Connect with us

Malappuram

സോളാര്‍ വേലി തകര്‍ത്ത് കാട്ടാന വീണ്ടും നാട്ടിലിറങ്ങി

Published

|

Last Updated

കാളികാവ്: വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി വേലി തകര്‍ത്ത് കാട്ടാന വീണ്ടും നാട്ടിലിറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലും ചിങ്കക്കല്ല് കോളനിക്ക് സമീപത്തുമാണ് വനം വകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്. ഈ വേലി ചില സ്ഥലങ്ങളില്‍ തകര്‍ത്താണ് കാട്ടാന വനത്തില്‍ നിന്ന് പുറത്തെത്തിയത്.

രാത്രി പുറത്തിറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വനത്തിലേക്ക് തന്നെ തിരിച്ച് കയറുകയാണ് ചെയ്യുന്നത്. വേലി തകര്‍ത്ത് കാട്ടാന പുറത്ത് കടക്കുന്ന സംഭവം വീണ്ടും ആവര്‍ത്തിച്ചതോടെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികള്‍ ഭീതിയിലായി.
എസ്റ്റേറ്റിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വനത്തിലാണ് കാട്ടാന ഇപ്പോള്‍ ഉള്ളത്. ചുറ്റു ഭാഗവും പുല്ലങ്കോട് എസ്റ്റേറ്റിന്റെ അധീനതയിലുള്ള സ്ഥലമാണ്. ഇവിടെ സോളാര്‍ വേലി സ്ഥാപിച്ചിട്ടുമില്ല. ആനകള്‍ സ്ഥിരമായി ഉണ്ടാകാറുള്ള ചേനപ്പാടി, ചെങ്കോട് മലവാരത്തിന്റെ അതിര്‍ത്തിയിലാണ് വൈദ്യുതി വേലി സ്ഥിരമാക്കി സ്ഥാപിച്ചത്.
കൊലയാളി ആന എന്ന പേരില്‍ ഈ കൊമ്പന്‍ മരുതങ്കാട് വേപ്പിന്‍കുന്ന് വരെ എത്തിയിട്ടുണ്ട്. കര്‍ഷകന് നേരെ ആന അക്രമിക്കാന്‍ വന്നതായി കര്‍ഷകര്‍ പറഞ്ഞു.
കൊലയാളിയായ ആനയാണ് നാട്ടിലിറങ്ങിയത് എന്ന വിവരം പുറത്തായതോടെ ടാപ്പിംഗ് തൊഴിലാളികള്‍ ഏറെ ഭീതിയിലായി.

രാവിലെ ഏറെ വൈകിയാണ് വെളിച്ചം വെക്കുന്നത് എന്നതിനാല്‍ ഏറെ വൈകിയാണ് ഇപ്പോള്‍ തൊഴിലാളികള്‍ ജോലിക്കെത്തുന്നത്. വേലി തകര്‍ക്കുന്നത് നിത്യ സംഭവമായതോടെ ഏറെ ഭയപ്പാടിലാണ് തൊഴിലാളികളും മാനേജ്‌മെന്റും. ഇതിനാല്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest