വിജ്ഞാന കേന്ദ്രത്തിലേക്ക് സ്വാഗതമരുളി ഇനി ബവാബ അല്‍ മര്‍കസ്‌

Posted on: January 30, 2017 9:58 pm | Last updated: January 30, 2017 at 11:42 pm

കോഴിക്കോട്: വൈജ്ഞാനിക വിപ്ലവത്തിന്റെ പര്യായമായി നാലുപതിറ്റാണ്ടിന്റെ നിറവിലേക്ക് പ്രവേശിക്കുന്ന ജാമിഅ മര്‍കസിന് പ്രൗഢവും ആശയസമൃദ്ധവുമായ പുതിയ കവാടം. എഴുത്തും വായനയുമാണ് വൈജ്ഞാനികലോകത്തേക്കുള്ള പ്രവേശനമാര്‍ഗമെന്ന സന്ദേശം വിളംബരം ചെയ്യുന്ന കവാടം (ബവാബ അല്‍ മര്‍കസ്) ഇന്നലെ പത്മശ്രീ എം എ യൂസുഫലി ഉദ്ഘാടനം ചെയ്തു. അര്‍ഥസമ്പന്നമായ ഈ കവാടം അറിവിന്റെയും സ്‌നേഹത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശമാണ് പകരുന്നതെന്ന് യൂസുഫലി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിലും സാമൂഹികപുരോഗതിയിലും പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അറബ് രാജ്യത്തെ ഭരണകൂടങ്ങളോട് നാം നന്ദിയുള്ളവരാകണം.

 

അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന പണ്ഡിതനാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം ഏറെ മാതൃകാപരമാണ്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രധാനപ്പെട്ട ലോഹനിര്‍മിത കവാടമാണിത്. പുസ്തകങ്ങളാല്‍ പടുത്തുയര്‍ത്തിയ ജ്ഞാനത്തിന്റെ നഗരമാണ് കവാടത്തിന്റെ പ്രമേയം. 35 ടണ്‍ സ്റ്റീലില്‍ ഈ കവാടം പണികഴിപ്പിച്ചത് എം എ യൂസഫലിയാണ്. തന്റെ പിതാവ് അബ്ദുല്‍ ഖാദിര്‍ ഹാജിയുടെയും മാതാവ് സ്വഫിയ്യ ഹജ്ജുമ്മയുടെയും പേരിലാണ് അദ്ദേഹം കവാടം സമര്‍പ്പിച്ചിട്ടുള്ളത്. മര്‍കസ് നോളജ് സിറ്റി ആര്‍കിടെക്ച്വര്‍ വകുപ്പ് മേധാവിയും ഡാര്‍വിഷ് ആര്‍കിടെക്റ്റ്‌സ് സിഎംഡിയുമായ ഡാര്‍വിഷ് കരീം മുഹമ്മദാണ് കവാടത്തിന്റെ ശില്‍പ്പി.

ഉദ്ഘാടന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, വി പി എം ഫൈസി വില്യാപ്പിള്ളി, പി ടി എ റഹീം എം എല്‍ എ, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, സലീം പാഷ സംബന്ധിച്ചു.