Connect with us

Malappuram

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

Published

|

Last Updated

മലപ്പുറം :കിട്ടിയ സര്‍ക്കാര്‍ ജോലിയുമായി ഒതുങ്ങിക്കൂടാന്‍ തയ്യാറാകാതെ മറ്റുള്ളവരെ കൂടി സര്‍ക്കാര്‍ സര്‍വീസില്‍ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് വണ്ടൂരിലെ നടുവത്ത് തയ്യില്‍ അബ്ദുല്‍ മജീദ്. നിലമ്പൂരിലെ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറായ ഇദ്ദേഹത്തിന്റെ പരിശീലനം വഴി കാപ്പില്‍ പ്രദേശത്തെ മുപ്പതോളം പേരാണ് സര്‍വീസില്‍ ഇടംപിടിച്ചത്.
സ്വന്തം ഗ്രാമത്തിലെ യുവജനങ്ങള്‍ക്കായി കഴിഞ്ഞ പത്ത് വര്‍ഷമായി മജീദ് സൗജന്യ പരിശീലനം നല്‍കിവരുന്നു. ആദ്യകാലങ്ങളില്‍ ക്ലാസിന് വരാന്‍ മടിച്ച പലരും മറ്റുള്ളവര്‍ ജോലിയില്‍ കയറിയതോടെ പരിശീലനത്തിലെ സ്ഥിരം പഠിതാക്കളായി. നാള്‍ക്കുനാള്‍ യുവാക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളെ സംഘടിപ്പിച്ചാണ് പി എസ് സി പരിശീലനം നല്‍കുന്നത്. കൂടാതെ ഉന്നത പഠനത്തിന് പോകാതെ ക്വാറിയില്‍ ജോലി ചെയ്യുന്നവരും ഡ്രൈവര്‍മാരുമെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. ഇവരെ ജോലി കഴിഞ്ഞ് വിശ്രമിക്കാന്‍ അനുവദിക്കാതെ നാട്ടിലെ പ്രത്യേക കേന്ദ്രത്തില്‍ രാത്രിയിലാണ് പി എസ് സി പരിശീലനം നല്‍കുന്നത്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എല്‍ ഡി ക്ലാര്‍ക്ക്, പോലീസ് കോണ്‍സ്റ്റമ്പിള്‍, കെ എസ് ഇ ബി മസ്ദൂര്‍ എന്നീ തസ്തികകളില്‍ മജീദിന്റെ പരിശീലനത്തിലൂടെ ജോലി നേടിയ യുവാക്കള്‍ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന നാട്ടിലെ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അവസരമുണ്ടാക്കിയതിലൂടെ വിപ്ലവകരമായ മുന്നേറ്റം നടത്താനായതിന്റെ സംതൃപ്തിയിലാണ് മജീദ്.
പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം മജീദ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സാണ് പഠിച്ചത്. 25 വയസ്സില്‍ ലണ്ടന്‍ പി ആന്‍ഡ് ഒ ക്രൂയിസര്‍ എന്ന കമ്പനിയില്‍ ജോലി നേടി. അവിടെ ഇന്ത്യന്‍ പാചകക്കാരനായിട്ടായിരുന്നു നിയമനം. പത്ത് വര്‍ഷത്തിനിടെ 80 ഓളം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പിന്നീട് 35 ാം വയസ്സില്‍ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്നാണ് പി എസ് സിക്ക് പഠനം നടത്തുന്നത്. ആറ് മാസത്തെ കഠിന പ്രയത്‌നത്തിലൂടെ 2005 ല്‍ എല്‍ ഡി ക്ലാര്‍ക്കായി ജോലി ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് തന്റെ ഗ്രാമത്തിലെ യുവാക്കളെ പി എസ് സി പരിശീലനത്തിന് വേണ്ടി ബോധവത്കരണം നടത്തണെമെന്ന ആഗ്രഹമുണ്ടായത്. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ പരിശീലനത്തിനായി യുവാക്കള്‍ ഒത്തുകൂടുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. എല്‍ ഡി ക്ലാര്‍ക്ക് നേടിയതിന് ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ഇദ്ദേഹം സ്വന്തമാക്കി. കഠിനാധ്വാനവും ആത്മവിശ്വാസവും ദൃഢ നിശ്ചയവുമാണ് പി എസ് സി പഠനത്തിന് ആവശ്യമെന്നാണ് അബ്ദുല്‍ മജീദ് അനുഭവത്തിലൂടെ പുതു തലമുറയോട് പറയുന്നത്.

---- facebook comment plugin here -----

Latest