Connect with us

Articles

പ്രത്യാഘാതങ്ങള്‍ക്ക് പ്രതിവിധി പറയാതെ

Published

|

Last Updated

വാചാടോപങ്ങളില്‍ കാണുന്ന ചങ്കൂറ്റം രേഖകളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2017 – 18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും തെളിയിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മുന്‍കാല ബജറ്റുകളിലും ഏതാണ്ട് ഇതേ കാഴ്ച കണ്ടു. 2016 -17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കഴിഞ്ഞ വര്‍ഷം അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുമ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് പി ചിദംബരം അവതരിപ്പിച്ചത് പോലുള്ളൊരു സ്വപ്‌ന ബജറ്റിന്റെ സാധ്യത പ്രവചിച്ചവരുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. വിവിധ വകുപ്പുകള്‍ക്ക് പതിവുപോലെ വിഭവങ്ങള്‍ പങ്കുവെക്കുകയും സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു ജെയ്റ്റ്‌ലി. നോട്ട് പിന്‍വലിക്കല്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും അതിന്റെ പ്രതിഫലനം ബജറ്റിലുണ്ടാകുമെന്നുമാണ് ഇക്കുറി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ പതിവ് രീതികളില്‍ നിന്ന് മാറാനോ ധീരമായ തീരുമാനങ്ങളെടുക്കാനോ നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചില്ല. ധീരമായ തീരുമാനമെന്നാല്‍ ജനോപകാരപ്രദമെന്ന് അര്‍ഥമില്ല. ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്കിനെ കൂടുതല്‍ ഉയരത്തിലേക്ക് നയിക്കാന്‍ പാകത്തിലെങ്കിലുമുള്ള തീരുമാനങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ. അതുപോലുമുണ്ടായില്ല എന്നതാണ് വസ്തുത.
യുവാക്കളുടെ നൈപുണ്യ വികസനം, കാര്‍ഷിക മേഖലക്ക് ഊര്‍ജമേകുക എന്ന ലക്ഷ്യത്തോടെ വായ്പക്കായി കൂടുതല്‍ തുക നീക്കിവെക്കുക, പട്ടിക വിഭാഗങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കുക, പ്രധാനമന്ത്രി പലകാലങ്ങളിലായി പ്രഖ്യാപിക്കുകയും വലിയ ഫലം പ്രദാനം ചെയ്യാതിരിക്കുകയും ചെയ്ത സ്വച്ഛ് ഭാരത്, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പരിപാടികള്‍ക്കായി കൂടുതല്‍ വിഹിതം നീക്കിവെക്കുക എന്നിവ ഇക്കുറിയുമുണ്ട്. ഇതൊരു നടപ്പുരീതി മാത്രമേ ആകുന്നുള്ളൂ. അതിനപ്പുറത്ത് ഭാവന വികസിക്കുന്നില്ല, വികസിച്ചാല്‍ തന്നെ നടപ്പാക്കാനുള്ള ധൈര്യം സര്‍ക്കാറിന് ഉണ്ടാകുന്നില്ല.
