Connect with us

Kozhikode

സംസ്ഥാനത്തിന് ലഹരി കടുത്ത ദുരന്തമാകാന്‍ ഏറെക്കാലം വൈകില്ല; ഋഷിരാജ് സിംഗ്‌

Published

|

Last Updated

കൂടരഞ്ഞിയില്‍ ദിശ 2017 ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സംസ്ഥാനത്ത് ലഹരി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്നും ലഹരിമൂലം നശിച്ചുപോയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനും ഏറെ വൈകാതെ സ്ഥാനം ലഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്റ്, ത്രിപുര, ആസാം, അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ സംസ്ഥാനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ കേരളവും അതിനൊപ്പം വരും. കൂടരഞ്ഞിയില്‍ “ദിശ 2017” എന്ന പേരില്‍ നടന്ന ലഹരിമുക്ത കൂടരഞ്ഞി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അമൃത്‌സര്‍ കഴിഞ്ഞാല്‍ ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണ്. 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള എഴുപത് ശതമാനം പേരും ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ലഹരി കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിചാരിച്ചാല്‍ ഒരു പരിധിവരെ ഇത് തടയാനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം താന്‍ ചാര്‍ജെടുത്ത ആറ് മാസത്തിനിടക്ക് നടത്തി. 26,000 പേര്‍ ജയിലിലായി. ഒരു ലക്ഷം ടണ്‍ പാന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 2500 കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കുകയും 3000 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ രൂപവത്കരിക്കുകയും ചെയ്തതായും ഋഷിരാജ് സിംഗ് പറഞ്ഞു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ നസീര്‍ അധ്യക്ഷനായി. താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്ന ഫാ. ചാണ്ടി കുരിശുംമൂട്ടിലിനെ എക്‌സൈസ് കമ്മീഷണര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സി കെ കാസിം, അന്നമ്മ മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി തങ്കച്ചന്‍, സണ്ണി പെരികലം തറപ്പേല്‍, ഏലിയാമ്മ ഇടമുളയില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിമ്മി ജോസ്, ഏലിയാമ്മ ജോസ്, ആന്‍സി സെബാസ്റ്റ്യന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ റോയി തേക്കും കാട്ടില്‍ സംസാരിച്ചു.