ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു എസ് പിന്‍മാറി

Posted on: January 25, 2017 6:34 am | Last updated: January 24, 2017 at 11:36 pm
ടി പി പി കരാറില്‍ നിന്ന് പിന്‍വാങ്ങിയ ഉത്തരവ് ട്രംപ് പ്രദര്‍ശിപ്പിക്കുന്നു

വാഷിംഗ്ടണ്‍: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി. ഏഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെയും സാമ്പത്തിക മുന്നേറ്റം നടത്തുന്നതിന്റെയും ഭാഗമായി ബരാക് ഒബാമ ഒപ്പുവെച്ച കരാറില്‍ നിന്നാണ് അധികാരമേറ്റയുടനെ ട്രംപ് പിന്‍വാങ്ങുന്നത്. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടി പി പി) എന്ന പേരില്‍ അറിയപ്പെടുന്ന കരാറിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ ട്രംപ് രംഗത്തെത്തിയിരുന്നു.

അമേരിക്കയും കാനഡയും ആസിയാന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നിലവില്‍ വന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന കരാര്‍ അമേരിക്കയുടെ ഏഷ്യന്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഉപകാരപ്രദമായിരുന്നു.

എന്നാല്‍, കരാര്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്നും ടി പി പിയില്‍ നിന്ന് പിന്‍വാങ്ങുന്നത് രാജ്യത്തെ തൊഴിലാളികള്‍ക്ക് വലിയ കാര്യമാകുമെന്നും ട്രംപ് വ്യക്തമാക്കി.

ഒബാമ കൊണ്ടുവന്ന ജനകീയ കരാറുകള്‍ നിര്‍ത്തിവെക്കുകയെന്ന ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് ടി പി പിയില്‍ നിന്നുള്ള ഒഴിഞ്ഞു പോക്ക്. ഒബാമ കെയര്‍ ആരോഗ്യ പദ്ധതി നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ആസ്‌ത്രേലിയ, വിയറ്റ്‌നാം, ചിലി, ജപ്പാന്‍, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ്, പെറു, സിംഗപ്പൂര്‍, ബ്രൂണെയ് എന്നി രാജ്യങ്ങളാണ് ടി പി പി കരാറില്‍ ഉള്‍പ്പെട്ടത്. അതിനിടെ, കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുക ചൈനക്കാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.
ട്രംപും ഭരണകൂടവും വാദിക്കുന്നത് പോലെ അമേരിക്കയിലെ തൊഴിലാളികള്‍ക്കും ഉത്പാദകര്‍ക്കും കാര്യമായി ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒബാമ അനുകൂലികളും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സമാനമായ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്.