റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഖത്വര്‍

Posted on: January 20, 2017 6:15 pm | Last updated: January 20, 2017 at 6:15 pm

ദോഹ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്വത പരിഹാരം കാണണമെന്ന് ഖത്വര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ ശ്രമങ്ങളിലൂടെ സമഗ്രമായ പരിഹാരമാണ് ഉണ്ടാകണ്ടത്. ദേശീയ ഐക്യം സാധ്യമാക്കുന്ന രീയിയില്‍ സംവാദങ്ങള്‍ സംവാദങ്ങള്‍ വികസിപ്പിക്കണമെന്നും ഖത്വര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി അഭിപ്രായപ്പെട്ടു. ക്വാലാലംപൂരില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍സ് (ഒ ഐ സി) വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കങ്ങള്‍ സമാധാന സംഭാഷണങ്ങളിലൂടെയും വിട്ടു വീഴ്ചയിലൂടെയും പരിഹരിക്കണം. ഇരു വിഭാഗവും തര്‍ക്കത്തിനായി ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിച്ച് പരിഹാരം കാണണം. തര്‍ക്കം ഏതെങ്കിലും ഭൗമാതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ലെന്നും ലോകത്തെയാകെ സാമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന വിധം മുസ്‌ലിം ലോകം നിരവധി വെല്ലുവിളികള്‍ നേരിട്ടു കൊണ്ടേയിരിക്കുകയാണ്. ലോക സഹകരണത്തിനും സാംസാകാരിക വിനിമയങ്ങള്‍ക്കും പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നു. മുസ്‌ലിം ലോകത്തിന്റെ സ്ഥിരത ലോകത്താകെ സമാധാനം കെട്ടിപ്പടുക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും സഹായിക്കും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിന്നത് മാനുഷീകമായ പ്രശ്‌നമാണ്. ഇതേക്കുറിച്ച് സംവാദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നത് വികസന പദ്ധതികളില്‍നിന്നും വ്യത്യസ്തമല്ല. നീതിനിര്‍വഹണം, മികച്ച ഭരണം, മനുഷ്യാവകാശ സംരക്ഷണം എന്നിവക്കെല്ലാം തര്‍ക്ക പരിഹാരവും പ്രധാനം തന്നെയാണ്. മേഖലയിലെ മറ്റു പ്രശ്‌നങ്ങളില്‍ സമാധാനത്തിനു വേണ്ടി ഇടപെടുന്നതിലും ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും രാജ്യം അതീവ ശ്രദ്ധ പുലര്‍ത്തി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും സഹായം എത്തിക്കുന്നു. ഭീകരതക്കും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമാധാനപരമായ നിലപാടാണ് ഖത്വര്‍ എന്നും പുലര്‍ത്തിപ്പോരുന്നത്. ഭീകരവാദം ലോകത്തെ സമാധാനത്തെയും സ്ഥിരതയെയും തകര്‍ക്കും. സമാധാനത്തിനു വേണ്ടിയുള്ള ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഒ ഐ സിക്കും രാജ്യാന്തര മസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മെക്കാനിസവും രൂപപ്പെടുത്തണം. അതതു രാജ്യത്തെ പൗരന്‍മാര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സുരക്ഷിതമായ പരിസരം രൂപപ്പെടണം. സ്ഥിരതയും ഐക്യവും സമൃദ്ധിയുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഒ ഐ സി പ്രമേയവും ആവശ്യപ്പെട്ടു.