Connect with us

Kerala

സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കുറ്റിയാടി സിറാജുല്‍ ഹുദാ എജ്യൂക്കേഷനല്‍ കോംപ്ലക്‌സ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് നാളെ തുടക്കം. സ്‌നേഹം, സേവനം, സമാധാനം എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് സിറാജുല്‍ഹുദാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം ആറിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ജോര്‍ദാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍കരീം ഖസാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി ടി എ റഹീം എം എല്‍ എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഹമ്മദ് ബശീര്‍ സംബന്ധിക്കും. ക്യാമ്പസില്‍ പുതുതായി പൂര്‍ത്തിയായ 3000 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള മസ്ജിദ് ഖദീജത്തുല്‍ കുബ്‌റയുടെ ഉദ്ഘാടനം നാളെ ഉച്ചക്കും സമ്മേളനത്തിന്റ ഭാഗമായുള്ള ആത്മീയ സംഗമം ഉദ്ഘാടനം വൈകിട്ടും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
ശനിയാഴ്ച രാവിലെ ഖുര്‍ആന്‍ സമ്മേളനം ശൈഖ് മുഹമ്മദ് ലുത്വഫി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇസ്‌ലാമിക് നോളജ് കോര്‍ട്ടില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. വൈകിട്ട് നാലിന് രാഷ്ട്രീയ സേവനം സമാധാനത്തിന് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, എം എല്‍ എമാരായ പി സി ജോര്‍ജ്, എന്‍ എ നെല്ലിക്കുന്ന്, രാഷ്ട്രീയ നേതാക്കളായ എം വി ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി കെ പത്മനാഭന്‍, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ അലി അബ്ദുല്ല സംബന്ധിക്കും.
ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന പ്രൊഫഷനല്‍ മീറ്റ് കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ അഹ്മദും പ്രവാസി സമ്മേളനം കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദറും ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വിദേശ പ്രതിനിധികള്‍ സംബന്ധിക്കും.
13000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിറാജുല്‍ഹുദാ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ, സാമൂഹിക പ്രവൃത്തികളാണ് നടന്നുവരുന്നത്. നിര്‍ധനരായ വിധവകള്‍ക്ക് ധനസഹായം, കോഴിക്കോട് മെഡിക്കല്‍ കോളജ്, വിവിധ ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിക്കല്‍, റോഡ് സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് വിതരണം എന്നിവ ഇതിനകം പൂര്‍ത്തിയായി. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും ഭാരാവഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സിറാജുല്‍ ഹുദാ എജ്യൂക്കേഷനല്‍ കോംപ്ലക്‌സ് കമ്മിറ്റി പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മാക്കൂല്‍ മുഹമ്മദ് ഹാജി പങ്കെടുത്തു.