ബജറ്റ് നാളെ; സമ്മേളനം പ്രക്ഷുബ്ധമാകും

Posted on: January 31, 2017 8:30 am | Last updated: January 31, 2017 at 11:01 am
SHARE

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് നാളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. പതിവിന് വിപരീതമായി റെയിവേ ബജറ്റും പൊതു ബജറ്റും ഇത്തവണ ഒരുമിച്ചാണ് അവതരിപ്പിക്കുക. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ആദ്യ ദിവസം തന്നെ പാര്‍ലിമെന്റില്‍ വെക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒമ്പതിന് സമാപിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ പന്ത്രണ്ട് വരെയാണ് രണ്ടാം ഘട്ടം നടക്കുക.

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നതിന് മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജനും കേന്ദ്ര പാര്‍ലിമെന്ററികാര്യമന്ത്രി അനന്ത്കുമാറും വിളിച്ചുചേര്‍ത്ത പ്രത്യേക സര്‍വകക്ഷി യോഗങ്ങള്‍ ഇന്നലെ നടന്നു. സമ്മേളനം നല്ലനിലയില്‍ സമാപിക്കുന്നതിന് പ്രധാനമന്ത്രി വിവിധ കക്ഷിനേതാക്കളുടെ സഹകരണം അഭ്യര്‍ഥിച്ചു. പാര്‍ലിമെന്റ് മഹാപഞ്ചായത്ത് ആണെന്നും നല്ലരീതിയില്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കക്ഷിനേതാക്കള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ നിന്ന് എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനിന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാലാണ് ഈ രണ്ട് കക്ഷികളും പങ്കെടുക്കാതിരുന്നതെന്നാണ് ഇതുസംബന്ധിച്ച് പാര്‍ലിമെന്ററികാര്യ മന്ത്രിയുടെ വിശദീകരണം.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റ് അവതരണം നീട്ടിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഇന്ന് പാര്‍ലിമെന്റ് സമ്മേളനം തുടങ്ങും മുമ്പ് പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ അനൗദ്യോഗിക യോഗം ചേരും. ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക പാക്കേജ് അവതരിപ്പിച്ചാല്‍ ഇതില്‍ ഇടപെടുന്ന കാര്യമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിയാലോചിക്കും. ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതേക്കുറിച്ചും പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പൊതു വ്യക്തി നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ഇതിനിടെ നോട്ടുകള്‍ നിരോധിച്ചത് നിയമമാക്കുന്ന ഓര്‍ഡിനന്‍സ് ധനബില്ലായി സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നിരിക്കെ ഇതിനെതിരെ പ്രതിപക്ഷ ബഹളമുയരും. ഈ സാഹചര്യത്തില്‍ ഇത്തവണയും സഭ ബഹളത്തില്‍ മുങ്ങാനാണ് സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here