നോട്ട് പിന്‍വലിക്കല്‍ കാര്‍ഷിക, ഇടത്തരം – ചെറുകിട വ്യവസായങ്ങളെയും റിയല്‍ എസ്റ്റേറ്റ് മേഖലയെയുമാണ് പ്രധാനമായും ബാധിച്ചത്. അവിടങ്ങളിലുണ്ടായ പ്രതിസന്ധി തൊഴില്‍ അവസരങ്ങളെ വലിയ തോതില്‍ കുറക്കുകയും ചെയ്തു. ഈ കുറവ് ഇനിയും കുറേക്കാലത്തേക്ക് കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പരിഹരിക്കാനുള്ള പ്രധാന വഴി, പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍, വിപണിയിലേക്ക് കൂടുതല്‍ പണം എത്തിക്കുക എന്നതായിരുന്നു. വിപണിയിലേക്ക് കൂടുതല്‍ പണം എത്തണമെങ്കില്‍ രാജ്യത്തെ ഇടത്തരക്കാരുടെ കൈയില്‍ പണമുണ്ടാകണം. അത് പരിഗണിച്ചാണ് ആദായ നികുതി പരിധി ഉയര്‍ത്തുമെന്നും അത് അഞ്ച് ലക്ഷം വരെ ഉയര്‍ത്താനിടയുണ്ടെന്നും അഭ്യൂഹമുണ്ടായത്. അതുണ്ടായിരുന്നുവെങ്കില്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സ്ഥിതി ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. അത്തരത്തിലൊരു തീരുമാനമെടുത്ത് പരീക്ഷിക്കാനുള്ള ധൈര്യം നരേന്ദ്ര മോദി സര്‍ക്കാറിന് ഉണ്ടായില്ല. അല്ലെങ്കില്‍ അത്തരമൊരു ധൈര്യം പ്രദാനം ചെയ്യാന്‍ പാകത്തിലുള്ള ഗുണഫലം നോട്ട് പിന്‍വലിക്കല്‍ മൂലം ഉണ്ടായില്ലെന്ന് കരുതണം.
നിലവില്‍ തന്നെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട് കാര്‍ഷിക മേഖല. അതുകൊണ്ടാണ് അവിടെ നിന്നുള്ള ആത്മഹത്യയുടെ കണക്ക് ഓരോ വര്‍ഷവും വര്‍ധിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ ഈ മേഖലയെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നുണ്ട്. അത് നേരിടാന്‍ പാകത്തിലുള്ളതാണോ ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടുന്നത് വായ്പാ പരിധി 10 ലക്ഷം കോടിയായി ഉയര്‍ത്തിയെന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള വായ്പക്കായി ഒമ്പത് ലക്ഷത്തിലേറെക്കോടി രൂപ നീക്കിവെച്ചിരുന്നു ധനമന്ത്രി. ഇത് എന്ത് പ്രയോജനം ചെയ്തു? വായ്പക്ക് അവസരമില്ലാത്തതല്ല കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രയാസം. ഉത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കാത്തതാണ്. അത് പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഇതുവരെ സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. ഈ ബജറ്റും ഭിന്നമാകുന്നില്ല. ഉത്പന്നം പാഴാകാതെ സംഭരിക്കാനും അപ്പോള്‍ തന്നെ ന്യായ വില ലഭ്യമാക്കാനും സംവിധാനമൊരുക്കുകയാണ് ആദ്യം വേണ്ടത്. അതിനു വേണ്ട നിക്ഷേപം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ സ്വകാര്യ കുത്തകകള്‍ നിക്ഷേപം നടത്തുകയും കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വാങ്ങിയെടുക്കുകയും ചെയ്യും. ഈ ചൂഷണം അവസാനിപ്പിക്കാനാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നത്. എന്നാല്‍ താങ്ങുവില നല്‍കി യഥാസമയം സംഭരണം നടത്താന്‍ ഏജന്‍സികള്‍ക്ക് സാധിക്കാതെ വരുന്നത് പതിവാണ്. ആ പതിവ് കൂടിയാണ് സ്വകാര്യ കുത്തകകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കിക്കൊടുക്കുന്നത്. ഈ അവസ്ഥ പരിഹരിക്കാന്‍ ഈ ബജറ്റ് എന്തെങ്കിലും പദ്ധതി അവതരിപ്പിക്കുന്നുണ്ടോ? അതില്ലാതിരിക്കെ, കര്‍ഷകരെ സഹായിക്കുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍ എന്ന് പറയുന്നതിന്റെ അര്‍ഥമെന്ത്? കരാര്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് കര്‍ഷകരെയാണോ ഈ മേഖലയില്‍ നിക്ഷേപമിറക്കുന്ന വന്‍കിടക്കാരെയാണോ സഹായിക്കുക എന്നത് ആലോചിക്കേണ്ടതാണ്.
