Connect with us

Gulf

സി ബി എസ് ഇ (ഐ) സിലബസ് പിന്‍വലിച്ച് സര്‍ക്കുലര്‍; അഡ്മിഷന്‍ കാലത്ത് ആശങ്ക

Published

|

Last Updated

മസ്‌കത്ത്: സി ബി എസ് ഇ (ഐ) സ്‌കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് സി ബി എസ് ഇ സര്‍ക്കുലര്‍ പുറത്തിറക്കിയതോടെ ആശങ്കയിലായി രക്ഷിതാക്കള്‍. അടുത്ത അധ്യായന വര്‍ഷം മുതല്‍ സി ബി എസ് ഇ (ഐ) സിലബസില്‍ അഡ്മിഷന്‍ സ്വീകരിക്കേണ്ടതില്ലെന്നും നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളെ മറ്റു സിലബസുകളിലേക്ക് മാറ്റണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സിലബസ് പ്രാബല്യത്തില്‍ വരുത്തുന്നതില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
2010 – 2011 അധ്യായന വര്‍ഷം മുതല്‍ ആരംഭിച്ച സി ബി എസ് ഇ (ഐ) സിലബസ് കണിശമായ മാനധണ്ഡങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്. ഇവ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ സ്‌കൂളുകള്‍ വീഴ്ച വരുത്തിയതോടെയാണ് സി ബി എസ് ഇ കരിക്കുലം കമ്മിറ്റി യോഗം ചേര്‍ന്ന് സി ബി എസ് ഇ (ഐ) സിലബസിന് ഫുള്‍ സ്റ്റോപ്പിടാന്‍ തീരുമാനിച്ചത്. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍, അല്‍ ഇന്‍ജാസ്, മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങി നിരവധി സ്‌കൂളുകള്‍ ഒമാനില്‍ സി ബി എസ് ഇ (ഐ) സിലബസ് നല്‍കി വരുന്നുണ്ട്. ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. അടുത്ത അധ്യായന വര്‍ഷം സ്‌കൂളുകള്‍ സി ബി എസ് ഇ അടക്കമുള്ള സിലബസുകളിലേക്ക് മാറേണ്ടി വരും. അല്ലാത്ത പക്ഷം, സി ബി എസ് ഇ സിലബസുള്ള സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മാറേണ്ടി വരും.

അതേസമയം, സി ബി എസ് ഇ (ഐ) സിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ മറ്റു സിലബസുകളിലേക്ക് മാറണമണമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാനിലെ സ്‌കൂളുകള്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അസൈബ മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പുതിയ സിലബസിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍ തൃപ്തരാകാത്ത ഇന്ത്യക്കാരായ രക്ഷിതാക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ഇന്ത്യന്‍ സ്‌കൂള്‍സ് ബി ഒ ഡിക്ക് കീഴിലെ സ്‌കൂളുകളില്‍ അഡ്മിഷന് അവസരം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 600ല്‍ പരം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠിച്ചിരുന്നത്.
ഇന്ത്യന്‍ സ്‌കൂള്‍സ് ബി ഒ ഡിക്ക് കീഴില്‍ വരുന്ന ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ മാത്രമാണ് സി ബി എസ് ഇ (ഐ) സിലബസ് നിലവിലുള്ളതെന്നും വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിന് അംഗീകാരം ലഭിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഇത് ആരംഭിക്കില്ലെന്നും ബി ഒ ഡി ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് സിറാജിനോട് പറഞ്ഞു. ഗുബ്ര ഇന്ത്യന്‍ സ്‌കൂളിന്റെ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത രൂപത്തില്‍ പരിഹാരം കാണും. എന്നാല്‍, സ്വാകാര്യ സ്‌കൂളുകളിലെ സി ബി എസ് ഇ (ഐ) സിലബസ് ബി ഒ ഡിയുടെ ചര്‍ച്ചയില്‍ വരുന്നില്ല. എങ്കിലും, കമ്യൂണിറ്റി സ്‌കൂളുകള്‍ നിയന്ത്രിക്കുന്ന ബി ഒ ഡിക്ക് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. പുതിയ സാഹചര്യത്തില്‍ ഇത് ഒരു വെല്ലുവിളിയാണെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠന സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വില്‍സന്‍ ജോര്‍ജ് വ്യക്തമാക്കി.

സി ബി എസ് ഇ (ഐ) സിലബസുകള്‍ക്ക് പകരം അമേരിക്കന്‍ സിലബസ് അടക്കമുള്ളവയാണ് സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ബി ഒ ഡി ഇടപെട്ട് കമ്യൂണിറ്റി സ്‌കൂളുകളില്‍ അടുത്ത അധ്യായന വര്‍ഷം പഠനത്തിന് അവസരം ഒരുക്കണമെന്നും സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.