സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുകമറ

Posted on: February 1, 2017 6:47 am | Last updated: February 1, 2017 at 12:58 am

06.9 മുതല്‍ 07.5 ശതമാനം വരെ വളര്‍ച്ച അവകാശപ്പെടുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് 2017-18 വര്‍ഷത്തേക്കുള്ള ബജറ്റിന്റെ മുന്നോടിയായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഇന്നലെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ അടുത്ത വര്‍ഷം 4.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടാകില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണത്തില്‍ അര ശതമാനം കുറവ്, പണപ്പെരുപ്പം നിയന്ത്രണ വിധേയമാകും, നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എപ്രില്‍ മാസം വരെ മാത്രം, സമ്പദ്‌വ്യവസ്ഥയില്‍ ഇത് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ താത്കാലികം, നോട്ട് നിരോധനം ദീര്‍ഘകാലത്തില്‍ ഗുണകരം തുടങ്ങിയവയാണ് മറ്റു അവകാശവാദങ്ങള്‍. സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും, സര്‍ക്കാറിന്റെ എല്ലാവിധ ധനസഹായങ്ങളും ബേങ്ക് വഴിയാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം നോട്ട് നിരോധനം മൂലം ഉളവായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബേങ്ക് കഴിഞ്ഞ മാസം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പുനര്‍നിര്‍ണയിച്ചപ്പോള്‍ ജി ഡി പി 7.6ല്‍ നിന്ന് 7.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തിയത്. നോട്ട് നിരോധനം വളര്‍ച്ചാനിരക്കിനെ ബാധിച്ചതായി ആര്‍ ബി ഐയും സൂചന നല്‍കിയിരുന്നു. ലോകരാഷ്ട്രങ്ങളിലെ സാമ്പത്തികാവലോകനത്തിന്റെ ഭാഗമായി ഐ എം എഫ് ഇന്ത്യന്‍ സാമ്പത്തിക മേഖലയെ സംബന്ധിച്ചു ഒക്‌ടോബറില്‍ നടത്തിയ പഠനവും വരും വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴോട്ടായിരിക്കുമെന്നാണ് കാണിക്കുന്നത്. ഇതടിസ്ഥാനത്തില്‍ 2017ല്‍ നേരത്തെ 7.6 ശതമാനമായി കണക്കാക്കിയിരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് എം എഫ് എഫ് 6.6 ശതമാനമായി വെട്ടിക്കുറച്ചതായി വേള്‍ഡ് ഇകോണമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്കിലും 0.4 ശതമാനം കുറവാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉപഭോഗത്തിലുണ്ടാകുന്ന ഭീമമായ കുറവ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നു ലോക നാണയനിധി വിലയിരുത്തുന്നു. ചൈന നടപ്പ് വര്‍ഷത്തില്‍ നേട്ടമുണ്ടാക്കുമെന്നും അവര്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ലോകബേങ്കിന്റെ നിരീക്ഷണവും വ്യത്യസ്തമല്ല. വ്യവസായ വളര്‍ച്ച മുന്‍വര്‍ഷത്തെ 7.4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 5.2 ശതമാനത്തിലേക്കും സേവന മേഖലാ വളര്‍ച്ച 10.3ല്‍ നിന്ന് 8.9 ശതമാനത്തിലേക്കും താഴുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു എ ഐ സി സി നടത്തിയ പഠന റിപ്പോര്‍ട്ടും ആശങ്കാ ജനകമായ വിവരങ്ങളാണ് നല്‍കുന്നത്. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചതായും വായ്പാ വളര്‍ച്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതാണ് രേഖപ്പെടുത്തുന്നതെന്നുമാണ് എ ഐ സി സി യുടെ ഗവേഷണ, കോഡിനേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണിക്കുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ പ്രതിയോഗികളുടെ വിലയിരുത്തലെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ വിശകലന റിപ്പോര്‍ട്ട് മാറ്റിവെച്ചാലും റിസര്‍വ് ബേങ്കിന്റെയും ലോകബേങ്കിന്റെയും എം എഫ് എഫിന്റെയും റിപ്പോര്‍ട്ടുകളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവരാരും നല്‍കുന്ന ചിത്രവും സാമ്പത്തിക വളര്‍ച്ചയുടേതല്ല, തളര്‍ച്ചയുടേതാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ചു തെറ്റായ ചിത്രമാണ് സര്‍ക്കാര്‍ ഇന്നലെ പാര്‍ലിമെന്റില്‍ വെച്ചതെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
നോട്ട് നിരോധനം മാത്രമല്ല ഈ പിറകോട്ടടിക്ക് കാരണം. സാമ്പത്തിക മാനേജ്‌മെന്റിന്റെ പരാജയം, ഉത്പാദന മേഖലയിലെ ഇടിവ് തുടങ്ങി ഭരണ രംഗത്തെ വീഴ്ചകള്‍ സമ്പദ്ഘടനക്ക് ആഘാതമേല്‍പ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയെന്ന് മാത്രം. ഉത്പാദന രംഗത്തെ വളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതില്‍ പ്രധാന സൂചകം. ഈ മേഖലയില്‍ വന്‍ മുന്നേറ്റമാണെന്ന് സര്‍ക്കാര്‍ അടിക്കടി അവകാശപ്പെട്ടുകൊണ്ടിരുന്നെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വീഴ്ച പ്രകടമായതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ വരെയുള്ള ആദ്യ രണ്ടു പാദങ്ങളില്‍ 8.1 ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ 6.7ലെത്തിയിരുന്നു. കാര്‍ഷിക,നിര്‍മാണ, ഖനി മേഖലകളിലെ മുരടിപ്പും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനം വന്നതോടെ എല്ലാം അതുമൂലം ഉളവായ താത്കാലിക പ്രതിഫലനമാണെന്നും ഏറെ താമസിയാതെ അത് മറികടന്നു നടപ്പു വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മാത്രം. ധനമന്ത്രിയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇതിന്റെ ഭാഗമായി വേണം കാണാന്‍.