കാമറൂണ്‍ ഉണര്‍ന്നു

Posted on: January 20, 2017 8:00 am | Last updated: January 20, 2017 at 12:02 am
SHARE
ഗിനിയ ബിസൗയുടെ ലിയോസിസിയോ സമിയെ മറികടന്ന് പന്ത് വരുതിയിലാക്കാന്‍ അധ്വാനിക്കുന്ന കാമറൂണ്‍ താരം ഒയോംഗോ അബ്രോസെ

ലെബ്രിവലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലെ ഏറ്റവും വലിയ അട്ടിമറി കാമറൂണ്‍ ഒഴിവാക്കി. കന്നിക്കാരായ ഗിനി-ബിസൗ ആദ്യ പകുതിയില്‍ മുന്നില്‍ കയറി ഞെട്ടിച്ചെങ്കിലും കാമറൂണ്‍ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവില്‍ ജയം സ്വന്തമാക്കി (2-1). ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഗാബോണും ബുര്‍കിനാ ഫാസോയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റെടുത്ത കാമറൂണ്‍ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് സാധ്യത വര്‍ധിപ്പിച്ചു. രണ്ട് പോയിന്റ് വീതമുള്ള ബുര്‍കിന ഫാസോയും ഗാബോണും തൊട്ടു പിറകില്‍. ഗിനിയ ബിസൗവിന് ഒരു പോയിന്റ്.
പതിമൂന്നാം മിനുട്ടില്‍ പിക്വുറ്റിയാണ് ഗിനിയ ബിസൗവിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാനുള്ള കാമറൂണിന്റെ ശ്രമങ്ങളൊന്നും ആദ്യപകുതിയില്‍ വിലപോയില്ല. അറുപത്തൊന്നാം മിനുട്ടില്‍ സിയാനിയും എഴുപത്തെട്ടാം മിനുട്ടില്‍ എന്‍ഗാദെ എന്‍ഗായുവും കാമറൂണിനായി സ്‌കോര്‍ ചെയ്തു.

യോഗ്യതാ റൗണ്ടില്‍ അട്ടിമറികള്‍ സൃഷ്ടിച്ച ഗിനിയ ബിസൗ കാമറൂണിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മനോഹരമായ സോളോ ഗോളിലായിരുന്നു ഗിനിയ ബിസൗ ലീഡെടുത്തത്. സ്വന്തം ഹാഫില്‍ നിന്ന് പന്ത് കൈക്കലാക്കിയ വിംഗര്‍ പിക്വുറ്റി പന്തുമായി ഒറ്റക്കുതിപ്പായിരുന്നു. ബോക്‌സിനുള്ളിലേക്ക് അതിവേഗം കട്ട് ചെയ്ത് കയറിയ പിക്വുറ്റി വല കുലുക്കിയപ്പോള്‍ അതിശയിപ്പിക്കുന്ന ഗോളായി അത്. പശ്ചിമ ആഫ്രിക്കയില്‍ നിന്നുള്ള കുഞ്ഞന്‍ രാഷ്ട്രത്തെ വീഴ്ത്താന്‍ കാമറൂണ്‍ കോച്ച് ഹ്യുഗോ ബ്രൂസിന് തല പുകയ്‌ക്കേണ്ടി വന്നു. ഉടന്‍ തന്നെ മൂന്ന് സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയാണ് ബ്രൂസ് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആദ്യ പകുതിയില്‍ തന്റെ ടീം ഒട്ടും താത്പര്യമില്ലാതെയാണ് കളിച്ചത്. സിംഹങ്ങള്‍ എന്ന വിളിപ്പേരിനെ നാണിപ്പിക്കുന്ന പ്രകടനം. പാസുകള്‍ പോലും മുഴുമിപ്പിക്കാനാകാതെ നിരാശപ്പെടുത്തി-കാമറൂണ്‍ കോച്ച് പറഞ്ഞു.
എന്നാല്‍, രണ്ടാം പകുതിയില്‍ സെബാസ്റ്റ്യന്‍ സിയാനി സമനില ഗോള്‍ നേടിയതോടെ പ്രതീക്ഷ കൈവന്നു. പന്ത്രണ്ട് മിനുട്ട് ശേഷിക്കെ വിജയഗോളും പിറന്നു.
ഒരു പോയിന്റ് കൂടി മതി കാമറൂണിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍.

