വരട്ടെ, ട്രോളുകള്‍

യുക്തിയെ ദൈവമാക്കിയവര്‍ക്കും സാക്ഷാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ക്കും എന്തുമാകാം. എന്നാല്‍, മുസ്‌ലിംകളിലെ പരിഷത്തുകാര്‍ക്കും 'പുറത്ത് ഉമേഷ് ബാബുവും അകത്ത് എം എം അക്ബറു'മായി നടക്കുന്നവരും ഇങ്ങനെയൊക്കെ പറഞ്ഞാലോ? ജിന്നിന്റെ കഴിവിന്റെ പരിധിയെ ചൊല്ലി രണ്ടായി പിളര്‍ന്ന പുരോഗമനവാദികളും മതപ്രഭാഷകരെ പരിഹസിക്കാനിറങ്ങിയിട്ടുണ്ട് എന്നതാണ് വിചിത്രം. ജിബ്‌രീല്‍ എന്ന മലക്ക് ദൈവത്തിന്റെ സന്ദേശങ്ങളുമായി ഇടക്കിടെ വെളിപ്പെടുമായിരുന്നുവെന്നു തുടങ്ങി ഒരുപാട് സാമാന്യയുക്തിക്ക് ഉപരിയായ കാര്യങ്ങള്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊക്കെ എന്ത് അനൗചിത്യം! കാര്യങ്ങളുടെ മര്‍മ്മം കിടക്കുന്നതു മറ്റൊരിടത്താണ്. ഇക്കാലത്തു പ്രവാചകന്‍ വന്നു ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ആഹ്ലാദിക്കുന്ന എല്ലാ മുസ്‌ലിം യുക്തിവാദികളുടെയും സന്തോഷം കെടാന്‍, ഇക്കാലത്ത് ജീവിച്ചിരിക്കുന്ന ഒരു പണ്ഡിതന്‍ പ്രവാചകനെ സ്വപ്നത്തില്‍ കണ്ടു എന്നറിഞ്ഞാല്‍ മതി.
Posted on: January 20, 2017 6:06 am | Last updated: January 19, 2017 at 11:49 pm

എ ഡി 621ല്‍ പ്രവാചകത്വ ലബ്ദിയുടെ ആദ്യ ദശകം പൂര്‍ത്തിയായ ശേഷം, മക്കയില്‍ കഅബയുടെ സമീപത്തിരിക്കുകയായിരുന്ന തിരുനബിയുടെ അടുത്ത് അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശവുമായി ജിബ്‌രീല്‍ എത്തുന്നു. സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി ബുറാഖ് എന്ന സ്വര്‍ഗീയ ജീവിയുമായാണ് മാലാഖയുടെ വരവ്. നബി തിരുമേനിയെയും കൂട്ടി ബുറാഖിന്റെ പുറത്തുകയറി ജിബ്‌രീല്‍ ആദ്യം മസ്ജിദുല്‍ അഖ്‌സയിലേക്കു യാത്ര തിരിക്കുന്നു. അവിടെ വെച്ച് മുന്‍കടന്നുപോയ പ്രവാചകരുമൊന്നിച്ചുള്ള പ്രാര്‍ഥനക്ക് നബി(സ) നേതൃത്വം നല്‍കുന്നു. ശേഷം അവിടെ നിന്നും ഏഴാകാശത്തേക്കും സര്‍വശക്തനായ അല്ലാഹുവിന്റെ തിരുസവിധത്തിലേക്കും നബി തങ്ങള്‍ യാത്ര പോകുന്നു. ദീര്‍ഘമായ യാത്രക്ക് ശേഷം പ്രഭാതത്തിനു മുമ്പേ മക്കയിലേക്ക് തിരിച്ചെത്തുന്നു. ശേഷം തന്റെ അനുചരന്മാരോട് ഈ സംഭവങ്ങളെല്ലാം വിവരിക്കുന്നു. അവരതപ്പടി വിശ്വസിക്കുന്നു. അല്ലാഹുവുമായുള്ള തിരുനബിയുടെ സംഭാഷണത്തിനിടെ മുസ്‌ലിം സമുദായത്തിനുള്ള പാരിതോഷികമായി നല്‍കിയ അഞ്ചു നേരത്തെ നിസ്‌കാരത്തെ കുറിച്ചും നബി തങ്ങള്‍ അനുചരന്മാരോട് വിവരിച്ചു. ആ ദിവസം മുതല്‍ ഇന്നുവരെയും മുസ്‌ലിംകള്‍ ആ നിസ്‌കാരം നിലനിര്‍ത്തി പോരുന്നു. മുസ്‌ലിംകളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തിന്റെ അടയാളമായി ആ പ്രാര്‍ഥനയെ ഇസ്‌ലാം അടയാളപ്പെടുത്തുകയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തില്‍ ഇസ്‌റാഅ്- മിഅ്‌റാജ് എന്നറിയപ്പെടുന്ന ഈ ചരിത്ര സംഭവം നടന്നത് ഒരു രാത്രിയിലാണ്. ദൃക്‌സാക്ഷികളായി ജിബ്‌രീലും നൂറ്റാണ്ടുകള്‍ക്കു മുമ്പേ മണ്‍മറഞ്ഞുപോയ പ്രവാചകരും ബുറാഖ് എന്ന അത്ഭുത ജീവിയും മാത്രം. പ്രവാചകരെ തുടക്കത്തിലേ എതിര്‍ത്തു പോന്ന കപടവിശ്വാസികള്‍ക്ക് ഇസ്‌ലാമിനെ തല്ലാന്‍ കൈയില്‍ കിട്ടിയ നല്ല വടിയായിരുന്നു സംഭവം. പിറ്റേ ദിവസം മക്കാ തെരുവില്‍ പ്രവാചകന്റെ പ്രിയപ്പെട്ട അനുചരന്‍ അബൂബക്കര്‍(റ)നെ കണ്ട കപട വിശ്വാസികള്‍ ‘മുഹമ്മദിന്റെ സ്‌തോഭജനകമായ പുതിയ കഥ’ വിവരിച്ചു. മനുഷ്യഭാവനയില്‍ അങ്ങേയറ്റം അസംഭവ്യമായ ‘മുഹമ്മദിന്റെ പുതിയ കഥ’ കേട്ട് അബൂബക്കര്‍ തിരുനബിയെ തള്ളിപ്പറയും എന്നായിരുന്നു ശത്രുക്കളുടെ കണക്കുകൂട്ടല്‍. ‘മുഹമ്മദ് നബി അങ്ങനെ പറഞ്ഞോ?’, അബൂബക്കറിന്റെ ആ ചോദ്യം ശത്രുക്കളെ തെല്ലൊന്നു ആഹ്ലാദഭരിതരാക്കി. കാരണം അവിശ്വസനീയതയുടെ ഒരു ധ്വനിയാണ് അവര്‍ക്കു ആ ചോദ്യത്തില്‍ കേള്‍ക്കാനായത്. ‘അതെ, മുഹമ്മദ് അങ്ങനെ പറഞ്ഞു’. അവര്‍ ആവേശത്തോടെ മറുപടി നല്‍കി. ‘ മുഹമ്മദ് നബി അങ്ങനെ പറഞ്ഞെങ്കില്‍ അതൊക്കെയും സംഭവിച്ചിട്ടുണ്ടാകും. ഞാനും അതില്‍ വിശ്വസിക്കുന്നു’ അബൂബക്കര്‍(റ)യുടെ ആ മറുപടിയാണ് അദ്ദേഹത്തെ സ്വിദ്ദീഖ് ആക്കി മാറ്റിയത്. ആ മറുപടി പ്രവാചകരിലും ഇസ്‌ലാമിലും അര്‍പ്പിച്ച വിശ്വാസത്തിനു മുന്നില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പത്തിമടക്കി.

ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് ഇസ്‌ലാമിക ചരിത്രത്തിലും വര്‍ത്തമാനത്തിലും ശ്രദ്ധേയമായ സംഭവമാണ് ഇസ്‌റാഉം മഅ്‌റാജും. പ്രവാചകരുടെ അമാനുഷിക കഴിവുകളില്‍ പ്രധാനപ്പെട്ട ഒന്നായി ഇസ്‌ലാം ഈ സംഭവത്തെ അടയാളപ്പെടുത്തുന്നു. മുസ്‌ലിംകള്‍ക്കിടയിലെ യുക്തിവാദികള്‍ക്ക് പലപ്പോഴും കീറാമുട്ടിയാണ് ഈ സംഭവം. ഖുര്‍ആനിലും ഹദീസുകളിലും വിവരിക്കപ്പെട്ട ഈ സംഭവത്തെ അവര്‍ പല രീതിയില്‍ ‘യുക്തിഭദ്രമാക്കാന്‍’ ശ്രമിച്ചു. ചിലര്‍ നബി തങ്ങളുടെ യാത്രയുടെ അളവ് കുറച്ച് മക്കയില്‍ നിന്നും മസ്ജിദുല്‍ അഖ്‌സ വരെയേ പോയിട്ടുള്ളൂ എന്നു പറഞ്ഞു. മറ്റു ചിലരാവട്ടെ, ഇതൊക്കെയും ഒരു സ്വപ്‌നം മാത്രമാണെന്ന് ആശ്വസിച്ചു. അവരോടോക്കെയുമായി ഖുര്‍ആന്‍ ചോദിച്ചു; ‘ അനുഭവ ജ്ഞാനിയായ നബിയെയാണോ, അനുമാന ജ്ഞാനികളായ നിങ്ങള്‍ അവിശ്വസിക്കുന്നത്?’ അബൂബക്കര്‍മാരെ ‘സ്വിദ്ദീഖുകള്‍’ ആക്കിമാറ്റിയത് പ്രവാചകരുടെ അനുഭവങ്ങളില്‍ അവരര്‍പ്പിച്ച വിശ്വാസത്തിന്റെ ബലമായിരുന്നു. ‘യുക്തി ഭദ്രമാണോ എന്നതല്ല, അങ്ങനെ ഒരനുഭവം പ്രവാചകര്‍ക്കുണ്ടായോ, ആ അനുഭവത്തെ കുറിച്ച് നബി തങ്ങള്‍ പറഞ്ഞോ എന്നതായിരുന്നു അനുചരന്മാരുടെ മാനദണ്ഡം.

ഈയിടെ കേരളത്തിലെ മുസ്‌ലിം യുക്തിവാദികളുടെ പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനത്തില്‍ മുഹമ്മദ് നബി ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ ചെയ്‌തേക്കുമായിരുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് നല്‍കിയിരുന്നു. ഫെയ്‌സ് ബുക്കില്‍ അക്കൗണ്ട് ഉണ്ടാകും, നബി തിരുമേനി ട്വിറ്ററില്‍ സജീവമായിരിക്കും, പ്രഭാഷണങ്ങള്‍ എല്ലാം അപ്പപ്പോള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യും, എക്‌സ്പ്രസ് ഹൈവേക്കെതിരെയുള്ള സമരം നയിക്കും, ഭൂസമരങ്ങള്‍ എവിടെയുണ്ടോ അവിടെ ഓടിയെത്തും, ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും നിര്‍മിച്ചു ഇസ്‌ലാമിക പ്രബോധനത്തെ ചടുലമാക്കും, പ്രബോധനത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ടി വി ചാനലുകള്‍ ആരംഭിക്കും, എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. ലിസ്റ്റ് വായിച്ച മുസ്‌ലിം യുക്തിവാദികള്‍ ആ സാങ്കല്‍പിക പ്രവാചകനെ കുറിച്ച് അഭിമാനം കൊണ്ടു. അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങളൊക്കെ ട്വിറ്ററില്‍ ലൈവായി അപ്‌ഡേറ്റ് ചെയ്യുന്ന ആ നബിയാണ് തങ്ങളുടെ പ്രവാചകനെന്ന് അവര്‍ വിശ്വസിച്ചു. പ്രചരിപ്പിച്ചു.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, ഇക്കാലത്ത് പ്രവാചകര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന അനുമാനപരമായ ചോദ്യം തന്നെ അസ്ഥാനത്താണ്. കാരണം, ഇസ്‌ലാമോ, മുസ്‌ലിം വിശ്വാസങ്ങളോ ഒന്നും തന്നെ അനുമാനപരമല്ല എന്നത് തന്നെ കാരണം. പ്രവാചകര്‍ എന്ന യഥാര്‍ഥ അനുഭവത്തിലെ ‘പോരായ്മകളാണ്’ വേറൊരു കാലത്തെ പ്രവാചകനെ കുറിച്ച് ആലോചിക്കാന്‍ തന്നെ ഇക്കൂട്ടര്‍ക്ക് പ്രേരണ നല്‍കുന്ന പ്രധാന ഘടകം. ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ മക്കയിലും മദീനയിലും ജീവിച്ച പ്രവാചകനെ മതിവരാതെ വരുമ്പോഴാണ് 2016ല്‍ സിലിക്കണ്‍ വാലിയില്‍ ജീവിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് ഇവര്‍ക്ക് സങ്കല്‍പങ്ങള്‍ മെനയേണ്ടി വരുന്നത്. പക്ഷേ, മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പ്രധാനം ഏഴാം നൂറ്റാണ്ടിലെ ആ പ്രവാചകന്‍ 21 -ാം നൂറ്റാണ്ടിലെ ഇക്കൂട്ടരെ കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന ചോദ്യമാണ്. ‘ അനുഭവ ജ്ഞാനിയായ നബിയെയാണോ, അനുമാന ജ്ഞാനികളായ നിങ്ങള്‍ അവിശ്വസിക്കുന്നത്?’ എന്ന ഖുര്‍ആന്റെ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട്.
