ലുലു വൗച്ചര്‍ സമ്മാന സര്‍വേ വ്യാജം; ലിങ്ക് തുറക്കരുതെന്ന് അധികൃതര്‍

Posted on: February 2, 2017 9:33 pm | Last updated: February 2, 2017 at 9:33 pm

ദോഹ: ലുലിവിന്റെ 500 റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ വാഗ്ദാനം ചെയ്ത് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സര്‍വേ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സന്ദേശവുമായി വരുന്ന വെബ് ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയോ അരുതെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് സന്ദേശം വ്യാപകമായി വാട്‌സ് ആപ്പിലൂടെ പ്രചരിക്കപ്പെട്ടത്.

മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷം പത്തു സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുന്നതോടെയാണ് 500 റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുകയെന്നായിരുന്നു അറിയിപ്പ്.
ഇതോടെയാണ് ചോദ്യങ്ങള്‍ക്ക് വെബ് ലിങ്ക് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. വൗച്ചര്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ നിരവധി പേര്‍ സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ലിങ്ക് വ്യാജമാണെന്നും ഇത്തരമൊരു സര്‍വേയോ പ്രമോഷനോ ലുലു നടത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ നേരത്തേ ഒമാനിലും ബഹ്‌റൈനിലും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്താക്കളെ അറിയിക്കുയും ചെയ്തിരുന്നു. ഖത്വറില്‍ വ്യാജ സന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്നും ലുലു അധികൃതര്‍ സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റിലും മുന്നറിയിപ്പു നല്‍കി.
സര്‍വേയില്‍ പങ്കെടുപ്പിച്ചും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ സുരക്ഷാ വിഭാഗം മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് പ്രമുഖ സ്ഥാപനത്തിന്റെ പേരിലും കഴിഞ്ഞ ദിവസം വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടത്.