാലിക ജനറല്‍ സെക്രട്ടറി എന്ന തസ്തിക പാര്‍ട്ടി ഭരണഘടയില്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനധികൃത സ്വത്ത് കേസില്‍ വരാനിരിക്കുന്ന വിധിയിലാണ് ഒ പി എസ് ക്യാമ്പിന്റെയും അദ്ദേഹത്തോടൊപ്പം ഇറങ്ങിത്തിരിക്കാനിരിക്കുന്നവരുടെയും യഥാര്‍ഥ പ്രതീക്ഷ. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഇറങ്ങിക്കളിക്കാത്ത ബി ജെ പി പോലും പരോക്ഷമായി പനീര്‍ശെല്‍വത്തിനായി കളമൊരുക്കുന്നുണ്ടെങ്കില്‍ അതും ഈ വിധിയെന്താകുമെന്ന ആകാംക്ഷയിലാണ്. തമ്പിദുരൈ വഴി ശശികലയില്‍ ബി ജെ പിക്ക് നല്ല സ്വാധീനമുണ്ട്. എന്നാല്‍ കോടതി വിധിയോടെ അവരുടെ നില പരുങ്ങലില്‍ ആകുമെന്നും അതോടെ പനീര്‍ശെല്‍വത്തിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നും ബി ജെ പി കണക്കു കൂട്ടുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്താന്‍ വൈകുന്നത്. ശശികല സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ചൊവ്വാഴ്ച റാവു എത്താന്‍ വൈകിയതാണ് ഇന്ന് കാണുന്ന എല്ലാ രാഷ്ട്രീയ ജെല്ലിക്കെട്ടുകള്‍ക്കും സമയമൊരുക്കിയതെന്നത് കൂട്ടിവായിക്കണം. സര്‍ക്കാര്‍ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയെന്ന എടുത്തു ചാട്ടത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങാനിടയില്ല. അത്തരമൊരു നീക്കത്തിന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയെ കിട്ടാനിടയുമില്ല. അത്‌കൊണ്ട്, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ വിയര്‍ക്കുന്ന ബി ജെ പി കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഗവര്‍ണറെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ നേട്ടമുണ്ടാക്കാനാകും ശ്രമിക്കുക.
ഈ സാഹചര്യത്തില്‍ എം എല്‍ എമാരില്‍ കൂടുതല്‍ പേര്‍ ആര്‍ക്കൊപ്പമെന്ന് തെളിയിക്കുകയാണ് മുഖ്യം. 130ലേറെ പേരുടെ പിന്തുണയാണ് ശശികല പക്ഷത്തിന്റെ വിശ്വാസം. ആകെയുള്ള 134 അണ്ണാ ഡി എം കെ അംഗങ്ങളില്‍ കൂടുതല്‍ പേര്‍ ആര്‍ക്കൊപ്പമെന്നതാണ് നിര്‍ണായകം. പാര്‍ട്ടിയില്‍ കൂടുതല്‍ പേരെ ഒപ്പം നിര്‍ത്താന്‍ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. എ ഐ എ ഡി എം കെയിലെ രാഷ്ട്രീയ നീക്കങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പിളര്‍പ്പുണ്ടാകുകയാണെങ്കില്‍ അതിന്റെ നേട്ടം കൊയ്യുകയാണ് ലക്ഷ്യം.
പനീര്‍ശെല്‍വത്തിന് അനുകൂലമായി ഡി എം കെ നിലപാട് സ്വീകരിക്കാനിടയുണ്ട്. 40 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ചാല്‍ ഡി എം കെ പിന്തുണയോടെ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയായി തുടരാനാകും. രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാണ്. ശശികലയുടെ സത്യപ്രതിജ്ഞക്ക് സമയം അനുവദിക്കാതിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നീട്ടി നല്‍കുമോ എന്നതാണ് ചോദ്യം. ഇപ്പോള്‍ എം എല്‍ എമാര്‍ ശശികലക്കൊപ്പം ഉറച്ച് നില്‍ക്കുന്നത് കണക്കിലെടുക്കാനാകില്ലെന്നും സഭയിലെത്തുമ്പോള്‍ സ്ഥിതി മാറാനിടയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.