മസ്ജിദിലെ പാര്‍ക്കിംഗ് ദുരുപയോഗം തടയാന്‍ ട്രാഫിക് വകുപ്പ് നടപടി ആരംഭിച്ചു

Posted on: January 20, 2017 6:27 pm | Last updated: January 20, 2017 at 6:27 pm
SHARE

ദോഹ: മസ്ജിദിലെ പാര്‍ക്കിംഗ് ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. ഒരു മസ്ജിദില്‍ ഒറ്റ ദിവസം ഡസനോളം നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണിത്. ആരാധനക്കെത്തുന്നുവര്‍ക്ക് മാത്രമായി മസ്ജിദിലെ പാര്‍ക്കിംഗ് സ്ഥലം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. മസ്ജിദിലെ പാര്‍ക്കിംഗ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കുറഞ്ഞത് 300 ഖത്വര്‍ റിയാല്‍ പിഴയാണ് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ട്രാഫിക് വകുപ്പ് ഈടാക്കുന്നത്.
മസ്ജിദിലെ പാര്‍ക്കിംഗ് ദുരുപയോഗം കാരണം ആരാധനക്കെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് നിയമലംഘനം നടത്തേണ്ട അവസ്ഥയായിരുന്നു. ന്യൂ സലത്തയിലെ ഒരു മസ്ജിദിലാണ് ഡസിനിലേറെ പിഴ സ്റ്റിക്കറുകള്‍ വാഹനത്തില്‍ പതിച്ചത്. ഇതിനെ തുടര്‍ന്ന് മസ്ജിദിന് സമീപത്തെ ഓഫീസുകളിലും കെട്ടിടങ്ങളിലുമുള്ളവര്‍ തിരക്കിട്ടെത്തി വാഹനങ്ങള്‍ മാറ്റുന്നത് കാണാമായിരുന്നെന്ന് ന്യൂസലത്ത മസ്ജിദ് ഇമാം പറഞ്ഞു. പാര്‍ക്കിംഗ് ദുരുപയോഗത്തിനെതിരെ ഒരു വര്‍ഷത്തോളം അധികൃതര്‍ പ്രചാരണം നടത്തിയിരുന്നു. നിയമം നിലവില്‍ വന്നിട്ടും പലരും മസ്ജിദുകളില്‍ ദീര്‍ഘസമയം പാര്‍ക്കിംഗ് നടത്തുകയായിരുന്നു. മസ്ജിദ് ജീവനക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസെത്തിയത്. ളുഹര്‍ നിസ്‌കാരത്തിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞാണ് ഇദ്ദേഹം പോലീസിനെ വിളിച്ചത്. 20 മിനുട്ടിനകം എത്തിയ പോലീസ് പിഴ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു.
നിസ്‌കാരമില്ലാത്ത സമയത്ത് മസ്ജിദുകളിലെ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനങ്ങള്‍ കണ്ടാല്‍ 999ല്‍ വിളിക്കുകയോ മെട്രാഷ് സേവനം ഉപയോഗിക്കുകയോ വേണമെന്ന് ഔഖാഫ് മന്ത്രാലയം ജീവനക്കാര്‍ക്ക് എസ് എം എസ് അയച്ചിട്ടുണ്ട്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമില്ലാത്തതിനാലാണ് അധികൃതരെ വിളിക്കേണ്ടി വരുന്നത്. ഇത്തരമൊരു നിയമം നിലവില്‍ വന്നത് ദിനേനയുള്ള മതപഠന ക്ലാസിലും വെള്ളിയാഴ്ച ഖുതുബകളിലും ഓര്‍മപ്പെടുത്താറുണ്ട്. നിസ്‌കാരത്തിന് മുമ്പും ശേഷവുമായി അര മണിക്കൂറാണ് പള്ളികോമ്പൗണ്ടില്‍ വാഹനം നിര്‍ത്തിയാടാനുള്ള അനുമതി. നിസ്‌കാര സമയം മാറുമ്പോള്‍ പാര്‍ക്കിംഗ് സമയവും മാറും. നിലവില്‍ സുബ്ഹി ബാങ്ക് അഞ്ച് മണിക്കാണ്. അധിക പള്ളികളും 4.30ന് തുറക്കുകയും സൂര്യനുദിച്ച് അരമണിക്കൂറിന് ശേഷം അടക്കുകയും ചെയ്യും. 4.30 മുതല്‍ 6.51 വരെ പാര്‍ക്ക് ചെയ്യാം. ളുഹ്‌റിന് വേണ്ടി 11.15നു തുറക്കുകയും 12.45ന് അടക്കുകയും ചെയ്യും. പിന്നീട് 2.15ന് തുറന്ന് ഇശാ കഴിഞ്ഞ് 7.45നാണ് അടക്കുക. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നയിടത്ത് മസ്ജിദ് കോമ്പൗണ്ടാണ് പാര്‍ക്കിംഗിനായി പലരും തിരഞ്ഞെടുക്കുന്നത്.
നിസ്‌കാരത്തിനെത്തുന്നവര്‍ക്ക് ഇത് വലിയ പ്രയാസമുണ്ടാക്കുകയും നടപ്പാതയിലും പാര്‍ക്കിംഗ് നിരോധിത സ്ഥലങ്ങളിലും വാഹനമിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. മാത്രമല്ല ഇത്തരം പാര്‍ക്കിംഗ് കാരണം നിസ്‌കാരവേളകളില്‍ മസ്ജിദിന് ചുറ്റും ഗതാഗതകുരുക്കുമുണ്ടാകും. വെക്കേഷന്‍ സമയങ്ങളില്‍ മാസങ്ങളോളം മസ്ജിദ് വളപ്പില്‍ വാഹനമിട്ട് പോകുന്നവരുണ്ട്. ഇമാമുമാര്‍ക്ക് പോലും പാര്‍ക്കിംഗ് ലഭിക്കാത്ത അവസ്ഥയായിരുന്നെന്ന് നജ്മ പള്ളിയിലെ ഇമാം പറയുന്നു. പുതിയ നിയമം വന്നതിനാല്‍ പല മസ്ജിദുകളിലും പാര്‍ക്കിംഗ് ഏരിയ ഒഴിഞ്ഞുകിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here