ഏതാണ്ട് ഇതേ അവസ്ഥയാണ് ചെറുകിട – ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തിലുമുള്ളത്. ഇവയുടെ ആദായ നികുതി 25 ശതമാനത്തിലേക്ക് കുറച്ചുവെന്നതാണ് ആകെ ആശ്വാസം. ഉത്പന്നങ്ങള്‍ക്ക് വേണ്ട വിപണി ഇല്ലാതിരിക്കുകയോ ഇറക്കുമതി ചെയ്യുന്നവയുമായി മത്സരിക്കാന്‍ സാധിക്കാതിരിക്കുകയോ ആണ് ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധി. അത് പരിഹരിക്കാന്‍ പാകത്തിലുള്ള ഒന്നും നിര്‍ദേശിക്കാതെ, ആദായ നികുതിയില്‍ ചെറിയ ഇളവ് നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്‍ഷിക, ചെറുകിട – ഇടത്തരം വ്യവസായ മേഖലകളെ ഈ വിധത്തിലാണ് വര്‍ഷങ്ങളായി നമ്മുടെ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഇതിലൊരു മാറ്റവും ജെയ്റ്റ്‌ലിയുടെ പുതിയ ബജറ്റിലുമില്ല.
കള്ളപ്പണം, അഴിമതി തുടങ്ങിയവക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുന്ന ധനമന്ത്രി, കറന്‍സിയുടെ കൈമാറ്റം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും കറന്‍സിയായി സ്വീകരിക്കാവുന്ന സംഭാവനകള്‍ 2000 രൂപയായി നിജപ്പെടുത്തുകയാണ്. മറ്റ് ഇടപാടുകള്‍ക്ക് കറന്‍സിയായി നല്‍കാവുന്ന തുക മൂന്ന് ലക്ഷമായി നിജപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന നിജപ്പെടുത്തുന്നത് എന്തെങ്കിലും പ്രയോജനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമാണ്, വരവിനും ചെലവിനും കണക്ക് സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുവോളം. പതിനായിരത്തിലധികം കോടി രൂപ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെിവിട്ടതിന് ശേഷം 700 കോടിയുടെ കണക്ക് കൊടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെയും ആദായനികുതി വകുപ്പിനെയും തൃപ്തിപ്പെടുത്തിയവര്‍ തന്നെയാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം.
മൂന്ന് ലക്ഷത്തിന് മേലുള്ള കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കുക എന്നാല്‍ അത് പ്രധാനമായും ബാധിക്കുക റിയല്‍ എസ്റ്റേറ്റ് മേഖലയെയാണ്. കേരളത്തെ ഉദാഹരണമായെടുത്താല്‍ ഇവിടെ നടക്കുന്ന ഭൂമി ഇടപാടുകള്‍ക്ക് നികുതി ഒടുക്കുന്നത് ന്യായവിലയെ അടിസ്ഥാനമാക്കിയാണ്. അതില്‍ നിന്ന് മാറി മുഴുവന്‍ വിലക്കും നികുതി ഒടുക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇടപാടുകള്‍ പകുതിയിലേറെയെങ്കിലും കുറയാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി ചെറുതാകില്ല. തൊഴില്‍ നഷ്ടം, നിര്‍മാണ പ്രക്രിയയുമായി ബന്ധപ്പെട്ട ഇതര വ്യവസായങ്ങളില്‍ ഉണ്ടാക്കാനിടയുള്ള മുരടിപ്പ് എന്നിവയൊക്കെ പ്രതീക്ഷിക്കണം. മാത്രമല്ല, മൂന്ന് ലക്ഷത്തിന് മേലുള്ള ഇടപാടുകള്‍ കറന്‍സി അടിസ്ഥാനത്തില്‍ നടക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്നതിലും അവ്യക്തതയുണ്ട്. അതിന് പാകത്തിലുള്ള അന്വേഷണ, നിരീക്ഷണ സംവിധാനങ്ങള്‍ രാജ്യത്തുണ്ടോ? ആ നിലക്ക് നോക്കുമ്പോള്‍ പ്രായോഗികമായി നടപ്പാകാന്‍ ഇടയില്ലാത്ത ഒന്നായി ഈ നിര്‍ദേശം മാറാനാണ് ഇട.