Connect with us

Gulf

അറബ് ഹെല്‍തിന് ഉജ്വല തുടക്കം; വന്‍ ജനപ്രവാഹം

Published

|

Last Updated

ഉദ്ഘാടനത്തിനു ശേഷം ദുബൈ ഉപ ഭരണാധികാരിയും യു എ ഇ സാമ്പത്തികകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം പ്രദര്‍ശനം വീക്ഷിക്കുന്നു

ദുബൈ: ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ വലിയ പ്രദര്‍ശനമായ അറബ് ഹെല്‍തിന് ഉജ്വല തുടക്കം. ആദ്യദിനം വന്‍ജനപ്രവാഹമായിരുന്നു. ദുബൈ ഉപ ഭരണാധികാരിയും യു എ ഇ സാമ്പത്തികകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 70 രാജ്യങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. 4400 കമ്പനികളാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ദുബൈ രാജ്യാന്തര സമ്മേളന പ്രദര്‍ശന കേന്ദ്രത്തില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്നതാണ് അറബ് ഹെല്‍ത് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഗ്രസ്.

പ്രദര്‍ശനത്തിന് പുറമെ, ബിസിനസ് വികസനം, പരിശീലനം, ആരോഗ്യമേഖലയിലെ വ്യാപാര സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഹാന്‍ഡ്‌സ് ഓണ്‍ ട്രെയ്‌നിംഗ് സെഷനില്‍ 900 ലേറെ ഡോക്ടര്‍മാരും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നു. കാര്‍ഡിയോളജി, ന്യൂറോളജി, സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി, ഓണ്‍കോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളടക്കം ആരോഗ്യ ചികിത്സാ രംഗത്തെ നൂതന വിദ്യകളുടെ പ്രദര്‍ശനമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. അറബ് ഹെല്‍ത് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഗ്രസ് ആരോഗ്യ രംഗത്തെ അറിവുകള്‍ കൈമാറുന്നതിനും ചികിത്സാ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ കണ്ട് മനസിലാക്കുന്നതിനും ഉപകരിക്കുമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ ആരോഗ്യ സമ്മേളനം അടുത്തമാസം രണ്ടിന് സമാപിക്കും. അബുദാബിയിലെ വി പി എസ്, ദുബൈയിലെ ആസ്റ്റര്‍, കെഫ് ഹോള്‍ഡിംഗ് എന്നീ കമ്പനികളുടെ പവലിയനുകളും ശ്രദ്ധേയമാണ്.