2010ന് ശേഷം ആദ്യമായാണ് കാമറൂണ്‍ നാഷന്‍സ് കപ്പില്‍ വിജയിക്കുന്നത്. ആഫ്രിക്കന്‍ ഫുട്‌ബോളിലെ സിംഹങ്ങളായ കാമറൂണ്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് നാഷന്‍സ് കപ്പില്‍ രണ്ടെണ്ണത്തില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല കാമറൂണിന്. 2015 ല്‍ ഒരു ജയം പോലുമില്ലാതെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായി.
തുടരെ രണ്ടാം മത്സരത്തിലും സമനിലയിലായ ഗാബോണിന് ആതിഥേയര്‍ എന്ന നിലയിലുള്ള ആനുകൂല്യം ഇനിയും മുതലെടുക്കാന്‍ സാധിച്ചിട്ടില്ല. യൂറോപ്പിലെ പ്രമുഖ സ്‌ട്രൈക്കര്‍ പിയറി എമെറിക് ഓബമെയാംഗ് നിരാശ കൊണ്ട് മുഖം പൊത്തുന്ന കാഴ്ചയായിരുന്നു. അടുത്ത മത്സരം കാമറൂണിനെതിരെയാണ്. തോല്‍വി ഒഴിവാക്കുക എന്നതാണ് ഗാബോണിന് ക്വാ്രര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ആദ്യം ചെയ്യേണ്ടത്. ഗിനിയ ബിസൗവിന് ബുര്‍കിന ഫാസോയാണ് എതിരാളി. അട്ടിമറി ജയം സ്വന്തമാക്കാതെ ഗിനിയ ബിസൗവിന് രക്ഷയില്ല.

ബുര്‍കിന ഫാസോക്കെതിരെ നാല്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ ഗാബോണിനെ പ്രോത്സാഹിപ്പിക്കാനെത്തിയത് ഇരുപത്തൊമ്പതിനായിരം പേരായിരുന്നു. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്താത്തതില്‍ ബൊറൂസിയ ഡോട്മുണ്ട് താരമായ പിയറി നിരാശനാണ്. ഇരുപത്തിമൂന്നാം മിനുട്ടില്‍ 1-0ന് പിറകിലായ ഗാബോണിന് ആദ്യപകുതിക്ക് പിരിയും മുമ്പെ സമനില നേടിക്കൊടുത്തത് പിയരി ഒബമെയാംഗിന്റെ പെനാല്‍റ്റി ഗോളാണ്. ടൂര്‍ണമെന്റില്‍ പിയറിയുടെ രണ്ടാം ഗോളാണിത്. ലോംഗ്‌ബോള്‍ പിടിച്ചെടുത്ത് നകോമ രണ്ട് ഗാബോണ്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചാണ് ലീഡ് ഗോള്‍ നേടിയത്.

മുപ്പത്തെട്ടാം മിനുട്ടില്‍ ഗാബോണിനായി സൂപ്പര്‍ താരം പിയറി പെനാല്‍റ്റി നേടിയെടുത്തു. ബുര്‍കിന ഫാസോ ഗോളിക്ക് സംഭവിച്ച അബദ്ധമായിരുന്നു ഇത്. ബോക്‌സിനുള്ളില്‍ പിയറി ഓബമെയാംഗിനെ വീഴ്ത്തിയതാണ് വിനയായത്. പിയറി അനായാസം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.
ഇന്ന് നാഷന്‍സ് കപ്പില്‍ ഫ്രാന്‍സ് വിലെയില്‍ നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സെനഗല്‍ സിംബാബ്വെയെയും അള്‍ജീരിയ ടുണീഷ്യയെയും നേരിടും. ആദ്യ കളി ജയിച്ച സെനഗലിന് ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here