അപകടത്തില്‍ മുന്നില്‍ ഇരുചക്ര വാഹനങ്ങള്‍: കോലം മാറ്റിയ ബൈക്കുകള്‍ക്കെതിരെ നടപടിയില്ല

Posted on: January 25, 2017 10:52 am | Last updated: January 25, 2017 at 10:52 am
SHARE

കൊച്ചി: അപകടകരമാകും വിധം ബൈക്കുകളുടെ കോലം മാറ്റുന്നവര്‍ക്കെതിരെ നടപടിയില്ല. ബൈക്കുകളുടെ തനത് ഘടനയില്‍ അപകടകരമായ രീതിയില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധി ഇതോടെ നോക്കുകുത്തിയായി. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ കൂടുതലായി അപകടത്തിനിരയായിട്ടും നിയമപാലകര്‍ കണ്ണ് തുറക്കാത്തത് ന്യൂജന്‍ യുവാക്കകളുടെ ജീവന് ഭീഷണിയാവുകയാണ്.
ബൈക്കുകളുടെ സൈലന്‍സറും മഡ്ഗാര്‍ഡും സാരിഗാര്‍ഡും വരെ മാറ്റം വരുത്തിയാണ് ചില ബൈക്കുകള്‍ നിരത്തിലിറങ്ങുന്നത്.

വണ്ടികളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനാണ് ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നതെങ്കിലും വലിയ അപകടത്തിലേക്കാണ് ഇത് വഴിവെക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് ബൈക്ക് രൂപം മാറ്റല്‍ നിരോധിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ വരെ ആര്‍ ടി ഒക്ക് അധികാരമുണ്ട്.
വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന രൂപഘടന പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍, നിയമം കാര്യക്ഷമമാക്കാന്‍ ആവശ്യമായ തുടര്‍ നീക്കങ്ങളൊന്നും ഉണ്ടാകാത്തതാണ് ഇത്തരത്തിലുള്ള രൂപമാറ്റം ബൈക്കുകളില്‍ വ്യപകമാകാന്‍ ഇടയാക്കുന്നത്. ചട്ടം ലംഘിച്ചാല്‍ നിയമ പ്രകാരം ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
മിക്ക ബൈക്കുകളും ശബ്ദം സംബന്ധിച്ച പരിസ്ഥി സംരക്ഷണ ചട്ടങ്ങളും ലംഘിക്കുന്നുണ്ട്. ഇത്തരം ബൈക്കുകളുടെ ഇടിമുഴക്കം പോലുള്ള ശബ്ദം പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിനാണ് ഇടയാക്കുക. വാഹന എന്‍ജിന്‍ പുറന്തള്ളുന്ന പുകയുടെ ശബ്ദം കുറക്കാന്‍ സഹായകമായ സൈലന്‍സര്‍ അഴിച്ചുമാറ്റുന്നതാണ് കാതടപ്പിക്കുന്ന ശബ്ദമുണ്ടാകാന്‍ ഇടയാക്കുന്നത്. അനുവദനീയ ശബ്ദ പരിധിയായ 90 ഡെസിബെല്‍ കടക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടാക്കിയാല്‍ വായു, ശബ്ദ മലിനീകരണ നിയന്ത്രണ നിയമ പ്രകാരം പിഴ ഈടാക്കാം.
മഡ്ഗാര്‍ഡില്ലാത്ത ബൈക്കുകളില്‍ നിന്ന് മഴക്കാലത്ത് വാഹനമോടിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമെല്ലാം ചളി തെറിക്കും. ബൈക്കുകളുടെ പിന്‍സീറ്റ് ഉയര്‍ത്തുന്നതും നിയമ വിരുദ്ധമാണ്. ചെറി യ കുഴിയില്‍ ചാടിയാല്‍ പോലും പിന്‍ സീറ്റിലിരിക്കുന്നവര്‍ തെറിച്ചുവീഴാന്‍ ഇത് കാരണമാകും. പിന്‍സീറ്റ് യാത്രക്കാരെ ഉദ്ദേശിച്ച് ഘടിപ്പിച്ച കൈപ്പിടിയും സാരിഗാര്‍ഡും മാറ്റുന്നതും ചട്ട വിരുദ്ധമാണ്. വണ്ടിയുടെ ഹാന്‍ഡിലിന് പകരം പൈപ്പ് പോലുള്ള ഹാന്‍ഡില്‍ ഘടിപ്പിക്കുന്നതും വ്യാപകമാണ്. ഇത് വാഹനത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കും.
ഇരുചക്രവാഹനങ്ങളാണ് നിരത്തുകളില്‍ അപകടമുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ല്‍ സംസ്ഥാനത്ത് 28,546 ബൈക്ക് അപകടങ്ങള്‍ നടന്നപ്പോള്‍ 2015ല്‍ 31,614 ബൈക്കുകളാണ് അപകടത്തില്‍പെട്ടത്.
2016 നവംബര്‍ വരെ മാത്രം ഇതിലേറെ അപകടങ്ങള്‍ നടന്നതായാണ് കണക്കാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here