Connect with us

Kozhikode

അധ്യാപകരില്ല; ചെറുവണ്ണൂര്‍ എ ഡബ്ല്യു എച്ച് കോളജില്‍ വിദ്യാര്‍ഥികളുടെ സമരം

Published

|

Last Updated

ഫറോക്ക്: ചെറുവണ്ണൂര്‍ എഡബ്ല്യു എച്ച് കോളജില്‍ അധ്യാപകരില്ലാത്തതിനാല്‍ പഠനം മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ സമരത്തില്‍. എ ഡബ്ല്യു എച്ച് മാനേജ്‌മെന്റ് ബി എഡ് കോളജിനോടനുബന്ധിച്ച് ഭിന്നശേഷിക്കാരായവര്‍ക്കുള്ള സ്‌പെഷ്യല്‍ അധ്യാപക പരിശീലന കേന്ദ്രത്തിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി അധ്യാപകരില്ലാത്തത്. രണ്ട് വര്‍ഷത്തെ ഡി ഡി എസ് ഇ, ഒരു വര്‍ഷത്തെ ഡി സി ബി ആര്‍ എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം മുതല്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് കോളജില്‍ മൂന്ന് അധ്യാപകര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാസങ്ങളായി അധ്യാപനം ഒരു പരിശീലകനിലൊതുങ്ങിയതോടെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിക്കിടക്കുകയാണ്.

ലക്ഷദ്വീപുകളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി മൂന്ന് ക്ലാസുകളിലായി അന്‍പതോളം വിദ്യാര്‍ഥികളാണ് കോളജിലെ ഭിന്നശേഷി വിഭാഗത്തില്‍ പഠിക്കുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് അവസാനിക്കാനായിട്ടും പ്രയോഗിക പരിശീലനം, റെക്കോര്‍ഡ് സമര്‍പ്പിക്കല്‍, പരിശോധന തുടങ്ങിയ മിക്ക പാഠ്യവിഷയങ്ങളും ഇതുവരെ തുടങ്ങാനായിട്ടില്ല. കോഴ്‌സ് ഇനത്തില്‍ ഒരു വര്‍ഷം 20,000 രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. ഭക്ഷണം, താമസം എന്നിവക്കായി ഒരു വര്‍ഷത്തേക്ക് 75,000 രൂപ വേറെയും ഈടാക്കുന്നു. കോളജ് പ്രിന്‍സിപ്പല്‍ അവധിയിലായതിനാല്‍ സൂപ്രണ്ടിനാണ് താത്കാലിക ചുമതല.
പഠനം പ്രധിസന്ധിയിലായതോടെ വിദ്യാര്‍ഥികള്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ഒപ്പു ശേഖരിച്ച് വി കെ സി മമ്മദ് കോയ എം എല്‍ എക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ കോളജ് ഭരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി നിയോഗിച്ച റസീവറുടെ നിയന്ത്രണത്തിലാണ് കോളജ് ഭരണം നടന്നുവരുന്നത്.