വീണ്ടും മലക്കം മറിഞ്ഞ് മുലായം; ആദ്യം ശിവപാല്‍, പിന്നെ അഖിലേഷ്

Posted on: February 4, 2017 7:30 am | Last updated: February 4, 2017 at 12:04 am

ലക്‌നോ: പാര്‍ട്ടിയിലെ കുടുംബ ചേരിതിരിവില്‍ നിന്ന് താന്‍ പൂര്‍ണമായി മാറിയിട്ടില്ലെന്ന് സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. തന്റെ സഹോദരനും പാര്‍ട്ടിയിലെ അഖിലേഷ് വിരുദ്ധ വിഭാഗത്തെ നയിച്ചയാളുമായ ശിവ്പാല്‍ യാദവിന് വേണ്ടിയാകും താന്‍ ആദ്യം പ്രചാരണത്തിനിറങ്ങുകയെന്നാണ് മുലായം ഇന്നലെ പ്രതികരിച്ചത്. ശിവപാല്‍ യാദവ് മത്സരിക്കുന്ന ജസ്വന്ത്‌നഗറില്‍ ഈ മാസം ഒമ്പതിന് പ്രചാരണം തുടങ്ങുമെന്നും അതിന് ശേഷമാകും അഖിലേഷിന്റെ മണ്ഡലത്തില്‍ എത്തുകയെന്നും മുലായം എ എന്‍ ഐയോട് പറഞ്ഞു.

കോണ്‍ഗ്രസ്- എസ് പി സഖ്യത്തിന് താന്‍ എതിരാണെന്നും പ്രചാരണത്തിന് ഇറങ്ങില്ലെന്നും നേരത്തേ വ്യക്തമാക്കിയ മുലായം കഴിഞ്ഞ ദിവസം നിലപാട് വീണ്ടും മാറ്റിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘എന്തൊക്കെയായാലും അവന്‍ എന്റെ മകനല്ലേ…’ എന്ന മുഖവുരയോടെയാണ് മലായം സിംഗ് യാദവ് സഖ്യപരീക്ഷണത്തിന് പിന്തുണ അറിയിച്ചിരുന്നത്.

നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക ഇറക്കുമ്പോള്‍ മുലായത്തിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. അതോടെ പ്രകടനപത്രിക ഏറ്റുവാങ്ങുന്ന പിതാവിന്റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച് എല്ലാം ശുഭമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അഖിലേഷ് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് എന്നല്ല, പാര്‍ട്ടിക്ക് വേണ്ടി പോലും താന്‍ പ്രചാരണത്തിനില്ലെന്ന കടുത്ത പ്രഖ്യാപനവുമയി മുലായം രംഗത്തെത്തിയത്. പല തവണ മലക്കം മറിഞ്ഞ് ഒരിക്കല്‍ കൂടി ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ് മുലായത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന.