കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ഉറച്ച് പ്രിന്‍സിപ്പല്‍

Posted on: February 1, 2017 12:15 am | Last updated: February 1, 2017 at 12:01 am
SHARE

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് കോളജ് പ്രിന്‍സിപ്പല്‍. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രിന്‍സിപ്പല്‍ വരദരാജന്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ശേഖരിച്ച ശേഷം മാത്രമേ നിജസ്ഥിതി വ്യക്തമാകൂവെന്നും അന്വേഷണ ചുമതല വഹിക്കുന്ന എ എസ് പി. കിരണ്‍ നാരായണന്‍ റിപ്പോര്‍ട്ട് നല്‍കി. എ എസ് പി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കോളജ് പ്രിന്‍സിപ്പലിന് വേണ്ടി ദൂതനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കേസ് പരിഗണിച്ച കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ഉത്തരവിട്ടു.

ജനുവരി ആറിന് നടന്ന ഫിസിക്‌സ് പരീക്ഷയില്‍ ജിഷ്ണു തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നിന്നും രണ്ട് തവണ നോക്കിയെഴുതിയത് കോളജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി പ്രൊഫ. പ്രവീണ്‍ കണ്ടുവെന്നാണ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോക്കിയെഴുതിയത് ഇന്‍വിജിലേറ്റര്‍ നീക്കം ചെയ്യുകയും പരീക്ഷാ സെല്‍ അംഗങ്ങളോട് ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്ന് ജിഷ്ണുവിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഉപദേശിച്ച് വിടുകയായിരുന്നു. കുട്ടിയുടെ ഭാവി ഓര്‍ത്താണ് സര്‍വകലാശാലയെ അറിയിക്കാതിരുന്നതും മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നതും. മര്‍ദനമേറ്റെന്നതും മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. വസ്തുതക്ക് നിരക്കാത്ത ആരോപണങ്ങളാണ് മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ജിഷ്ണുവിന്റെതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ്, ലീവ് ലെറ്റര്‍, സംഭവം നടന്ന ഹോസ്റ്റല്‍, കുളിമുറി, കോളജ് പരീക്ഷാ കേന്ദ്രം പരിശോധന, സഹപാഠികളെയും കോളേജ് അധികൃതരെയും ചോദ്യം ചെയ്യല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ മേധാവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രേരണയോ, മറ്റ് വീഴ്ചകളോ ഉണ്ടായോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണം. ഇരു റിപ്പോര്‍ട്ടുകളും ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതിനായി മാറ്റിവെച്ചു. 28ന് കമ്മീഷന്‍ വീണ്ടും കേസ് പരിഗണിക്കും.