ഇസ്‌ലാം എന്ന മതത്തെ കുറിച്ചും ജ്ഞാന ശാസ്ത്രപരമായ അതിന്റെ സമീപനങ്ങളെ കുറിച്ചും തെല്ലും ആത്മവിശ്വാസം ഇല്ലാത്ത മുസ്‌ലിം യുക്തിവാദികളാണ് ഇസ്‌ലാമിനെ യുക്തിഭദ്രമാക്കാനുള്ള ഈ പോരാട്ടത്തിന് മുന്നില്‍ ഉള്ളത്. ഈ ആധുനിക കാലത്ത് ഇസ്‌ലാമിന് എന്ത് സംഭവിക്കും എന്ന ആശങ്കയാണ് അവരെ നയിക്കുന്നത്. തങ്ങളുടെ വിശദീകരണങ്ങളും നന്നാക്കലുകളും ഇല്ലെങ്കില്‍ ഇസ്‌ലാമിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയും ശക്തി ക്ഷയിച്ചു പോകുകയും ചെയ്യും എന്നാണിവര്‍ സ്വയം കരുതുന്നത്. അതിനു പരിഹാരമായി ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്ന പ്രധാന മറുമരുന്ന് ഖുര്‍ആനെയും ഹദീസുകളെയും ചരിത്രപരമായ സാഹചര്യങ്ങള്‍ വെച്ച് വായിക്കണം എന്നതാണ്. സത്യത്തില്‍ ഇങ്ങിനെയൊരു വാദം തന്നെയാണ് ഇവരുടെ യുക്തിവാദ പ്രോജെക്ടിലെ വൈരുധ്യത്തെ പുറത്തേക്കു കൊണ്ട് വരുന്നത്. എങ്ങനെയാണ് ഇസ്‌ലാമിനെ ഒരാള്‍ സന്ദര്‍ഭോചിതമായി വായിക്കുക?, ഇസ്‌ലാമിക പ്രമാണങ്ങളെ എങ്ങനെയാണ് ഒരാള്‍ ചരിത്രവത്കരിക്കുക?

ഖുര്‍ആനെ മുഴുവനായും അല്ലാഹു നേരത്തെ ഒരുക്കൂട്ടുകയും ഘട്ടംഘട്ടമായി പ്രവാചകരിലേക്കു എത്തിക്കുകയും ചെയ്തു എന്നാണു മുസ്‌ലിംകളുടെ വിശ്വാസം. നാം ഇക്കാലത്ത് മനസ്സിലാക്കുന്നത് പോലെ സന്ദര്‍ഭോചിതമായി ഇറങ്ങിയതാണ് ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്ന വാദത്തെ വെല്ലുവിളിക്കുന്നതാണ് ഈ വിശ്വാസം. സന്ദര്‍ഭം എന്നാല്‍ ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം എന്താണ്?, നേരത്തെ ഒരുക്കൂട്ടിയ ഖുര്‍ആന്‍ പിന്നീടുണ്ടായ സന്ദര്‍ഭം അനുസരിച്ച് മനുഷ്യ സമൂഹത്തിലേക്ക് അല്ലാഹു അയച്ചു എന്നാണോ? അങ്ങനെയെങ്കില്‍ സന്ദര്‍ഭം എന്ന പരികല്‍പനയെ തന്നെ അത് കീഴ്‌മേല്‍ മറിക്കുന്നില്ലേ? അപ്പപ്പോള്‍ ഉണ്ടാകുന്ന അവസ്ഥകളെയാണല്ലോ നാം സന്ദര്‍ഭം എന്നു വിളിക്കാറുള്ളത്. അപ്പപ്പോള്‍ ഉണ്ടാകുന്ന അവസ്ഥകളെ അല്ലാഹു നേരത്തെ തന്നെ ചിട്ടപ്പെടുത്തുകയും അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ ഖുര്‍ആനിക സൂക്തങ്ങളെ തയ്യാറാക്കുകയും ചെയ്തു എന്നാണെങ്കില്‍, എന്തിനെയാണ് നാം സന്ദര്‍ഭം എന്നു വിളിക്കേണ്ടത്? അപ്പപ്പോള്‍ ഉണ്ടായേക്കാവുന്ന അവസ്ഥകളെ ഖുര്‍ആന്‍ നേരത്തെ മനസ്സിലാക്കുന്നു എന്നാണെങ്കില്‍ ഖുര്‍ആന്റെ ആ മനസ്സിലാക്കലിന് പരിധിയുണ്ടോ?, പ്രവാചകരുടെ കാലത്തേക്കു മാത്രം പരിമിതമാണോ സന്ദര്‍ഭത്തെ കുറിച്ചുള്ള ഖുര്‍ആന്റെ നേരത്തെയുള്ള കണക്കു കൂട്ടലുകള്‍?, ഇനിയതല്ല, യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചരിത്രവത്കരിക്കേണ്ടതാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ എന്നാണെങ്കില്‍ ആ ചരിത്രവത്കരണം നാം എവിടെ നിന്നാണ് തുടങ്ങേണ്ടത്? ജിബ്‌രീല്‍ മുഖേന അല്ലാഹു ഇറക്കിയതാണ് ഖുര്‍ആനിക അധ്യാപനങ്ങള്‍ എന്ന വാദത്തെ ചരിത്രവത്കരിക്കാതെ, ഖുര്‍ആനിലെ ഏതാനും സൂക്തങ്ങളെ മാത്രം ചരിത്രവത്കരിച്ചാല്‍ മതിയോ?, ദിവ്യബോധനം ലഭിച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബി എന്ന വാദത്തെ ചരിത്രവത്കരിക്കാതെ പ്രവാചകര്‍ പറഞ്ഞ ഹദീസുകളുടെ ചരിത്രവത്കരണം പൂര്‍ത്തിയാകുമോ? മതത്തിനകത്തെയും പുറത്തെയും യുക്തിവാദികളുടെ ഇസ്‌ലാമിക വിമര്‍ശം എങ്ങനെയൊക്കെയാണ് സമരസപ്പെട്ടു പോകുന്നത് എന്നു മനസ്സിലാക്കാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഒപ്പം പല ‘ഇസ്‌ലാമിസ്റ്റുകളും’ തങ്ങളെ കുറിച്ച് സ്വയം കരുതുന്നതു ആധുനികതയുടെ വിമര്‍ശകര്‍ എന്നു കൂടിയാണ്. പക്ഷെ സൂക്ഷ്മ തലത്തില്‍ ആധുനികതയുടെ ജ്ഞാന രൂപങ്ങളും സിദ്ധാന്തങ്ങളും സമീപനങ്ങളും തന്നെയാണ് ആത്യന്തികമായി ഇസ്‌ലാമിനെ കുറിച്ച് ഇക്കൂട്ടര്‍ക്കും ഉള്ളത് എന്നു മനസ്സിലാക്കാനും ഈ ചോദ്യങ്ങള്‍ സഹായിക്കും.

