Connect with us

Sports

വിനീത് കസറി, ബെംഗളുരു എഫ് സിക്ക് ആദ്യ ഹാട്രിക്ക് !

Published

|

Last Updated

ബെംഗളുരു: ഐ ലീഗ് ഫുട്‌ബോളില്‍ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീത് ഹാട്രിക്ക് നേടി തകര്‍ത്താടിയപ്പോള്‍ ബെംഗളുരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുംബൈ എഫ് സിയെ തകര്‍ത്തു.

ബെംഗളുരു എഫ് സിയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്കാണിത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആദ്യ ഗോള്‍ വിനീത് നേടുന്നത്.
അമ്പത്തേഴാം മിനുട്ടിലും അറുപത്തഞ്ചാം മിനുട്ടിലും വിനീത് ഗോളടി തുടര്‍ന്നതോടെ പുതുചരിതം പിറന്നു. ബെംഗളുരുവിന്റെ മുന്‍ കോച്ച് ആഷ്‌ലി വെസ്റ്റ് വുഡും മുംബൈ എഫ് സിയുടെ മുന്‍ കോച്ച് ഖാലിദ് ജമീലും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഈ ക്ലബ്ബുകളുടെ പോരാട്ടത്തിന് വലിയ മാത്സര്യപ്രാധാന്യം നല്‍കിയിരുന്നു.
പുതിയ പരിശീലകര്‍ക്ക് കീഴില്‍ പോരാട്ടത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടപ്പോള്‍ മുംബൈ എഫ് സി കോച്ച് സന്തോഷ് കശ്യപ് ഞെട്ടിച്ചു.
ബെംഗളുരുവിന്റെ അറ്റാക്കിംഗ് നീക്കങ്ങളെയെല്ലാം വിദഗ്ധമായി തടഞ്ഞ മുംബൈ ടീം മേധാവിത്വം സ്ഥാപിച്ചു. ബെംഗളുരുവിന്റെ നീക്കങ്ങളെല്ലാം തന്നെ എതിര്‍ ബോക്‌സിന് പുറത്ത് വെച്ച് അവസാനിച്ചു. അസ്വസ്ഥരെ പോലെയാണ് ഹോം ടീം പന്ത് തട്ടിയത്.
എന്നാല്‍, ഒരു ഗോള്‍ നേടേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ മുംബൈയുടെ താളം തെറ്റാന്‍. വാട്‌സന്റെ ക്രോസ് ബോളില്‍ വിനീതിന്റെ ഫസ്റ്റ് ടൈം വോളി വല കുലുക്കി.
രണ്ടാം പകുതിയില്‍ കാബ്രയുടെ രണ്ട് നീക്കങ്ങള്‍ അവസരോചിത ഫിനിഷിംഗിലൂടെ വിനീത് ഗോളാക്കി മാറ്റിയതോടെ ബെംഗളുരു എഫ് സി ക്ലബ്ബ് ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് പിറന്നു.