Connect with us

Sports

ആഴ്‌സണലിന്റെ ഇംഗ്ലീഷ് വിരോധം !

Published

|

Last Updated

ലണ്ടന്‍: ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബണ്‍ലിക്കെതിരെ കളിക്കാനിറങ്ങിയ ആഴ്‌സണല്‍ ടീമിനൊരു പ്രത്യേകതയുണ്ട്. ഫസ്റ്റ് ഇലവനിലെ മുഴുവന്‍ താരങ്ങളും വിദേശികളായിരുന്നു. ഒരു ഇംഗ്ലീഷ് താരത്തിന് പോലും തന്റെ ആദ്യ ഇലവനില്‍ ഇടം നല്‍കാതെ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ ടീമിനെ കളത്തിലിറക്കുന്നത് ഇത് ആദ്യമായിട്ടല്ല. 149 താം തവണയാണ് വെംഗര്‍ ഇത്തരത്തില്‍ വിദേശി ഇലവനെ പരീക്ഷിക്കുന്നത്.

ഗോള്‍ കീപ്പര്‍ ചെക് റിപബ്ലിക്കിന്റെ പീറ്റര്‍ ചെക്ക്, പ്രതിരോധത്തില്‍ ബ്രസീലിന്റെ ഗബ്രിയേല്‍ പൗലിസ്റ്റ, ജര്‍മനിയുടെ ഷോദ്രാന്‍ മുസ്തഫി, ഫ്രാന്‍സിന്റെ ലോറന്റ് കോസിന്‍ലെ, സ്‌പെയിനിന്റെ നാചോ മോന്റിയല്‍, മധ്യനിരയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് സാക്ക, വെയില്‍സിന്റെ ആരോന്‍ റാംസി, വിംഗര്‍മാരായി ചിലിയുടെ അലക്‌സിസ് സാഞ്ചസ്, ജര്‍മനിയുടെ മെസുറ്റ് ഒസില്‍, സ്‌ട്രൈക്കര്‍മാരായി നൈജീരിയയുടെ അലക്‌സ് ഇവോബി, ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദ് എന്നിവര്‍.
ഏറ്റവുമധികം തവണ വിദേശി ഇലവനെ ഇറക്കിയതും ആഴ്‌സണല്‍ തന്നെ. 42 തവണ വിഗാന്‍ അത്‌ലറ്റിക്കും 17 തവണ ഫുള്‍ഹാമും ഒമ്പത് തവണ ന്യൂകാസില്‍ യുനൈറ്റഡും ഏഴ് തവണ മാഞ്ചസ്റ്റര്‍ സിറ്റിയും ഫസ്റ്റ് ഇലവനെ വിദേശവത്കരിച്ചു ! ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു തവണ മാത്രമാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. ലിവര്‍പൂള്‍ ഇതുവരെ ഒരു ഇംഗ്ലണ്ട് താരമില്ലാതെ കളിക്കാനിറങ്ങിയിട്ടില്ല. ചെല്‍സി മൂന്ന് തവണ ഇറങ്ങിയിട്ടുണ്ട്.