ഇക്കാര്യങ്ങളെല്ലാം ഇത്രയും വിശദീകരിച്ചു പറയാന്‍ കാരണം, പത്ര മാധ്യമങ്ങളില്‍ ഈയിടെയായി നിറഞ്ഞു നില്‍ക്കുന്ന മുസ്‌ലിം മതപ്രഭാഷണങ്ങളെ കുറിച്ചുള്ള ട്രോളുകള്‍ ആണ്. ഉദാഹരണത്തിന് ഏറ്റവും അവസാനമായി വന്ന ഒരു സോഷ്യല്‍ മീഡിയ ട്രോള്‍ എടുക്കുക. നബിയെ സ്വപ്‌നത്തില്‍ ദര്‍ശിച്ചയാളോട് ടി വി വാര്‍ത്ത കണ്ടതില്‍ നബി അനിഷ്ടം പ്രകടിപ്പിച്ചു എന്നതായിരുന്നു പ്രഭാഷണത്തിലെ ഉള്ളടക്കം. ടി വി വാര്‍ത്ത കാണുന്നതിന് പോലും ഇസ്‌ലാം എതിരാണ് എന്ന മട്ടിലാണ് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയത്. പത്ര മാധ്യമങ്ങളെ, പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള ഒരു വിശ്വാസം അവ വളരെയധികം അപ്ടുഡേറ്റ് ആണ് എന്നതാണ്. പക്ഷേ, ഇസ്‌ലാമിക പ്രഭാഷണങ്ങളെ കുറിച്ചുള്ള ഈ ട്രോളുകള്‍ നോക്കൂ. നാലും അഞ്ചും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന പ്രഭാഷണങ്ങളെ കുറിച്ചാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്. അങ്ങനെ വൈകി വാര്‍ത്തകള്‍ വരുന്നു എന്നതില്‍ മുസ്‌ലിംകള്‍ക്കു ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ഇല്ല തന്നെ. പക്ഷേ, ഇസ്‌ലാമിനെ കുറിച്ചാകുമ്പോള്‍ എന്തുകൊണ്ടാണ് പഴയ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു പ്രിയങ്കരമാകുന്നത് എന്നത് കൗതുകകരമായ ചോദ്യം തന്നെയാണ്.
നബിയെ സ്വപ്‌നത്തില്‍ ദര്‍ശിച്ചയാളോട് ടി വി വാര്‍ത്ത കണ്ടതില്‍ നബി അനിഷ്ടം പ്രകടിപ്പിച്ചു എന്നതില്‍ ടി വി കാണുന്നതിന് ഇസ്‌ലാമും അതിന്റെ പ്രവാചകനും എതിരാണ് എന്നതിലായിരുന്നു വാര്‍ത്തകളുടെയും ട്രോളുകളുടെയും ഊന്നല്‍. കാഴ്ചക്കാരുടെയും വായനക്കാരുടെയും എണ്ണത്തിനനുസരിച്ചു പരസ്യ വരുമാനവും മറ്റും കിട്ടുന്ന മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ടി വിയും പത്രവും വായിക്കുന്നതില്‍ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു പ്രവാചകനോടുള്ള കലിപ്പ് സ്വാഭാവികമായും ഉണ്ടാകുമല്ലോ. അതാണല്ലോ അതിന്റെയൊരു പൊളിറ്റിക്കല്‍ ഇക്കോണമി. പക്ഷേ, ടി വി വാര്‍ത്തയോടുള്ള അനിഷ്ടം എന്നത് പ്രസ്തുത പരാമര്‍ശത്തിലെ വാലറ്റമാണ്. മര്‍മ്മം നബിയും സ്വപ്‌നവുമാണ്. അല്ലാഹുവില്‍ നിന്ന് ജിബ്‌രീല്‍ വഴി ദിവ്യബോധനം ലഭിച്ച, അന്ത്യപ്രവാചകനായ നബി. ട്രോളുമ്പോള്‍ തുടക്കത്തില്‍ നിന്നേ ട്രോളണ്ടേ. ടി വി കാണുന്നവരോട് നബിക്കു അനിഷ്ടം ഉണ്ട് എന്ന വിശ്വാസമൊക്കെ വരുന്നത് തന്നെ അബ്ദുല്ലയുടെയും ആമിനാ ബീവിയുടെയും മകന്‍ മുഹമ്മദ്, ‘നബി’യാണ് എന്ന വിശ്വാസത്തില്‍ നിന്നാണല്ലോ. ആ വിശ്വാസത്തെ ട്രോളാതെ എങ്ങനെയാണ് കൂട്ടരേ നിങ്ങളിങ്ങനെ വാലറ്റത്തില്‍ മാത്രം പിടിച്ചു തൂങ്ങുന്നത്? എല്ലാവിധ ‘അന്ധവിശ്വാസങ്ങളുടെയും’ ആധാരമായ അത്തരം അടിസ്ഥാനപരമായ വിശ്വാസങ്ങളെ ട്രോളാനുള്ള ആത്മവിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് വെറുതെ വയ്യാവേലക്കിറങ്ങുന്നത്?

