ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ 150 മില്യന്‍ റിയാലിന്റെ അഴിമതി

Posted on: January 25, 2017 6:27 pm | Last updated: January 25, 2017 at 6:27 pm
SHARE

ദോഹ: കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനം ദുരുപോയഗം ചെയ്ത് രാജ്യത്തിന് 150 മില്യന്‍ ഖത്വര്‍ റിയാല്‍ നഷ്ടമുണ്ടാക്കിയ 15 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ കേസ് കൈമാറി. ഇന്‍വോയ്‌സുകളില്‍ ക്രമക്കേട് നടത്തിയും രോഗികളുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചുമാണ് ഈ ആരോഗ്യ കേന്ദ്രങ്ങള്‍ തട്ടിപ്പ് നടത്തിയത്. ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനി (എന്‍ എച്ച് ഐ സി) മുഖേന നല്‍കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
വന്‍തുകയുടെ ബില്‍ കൃത്രിമമായുണ്ടാക്കിയും ഇന്‍വോയ്‌സില്‍ ക്രമക്കേട് നടത്തിയും ചില സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ ഇന്‍ഷ്വറന്‍സ് ദാതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ചില സ്വദേശികളുടെയും വിദേശികളുടെയും സംശയമാണ് ഇന്‍ഷ്വറന്‍സ് സംവിധാനത്തെ കുറിച്ച് പുനരാലോചിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിച്ചിരുന്നത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കംപ്യൂട്ടര്‍ വിഭാഗം തട്ടിപ്പിലൂടെ 140 മില്യന്‍ ഖത്വര്‍ റിയാലിന്റെ നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ടെന്ന് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ കേസും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പൊതുപണത്തിന്റെ ശരിയായ ക്രയവിക്രയം നടത്തുകയും ധനകാര്യ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയുമാണ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ ചുമതല. ഓഡിറ്റിംഗ് സംവിധാനം നിയന്ത്രിക്കുകയും വികസിപ്പിക്കുകയും പൊതു പണത്തിന്റെ ചെലവഴിക്കലില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുകയുമാണ് പുതിയ നിയമ പ്രകാരം ഓഡിറ്റ് ബ്യൂറോയുടെ ഉത്തരവാദിത്തം. പുതിയ നിയമം അനുസരിച്ച് ഓഡിറ്റ് ബ്യൂറോക്ക് പ്രവര്‍ത്തനപരവും ഭരണപരവും സാമ്പത്തികപരമവുമായ സ്വാതന്ത്ര്യമുണ്ട്. പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും നേരിടുന്ന പ്രതിബന്ധങ്ങളും വിശദീകരിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here