Connect with us

Kerala

ലോ അക്കാദമി: ഒത്തുതീര്‍ക്കാന്‍ സി പി എമ്മിന്റെ തിരക്കിട്ട നീക്കം

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍ക്കാന്‍ സി പി എമ്മിന്റെ തിരക്കിട്ട നീക്കം. കോളജ് ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായരെ എ കെ ജി സെന്ററില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. എന്നാല്‍, രാജിവെച്ച് കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന ഉറച്ച നിലപാടിലാണ് ലക്ഷ്മി നായര്‍. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ കുടുംബാംഗങ്ങളും ലക്ഷ്മി നായര്‍ക്കൊപ്പമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ കോളജ് ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും.
നിര്‍ബന്ധപൂര്‍വം രാജി ആവശ്യപ്പെടാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോളജ് മാനേജ്‌മെന്റ്. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍, മകന്‍ അഡ്വ. നാഗരാജന്‍ നായര്‍, നാരായണന്‍ നായരുടെ സഹോദരനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുമായി എ കെ ജി സെന്ററിലാണ് സി പി എം നേതൃത്വം ചര്‍ച്ച നടത്തിയത്.
അതേസമയം, ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍.
പ്രിന്‍സിപ്പല്‍ രാജിവെക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ന് അക്കാദമിയില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗം നിര്‍ണായകമാകും. പ്രശ്‌നപരിഹാരത്തിന് സി പി എം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും.
അക്കാദമിയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അക്കാദമി നിയോഗിച്ച മൂന്നംഗ ഗവേണിംഗ് കൗണ്‍സിലും ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ഇന്നലെ ഉച്ചക്ക് 2.15 ഓടെ എ കെ ജി സെന്ററില്‍ നടന്ന ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അക്കാദമി വിഷയത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റേതുമെന്ന് ചര്‍ച്ചക്ക് ശേഷം കോലിയക്കോട് കൃഷ്ണന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജിവെക്കാനുള്ള ആവശ്യത്തിനൊഴികെ വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് ലക്ഷ്മി നായരുടെ നിലപാട്. തുടക്കം മുതല്‍ തന്നെ ഉന്നയിച്ച പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് മാറാതെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുപോകുന്നത്. ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രക്ഷോഭത്തിനിടയില്‍ ഇത് ഫലം കാണണമെന്നില്ല.