കേരളത്തില്‍ ഇസ്‌ലാം വന്നതുമായി ബന്ധപ്പെട്ട് പ്രബലമായ വിശ്വാസം പ്രവാചകന്‍ ചന്ദ്രനെ പിളര്‍ത്തിയത് ചേരമാന്‍ പെരുമാള്‍ എന്ന രാജാവ് കണ്ടു എന്നതാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ട്രോളന്മാര്‍ക്കും ഇതിനേക്കാള്‍ മികച്ച ഒരു വിഭവം വേറെയുണ്ടോ? കൈ ചൂണ്ടി ചന്ദ്രനെ പിളര്‍ത്തുക, അതിങ്ങു കേരളത്തില്‍ ഉള്ള ഒരു രാജാവ് കാണുക, അത് മുഹമ്മദ് എന്ന പ്രവാചകന്റെ ദിവ്യ പ്രവര്‍ത്തിയാണ് എന്നു അദ്ദേഹം പിന്നീട് അറിയുക. ആ പ്രവാചകനെ കാണാന്‍ രാജാവ് മക്കയിലേക്ക് പോവുക, ഇസ്‌ലാം സ്വീകരിക്കുക, വരുന്ന വഴിയേ മരണപ്പെടുക, ഒമാനില്‍ ആ രാജാവിന്റെ ഖബറിടം വിശ്വാസികളുടെ സന്ദര്‍ശന കേന്ദ്രമാകുക, ഹമ്പമ്പൊ, ട്രോളാന്‍ ഇതിലും മികച്ച മറ്റെന്തെങ്കിലും വിഭവം വേണോ?
യുക്തിയെ ദൈവമാക്കിയവര്‍ക്കും സാക്ഷാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ക്കും അങ്ങനെയൊക്കെയാകാം. എന്നാല്‍, മുസ്‌ലിംകളിലെ പരിഷത്തുകാര്‍ക്കും ‘പുറത്ത് ഉമേഷ് ബാബുവും അകത്ത് എം എം അക്ബറു’മായി നടക്കുന്നവരും ഇങ്ങനെയൊക്കെ പറഞ്ഞാലോ? ജിന്നിന്റെ കഴിവിന്റെ പരിധിയെ ചൊല്ലി രണ്ടായി പിളര്‍ന്ന പുരോഗമനവാദികളും മതപ്രഭാഷകരെ പരിഹസിക്കാനിറങ്ങിയിട്ടുണ്ട് എന്നതാണ് വിചിത്രം. ജിബ്‌രീല്‍ എന്ന മലക്ക് ദൈവത്തിന്റെ സന്ദേശങ്ങളുമായി ഇടക്കിടെ വെളിപ്പെടുമായിരുന്നുവെന്നു തുടങ്ങി ഒരുപാട് സാമാന്യയുക്തിക്ക് ഉപരിയായ കാര്യങ്ങള്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഇതിലൊക്കെ എന്ത് അനൗചിത്യം! കാര്യങ്ങളുടെ മര്‍മ്മം കിടക്കുന്നതു മറ്റൊരിടത്താണ്. ഇക്കാലത്തു പ്രവാചകന്‍ വന്നു ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ആഹ്ലാദിക്കുന്ന എല്ലാ മുസ്‌ലിം യുക്തിവാദികളുടെയും സന്തോഷം കെടാന്‍, ഇക്കാലത്ത് ജീവിച്ചിരിക്കുന്ന ഒരു പണ്ഡിതന്‍ പ്രവാചകനെ സ്വപ്നത്തില്‍ കണ്ടു എന്നറിഞ്ഞാല്‍ മതി. അപ്പോള്‍ ട്വിറ്ററില്‍ കാണാം. സ്വാതികനായ ഒരു പണ്ഡിതന്റെ സ്വപ്നത്തില്‍ നബിയെ കാണാന്‍ പറ്റില്ല എന്നു ചുരുക്കം.

