Connect with us

International

റോഹിംഗ്യകള്‍ക്ക് നേരെ നടന്നത് വംശഹത്യ

Published

|

Last Updated

സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങള്‍ വിശദീകരിക്കവെ പൊട്ടിക്കരയുന്ന
റോഹിംഗ്യന്‍ അഭയാര്‍ഥി ഫാത്വിമ ഖാതൂന്‍

ന്യൂയോര്‍ക്ക്: മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നത് ക്രൂരമായ നയനായാട്ടായിരുന്നുവെന്ന് വ്യക്തമാകുന്ന യു എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മ്യാന്മറിലെ റാഖിനെയില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി നടത്തിയ അഭിമുഖങ്ങള്‍ മുന്‍നിര്‍ത്തി യു എന്‍ മനുഷ്യാവകാശ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും വംശഹത്യയും നടന്നുവെന്ന് തെളിയിക്കുന്നതാണ് യു എന്‍ റിപ്പോര്‍ട്ട്. സൈനിക പോസ്റ്റിന് നേരെ ആക്രമണം ഉണ്ടായെന്നും അതിന് പിന്നില്‍ റോഹിംഗ്യകളാണെന്നും ആരോപിച്ചാണ് എഴുപതിനായിരത്തോളം അഭയാര്‍ഥികളെ സൃഷ്ടിച്ച ഒക്‌ടോബറിലെ നരനായാട്ടുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ സൈനിക ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

പൗരന്മാരായി പോലും മ്യാന്മര്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത ദരിദ്രരും നിരാലംബരുമായ റോഹിംഗ്യന്‍ വംശജര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന യുക്തിക്ക് നിരക്കാത്ത ആരോപണമാണ് സൈന്യം ഉന്നയിക്കുന്നത്. ഇതേതുടര്‍ന്നുണ്ടായ കേവല സൈനിക നടപടികള്‍ മാത്രമാണ് റാഖിനെയിലുണ്ടായതെന്നും സൈന്യം വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയില്ലെന്നും മ്യാന്മര്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നു. എന്നാല്‍, മ്യാന്മര്‍ സര്‍ക്കാറിന്റെ വെള്ളപൂശലിന് കടകവിരുദ്ധമാണ് സൈനിക ആക്രമണത്തിന് ഇരകളായവരുടെയും അഭയാര്‍ഥികളുടെയും മൊഴി. ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന 204 അഭയാര്‍ഥികളില്‍ നിന്ന് മനുഷ്യാവകാശ വിഭാഗം സംസാരിച്ചിട്ടുണ്ട്. ഇവരില്‍ 101 സ്ത്രീകളും ഉള്‍പ്പെടും. അഭിമുഖത്തിന് തയ്യാറായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും മ്യാന്മര്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവരോ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായവരാണ്. തങ്ങളുടെ നവജാത ശിശുക്കളെ കണ്‍മുന്നിലിട്ട് സൈനികര്‍ ചവട്ടിയരച്ച് കൊന്നതായും റോഹിംഗ്യന്‍ വംശജര്‍ യു എന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. റോഹിംഗ്യന്‍ വംശജരുടെ ഭക്ഷണ സ്രോതസ്സുകള്‍ നശിപ്പിക്കുക തുടങ്ങിയ വംശഹത്യ നീക്കങ്ങള്‍ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയിട്ടുണ്ട്.
ക്രൂരമായ നരനായാട്ട് നടത്തിയ മ്യാന്മര്‍ സര്‍ക്കാറിനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൃദുസമീപനം അവസാനപ്പിക്കണമെന്നും ശക്തമായ നിയമ നടപടിയും നയതന്ത്ര സമ്മര്‍ദവും ലോക രാജ്യങ്ങളില്‍ നിന്നുണ്ടാകണമെന്നും റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് തുന്‍ ഖിന്‍ ആവശ്യപ്പെട്ടു.
ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകള്‍ക്ക് സമാനമായ ആക്രമണമാണ് റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യവും നടത്തിയത്. മൂന്ന് വയസ്സിനും ആറ് വയസ്സിനു ഇടയിലുള്ള കുട്ടികളെ സൈന്യം കത്തി കൊണ്ട് തലയറുത്ത് കൊന്നതായും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം നടത്തി കൊന്ന മാതാവിന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതായും യു എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മാതാവിന്റെ മുലപ്പാലിന് വേണ്ടി കരയുന്ന കുഞ്ഞിനെ കൊന്ന് മ്യാന്മര്‍ സൈന്യം എന്ത് ദേശീയ സുരക്ഷയാണ് നടപ്പാക്കുന്നതെന്ന് യു എന്‍ മനുഷ്യാവകാശ മേധാവി സയ്യിദ് അല്‍ ഹുസൈന്‍ ചോദിച്ചു.

 

---- facebook comment plugin here -----

Latest