പ്രവാസി ഇന്ത്യക്കാര്‍ക്കും വിസയിളവുമായി മലേഷ്യന്‍ സര്‍ക്കാര്‍

Posted on: February 6, 2017 7:59 pm | Last updated: February 6, 2017 at 7:49 pm

ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ വിനോദസഞ്ചാരത്തിന് വിസയില്ലാതെ യാത്ര അനുവദിച്ചു. മലേഷ്യന്‍ ഉപ പ്രധാനമന്ത്രി ഡോ. അഹ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിനോദസഞ്ചാരികള്‍ക്ക് നല്‍കിയ ഇളവ് പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നുവെന്ന് ദോഹയില്‍ വെച്ച് അദ്ദേഹം പറഞ്ഞു. ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ ക്ഷണപ്രകാരം നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഖത്വറിലെത്തിയതായിരുന്നു അദ്ദേഹം.

പ്രവാസി ഇന്ത്യക്കാരെ മലേഷ്യയിലേക്ക് സ്വാഗതം ചെയ്യുകയാണ്. വിനോദസഞ്ചാരികള്‍ വര്‍ധിക്കുന്നതോടെ വിദേശ നാണ്യം കൂടുതല്‍ നേടാന്‍ മലേഷ്യക്ക് സാധിക്കും. അതേസമയം വിമാന യാത്രക്കാര്‍ക്കുള്ള സാധാരണ സുരക്ഷാ പരിശോധനക്ക് (എ പി എസ് എസ്) എല്ലാവരും വിധേയരാകണം. വ്യവസായികളായും പ്രൊഫഷനുകളായും സാങ്കേതിക വിദഗ്ധരായും മറ്റുമുള്ള രാജ്യത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം ഖത്വറില്‍ നിന്ന് അയ്യായിരം പേര്‍ മലേഷ്യ സന്ദര്‍ശിച്ചു. ട്രാവല്‍ ഏജന്റുമാരുടെയും കമ്പനികളുടെയും സഹകരണത്തോടെ പശ്ചിമേഷ്യയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരിശ്രമത്തിലാണുള്ളത്.

ഉംറ ഏജന്റുമാരുടെ സഹകരണത്തോടെ ഈ മേഖലയില്‍ നിന്ന് മലേഷ്യയിലേക്ക് വിമാന സര്‍വീസ് വര്‍ധിപ്പിക്കാനുള്ള സാധ്യതയും ആരായും. ഖത്വറിലെ ഉംറ കമ്പനികളുമായും ചര്‍ച്ച നടത്തും.
ഖത്വറും മലേഷ്യയും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിന് നയതന്ത്ര ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ രണ്ട് വര്‍ഷം പരസ്പര വ്യാപാര മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. എണ്ണ, വാതക വില കുറഞ്ഞതാണ് ഇതിന് കാരണം. ഇരുരാഷ്ട്രങ്ങളുടെയും പരസ്പര സഹകരണത്തിന് വിവിധ കരാറുകള്‍ തയ്യാറാക്കുന്നുണ്ട്. സുരക്ഷ, പ്രതിരോധം മേഖലയിലെ കൈമാറ്റവും ജീവനക്കാരുടെ കൈമാറ്റവും പരിശീലനവുമെല്ലാം ഇതില്‍ പെട്ടതാണ്. ഫിഫ ലോകകപ്പിന് ഖത്വറിനെ തിരഞ്ഞെടുത്തത് മലേഷ്യന്‍ കമ്പനികള്‍ക്കും അവസരമാണ്. അവശ്യ അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുകളുടെയും യന്ത്രസാമഗ്രികളുടെയും വിതരണത്തിന് മലേഷ്യന്‍ കമ്പനികള്‍ ഖത്വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.