ട്രംപിന്റെ മുസ്‌ലിം വിലക്കിനെതിരെ യു എന്‍

Posted on: February 2, 2017 11:40 pm | Last updated: February 2, 2017 at 11:40 pm

ന്യൂയോര്‍ക്ക്: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും യാത്രക്കാരെയും വിലക്കിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യു എന്‍. അമര്‍ഷവും ഉത്കണ്ഠയും പടര്‍ത്താന്‍ മാത്രമേ ഈ നയം ഉപകരിക്കുകയുള്ളൂവെന്ന് യു എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

വിലക്ക് എത്രയും വേഗം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്കയില്‍ യു എസിനെ മാത്രമല്ല മറ്റേതൊരു രാജ്യത്തെയും സംരക്ഷിക്കാന്‍ ഇതല്ല മാര്‍ഗം. ഇത് ഫലപ്രദമായ മാര്‍ഗമായി താന്‍ കരുതുന്നില്ല. വിപരീത ഫലം മാത്രമേ ഇതുണ്ടാക്കൂ. എത്രയും വേഗം ഈ തീരുമാനം പിന്‍വലിച്ച് ശരിയായ വഴിയിലേക്ക് രാജ്യത്തെ നയിക്കാന്‍ ട്രംപ് തയ്യാറാകണമെന്നും യു എന്‍ മേധാവി പറഞ്ഞു.

ഇത്തരം നടപടികള്‍ തീവ്രവാദി ഗ്രൂപ്പുകളെ സഹായിക്കുകയേ ഉള്ളൂ. ഈ വിവേചനം ചൂണ്ടിക്കാട്ടി ലോകത്താകെ അവര്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തും. ഈ ഗ്രൂപ്പുകള്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അവര്‍ ആക്രമണം നടത്താന്‍ പാസ്‌പോര്‍ട്ട് ഉള്ളവരെ ആയുധം കൊടുത്ത് പറഞ്ഞയക്കുകയല്ല ചെയ്യുക. സുരക്ഷിതമെന്നും വിശ്വസ്തമെന്നും നിങ്ങള്‍ കരുതുന്ന രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ടുമായായിരിക്കാം അവര്‍ വരുന്നത്. ഒരു പക്ഷേ നിങ്ങളുടെ രാജ്യത്തിനകത്ത് നിന്ന് തന്നെയാകാം അത്- അന്റോണിയോ പറഞ്ഞു.
യു എന്നിനുള്ള ഫണ്ട് യു എസ് വെട്ടിക്കുറക്കുമെന്ന ട്രംപിന്റെ ഭീഷണിയോട് വ്യക്തമായി പ്രതികരിക്കാന്‍ യു എന്‍ മേധാവി തയ്യാറായില്ല. നടക്കാത്ത ചില കാര്യങ്ങളെ ക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നാല്‍ അത് നടക്കാനുള്ള സാധ്യത ഏറുകയാണ് ചെയ്യുന്നത്. അത്‌കൊണ്ട് ഈ ചോദ്യത്തോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യു എന്നിന്റെ മൂല്യമുയര്‍ത്താനുള്ള എല്ലാ നടപടികള്‍ക്കും താന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.