പിന്നെ ഇതൊക്കെ ഇക്കാലത്ത് പുറത്തിങ്ങനെ പ്രസംഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്നവരാണ് ഒരു കൂട്ടര്‍. ഫാസിസത്തിന്റെ കാലത്തു മറ്റു മുസ്‌ലിംകള്‍ക്കൊന്നും ചോദ്യങ്ങള്‍ ചോദിക്കാനോ നേരെ ചൊവ്വേ പ്രതിരോധിക്കാനോ ആത്മവിശ്വാസം ഇല്ല എന്നു പരാതിപറയുന്നവരാണ് ഇവര്‍. എന്നാലോ, സ്വന്തം വിശ്വാസത്തെ കുറിച്ച് നേരെ ചൊവ്വേ നിന്ന് ആരെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും ഇക്കൂട്ടരുടെ മുട്ടുവിറക്കും. വഹ്‌യിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും ഖബറിലെ ചോദ്യത്തെ കുറിച്ചും ശിക്ഷയെ കുറിച്ചുമെല്ലാം ടി ടി ശ്രീകുമാറും കെ കെ ബാബുരാജും മനുഷ്യാവകാശ ഏകോപന സമിതിയിലെ തലതൊട്ടപ്പന്മാരുമൊക്കെ കേട്ടാല്‍ എന്ത് കരുതും? ഇങ്ങനെ സ്വന്തം ആത്മവിശ്വാസമില്ലാത്തവരില്‍ ചിലര്‍ തന്നെയാണ് മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസമുണ്ടോ എന്നൊക്കെ ചോദിക്കുന്നത് എന്നതാണ് വിരോധാഭാസം. അതെങ്ങിനെ ഇല്ലാതിരിക്കും? വിരോധഭാസമാണല്ലോ മുസ്‌ലിം യുക്തി/പുരോഗമന വാദങ്ങളുടെ കൊടിയടയാളം.
നിയമപരമായി പ്രൊഫസര്‍ എന്നു പ്രയോഗിക്കാന്‍ അവകാശമില്ലാത്ത, എന്നാല്‍ ഏതു ചെറിയ കുറിപ്പും പ്രൊഫസര്‍ എന്ന വിശേഷണമില്ലാതെ എഴുതാന്‍ കഴിയാത്ത ഒരു മുസ്‌ലിം പോരാളിയുണ്ട്. കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരെ ‘ഉസ്താദ്’ എന്നു വിളിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ഈയിടെ ഒരു കുറിപ്പെഴുതി. നിയമപരമായി ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത പ്രൊഫസര്‍ എന്ന വിശേഷണം വെച്ചാണ് ഉസ്താദ് എന്ന വിളിയെ ആ പോരാളി പ്രൊഫസര്‍ പരിഹസിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീഴുന്നത് കണ്ടപ്പോള്‍ സാമ്രാജ്യത്വത്തിന്റെ ഒരു ബിംബം തകരുകയല്ലേ എന്നു ആഹ്ലാദിക്കുമാറ് പാശ്ചാത്യ വിരോധിയാണ് പഴയ ഈ ആംഗലേയ അധ്യാപകന്‍. പക്ഷേ നോക്കൂ, കേരളത്തിലെ ഒരു പാരമ്പര്യ മുസ്‌ലിം പണ്ഡിതനെ കുറിച്ച് പറയുമ്പോഴേക്കും ‘പ്രൊഫസറുടെ’ ജ്ഞാന ശാസ്ത്രത്തിന്റെ രൂപവും ഭാവവും മാറും. ഒരു ഓറിയന്റലിസ്റ്റിന്റെ പകയും പ്രതിരോധവും ആകും പിന്നെ. അത്രയൊക്കെ ദൂരമേ മുസ്‌ലിം പുരോഗമന/യുക്തി വാദങ്ങള്‍ക്ക് പോകാന്‍ കഴിയൂ. ആ പരിമിതി തിരിച്ചറിഞ്ഞവരാണ് സുന്നികള്‍. അതുകൊണ്ട്, ഖുര്‍ആന്റെ ബോധനം ഏറ്റുവാങ്ങിയിരുന്നെങ്കില്‍ മലകള്‍ തകര്‍ന്നു തരിപ്പണമായിപ്പോകുമായിരുന്നു എന്ന ഖുര്‍ആന്‍ വചനത്തെ ട്രോളാതെ, മുസ്‌ലിം പണ്ഡിതന്റെ ഗനഗാംഭീര്യ ശബ്ദം താങ്ങാതെ ആംപ്ലിഫയര്‍ കത്തിപ്പോയി എന്ന അനുഭവത്തെയൊന്നും ട്രോളാന്‍ വന്നേക്കരുതേ. ഇങ്ങനെ വഴിമധ്യേ കൂടാതെ, ആദ്യമേ തുടങ്ങൂ. കാര്യങ്ങള്‍ക്കൊക്കെ സ്ഥായിയായ ഒരു ലോജിക് വേണ്ടേ.

 

ലുഖ്മാന്‍ കരുവാരക്കുണ്ട്‌