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതിന്റെ ആഘാതം നേരിടാനുള്ള യാതൊന്നും ബജറ്റില്‍ ഇല്ലെന്നതാണ് വസ്തുത. അമേരിക്കയുടെ കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്ന് ഉറപ്പ്. അതുണ്ടായാല്‍ എന്ത് പരിഹാരമെന്ന് ധനമന്ത്രി പറയുന്നില്ല. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം തൊഴില്‍ വിസാ ചട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവിടെ നിലവില്‍ ജോലി ചെയ്യുന്നവരെയും അവിടേക്ക് ജോലിക്ക് ശ്രമിക്കുന്നവരെയും ബാധിക്കും. ഇത് സൃഷ്ടിക്കുന്ന പ്രയാസത്തെ എങ്ങനെ നേരിടുമെന്ന സൂചന ബജറ്റിലില്ല. പുറം തൊഴില്‍ കരാറുകള്‍ നിയന്ത്രിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചാല്‍, രാജ്യത്തെ ഐ ടി കമ്പനികള്‍ ചെറുതല്ലാത്ത പ്രയാസം നേരിടും. അതിനെ ഏത് വിധത്തില്‍ അഭിമുഖീകരിക്കുമെന്നതിനെക്കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിച്ചതായേ തോന്നുന്നില്ല. ഗള്‍ഫ് രാജ്യങ്ങള്‍, കൂടുതല്‍ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നത് ഇന്ത്യന്‍ യൂണിയന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും സംശയം. പുറം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറയാനിടയുണ്ട് എന്ന് അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. അങ്ങനെ വന്നാല്‍ ആഭ്യന്തര ഉത്പാദനമേഖല മാന്ദ്യത്തിലാകുമെന്ന് ഉറപ്പ്. അത് എങ്ങനെ നേരിടുമെന്നതില്‍ നിര്‍ദേശമൊന്നുമില്ല ബജറ്റില്‍.
നോട്ട് പിന്‍വലിക്കലോടെ കൂടുതല്‍ പേര്‍ ആദായനികുതിയുടെ വലയിലേക്ക് വരുമെന്നും അതുവഴി പ്രത്യക്ഷ നികുതി വര്‍ധിക്കുമെന്നും ധനമന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കപ്പെടുന്നതോടെ കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ വരുമാനക്കമ്മി 1.9 ശതമാനത്തിലേക്കും ധനക്കമ്മി 3.2 ശതമാനത്തിലേക്കും താഴുമെന്നാണ് കണക്ക്. യാഥാര്‍ഥ്യവുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പ്രതീക്ഷകള്‍ എന്ന് കണ്ടറിയണം. ആ സംശയം സര്‍ക്കാറിന് തന്നെയുള്ളതുകൊണ്ടാണ് ആദായനികുതിയില്‍ പ്രതീക്ഷിച്ച ഇളവുകള്‍ നല്‍കുന്നതില്‍ നിന്ന് ധനമന്ത്രി വിട്ടുനിന്നതും.
രാജ്യമൊരു മാന്ദ്യത്തിന്റെ വക്കിലാണെന്നും അതൊരുപക്ഷേ അഞ്ച് വര്‍ഷം വരെ നീണ്ടുനിന്നേക്കാമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ ഏറെക്കുറെ അടിവരയിടുന്നുണ്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ്. അത് മറികടക്കാന്‍ പാകത്തില്‍ പൊതുച്ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് സാധിക്കുന്നുമില്ല. വാചാടോപത്തിന് ധൈര്യമോ ഭാവനയോ ആവശ്യമില്ല. ധനകാര്യ മാനേജുമെന്റില്‍ ഇത് രണ്ടും അനിവാര്യവുമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest