ജനസാഗരം സാക്ഷി; സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സംഗമത്തിന് സമാപനം

Posted on: February 6, 2017 8:19 am | Last updated: February 6, 2017 at 10:58 am

കുറ്റിയാടി: വീണ്ടെടുത്ത ചരിത്രം കരുത്താര്‍ജിച്ചതിന്റെ നേരടയാളമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ തീര്‍ത്ത മഹാപ്രവാഹത്തോടെ സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. വിശുദ്ധിയുടെ നന്മമരങ്ങള്‍ കടപുഴക്കുന്നവര്‍ക്കും പൈതൃകങ്ങള്‍ തച്ചുടക്കുന്നവര്‍ക്കുമുള്ള താക്കീതായിരുന്നു ഈ മഹാമുന്നേറ്റം. രണ്ടര പതിറ്റാണ്ടിന്റെ വളര്‍ച്ചയും കരുത്തും സംഗമിച്ച സയാഹ്നത്തിലായിരുന്നു സമാപനസമ്മേളനം. പണ്ഡിത നേതൃത്വത്തിന്റെ വിശുദ്ധിയും അന്താരാഷ്ട്ര പ്രമുഖരുടെ സാന്നിധ്യവും സമാപന സംഗമം പ്രൗഢമാക്കി.
അറബ് ലീഗ് മിഷന്‍ അംബാസിഡര്‍ ശൈഖ് അബ്ദുല്‍ അബ്ബാസ് നാഇഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയും സിറാജുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണവും നടത്തി. ടുണീഷ്യ അംബാസിഡര്‍ ജമാല്‍ ബോജ്ദാറിയ മുഖ്യാതിഥിയായിരുന്നു.
സിറാജുല്‍ ഹുദാ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട് രണ്ടര പതിറ്റാണ്ടായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കാന്തപുരത്തിന് സമ്മേളനം ആദരവ് അര്‍പ്പിച്ചു. അറബ് ലീഗ് മിഷന്‍ അംബാസിഡര്‍ ഉപഹാരം നല്‍കി. സിറാജുല്‍ ഹുദായുടെ ആദ്യ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയ സയ്യിദ് അലി ബാഫഖി തങ്ങളെ ജോര്‍ദാന്‍ അംബാസിഡറുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
സിറാജുല്‍ ഹുദാ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ്ദാനം സമസ്ത വൈസ് പ്രസിഡന്റ് അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ശൈഖ് റാശിദ് അല്‍ളാഹിരി യു എ ഇ, പ്രൊഫ. അഹമ്മദ് യൂസുഫ് സംസമി (ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി, മക്ക) ഡോ. വലീദ് മസ്ഊദ് ന്യൂയോര്‍ക്ക് (എക്‌സിറ്റര്‍ യൂനിവേഴ്‌സിറ്റി, ലണ്ടന്‍), ഡോ. മുഹമ്മദ് യൂനുസ് ഫാലിഹ് (ജനറല്‍ സെക്രട്ടറി, ദാറുല്‍ ഇഫ്താ, ജോര്‍ദാന്‍) ബഹാഉദ്ദീന്‍ ഉസ്മാന്‍ (ജോര്‍ദാന്‍), ഡോ. അതിയ്യ മുഹമ്മദ് യൂസുഫ് (അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഈജിപ്ത്), ശൈഖ് മുഹമ്മദ് ലുത്വുഫി (അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഈജിപ്ത്), ശൈഖ് അയ്യൂബ്ഖാന്‍ നഈമി (പ്രിന്‍സിപ്പല്‍, ജാമിഅ നഈമിയ്യ യു പി) ശൈഖ് സയ്യിദ് വഖാര്‍ അഹമ്മദ് (ജാമിഅ മസ്ജിദ്, ഡല്‍ഹി) സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സയ്യിദ് ത്വാഹ തങ്ങള്‍, മജീദ് കക്കാട്, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് പ്രസംഗിച്ചു.
കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. രാവിലെ നടന്ന പ്രവാസി സമ്മേളനം കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹിം മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് നടന്ന ഉലമാ ഉമറാ സമ്മേളനം അലി മുസ്‌ലിയാര്‍ കുമരംപുത്തൂരും പ്രൊഫഷണല്‍ മീറ്റ് ഡോ. ഇ എന്‍ അബ്ദുല്‍ലത്വീഫും ഉദ്ഘാടനം ചെയ്തു.