പച്ചക്കറിയും പഴവര്‍ഗങ്ങളും വീട്ടുമുറ്റത്ത് വിളയിച്ച് യുവാവ്

Posted on: February 4, 2017 2:49 pm | Last updated: February 4, 2017 at 2:49 pm
അബ്ദുര്‍റസാഖിന്റെ വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടം

താമരശ്ശേരി: വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും വീട്ടുമുറ്റത്ത് വിളയിച്ചെടുക്കുകയാണ് പരപ്പന്‍പൊയില്‍ പനക്കോട് പുളിയാറക്കല്‍ അബ്ദുര്‍റസാഖ്. രണ്ട് വര്‍ഷം മുമ്പ് കൗതുകത്തിന് ആരംഭിച്ച പച്ചക്കറി കൃഷിയിലെ മികച്ച വിളവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷം കൃഷി വ്യാപകമാക്കിയത്. വിവിധയിനം പയറുകള്‍, കൈപ്പ, വെണ്ട, ചുരങ്ങ, വെള്ളരി, കക്കിരി, പച്ചമുളക്, തക്കാളി, മത്തന്‍ തുടങ്ങിയയെല്ലാം അബ്ദുര്‍റസാഖ് നട്ടുവളര്‍ത്തുന്നുണ്ട്. ഗള്‍ഫ് രാജ്യത്ത് പ്രിയങ്കരമായ കിയാറും ഇവിടെയുണ്ട്. രണ്ട് വര്‍ഷം മുമ്പ് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് അല്‍പം വിത്തുകള്‍ വാങ്ങിയാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.

വീട്ടുപടിക്കല്‍ മുന്തിരി വള്ളി പടര്‍ന്നു പന്തലിക്കുന്നുണ്ട്. ചെറീസ്, സപ്പോട്ട, റമ്പൂട്ടാന്‍, അമ്പാഴങ്ങ, റുമ്മാന്‍ തുടങ്ങിയ പഴവര്‍ഗങ്ങളും വിദേശ പഴവര്‍ഗങ്ങളും വിവിധയിനം മാവുകളും.ഇവിടെയുണ്ട്. എല്ലാം ചട്ടികളിലും ഗ്രോ ബാഗുകളിലുമാണ് വളരുന്നത്. ഫലവൃക്ഷങ്ങള്‍ പ്രായമാവുമ്പോള്‍ ചട്ടിയില്‍ നിന്ന് പറിച്ചുനടും. കാര്‍ഷികവൃത്തി അന്യമാവുന്ന കാലത്തും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് റസാഖിന്റെ പരാതി. രണ്ട് പതിറ്റാണ്ടിലേറെ വിദേശത്തായിരുന്ന അബ്ദുര്‍ റസാഖിന്റെ അടുത്ത ലക്ഷ്യം വിദേശ മാതൃകയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള പോളി സൗസാണ്. ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.