‘ന്യൂനപക്ഷങ്ങള്‍ക്ക് മികച്ച ജീവിതനിലവാരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പദ്ധതികളാവിഷ്‌കരിക്കണം’

Posted on: February 6, 2017 9:57 pm | Last updated: February 6, 2017 at 9:57 pm
SHARE
സിറാജ് മജ്‌ലിസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സംസാരിക്കുന്നു. കര്‍ണാടക ജനതാദള്‍ സെക്യുലര്‍ ജനറല്‍ സെക്രട്ടറി ബി എം ഫാറൂഖ്, കര്‍ണാടക വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅദി സമീപം

ദുബൈ: ന്യൂനപക്ഷങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്യുലര്‍ നേതാവുമായ എച്ച് ഡി കുമാര സ്വാമി. സിറാജ് ദിനപത്രം ദുബൈ മര്‍കസില്‍ സംഘടിപ്പിച്ച മജ്‌ലിസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ ദേവഗൗഡ സര്‍ക്കാരിന്റെ കാലത്താണ് ന്യൂനപക്ഷങ്ങള്‍ക്ക് നാല് ശതമാനം സംവരണം കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. അതിന്റെ അനുരണനമെന്നോണം കര്‍ണാടകത്തില്‍ മികച്ച സാമുദായിക സൗഹാര്‍ദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കു മികച്ച ജീവിത സൗകര്യങ്ങളും അവസരങ്ങളുമൊരുക്കുന്നതില്‍ തന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 11 ലക്ഷം മലയാളികള്‍ക്ക് ബെംഗളൂരു സിറ്റിയില്‍ വോട്ടവകാശമുണ്ട്. ഇതില്‍ അഞ്ച് ലക്ഷത്തിലധികം ന്യൂനപക്ഷങ്ങളാണ്. ഇവരുടെ ഉന്നമനത്തിന് ഉതകുന്ന ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാണ്ഡ്യ എം പി പുട്ടരാജു, കര്‍ണാടക വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ഷാഫി സഅദി, കര്‍ണാടക ജനതാദള്‍ സെക്യുലര്‍ ജനറല്‍ സെക്രട്ടറി ബി എം ഫാറൂഖ്, ജനതാദള്‍ സെക്യുലര്‍ യു എ ഇ ജനറല്‍ സെക്രട്ടറി സഫറുല്ല ഖാന്‍, ഇഖ്ബാല്‍ നാവുണ്ട, മര്‍കസ് മാനേജര്‍ കട്ടിപ്പാറ അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് പി ആര്‍ മാനേജര്‍അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് തുടങ്ങിയവര്‍ പങ്കെടുത്തു. സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here